Friday, December 24, 2010

A painting in my room-just finished...

വെണ്‍ശംഖുകള്‍ ഉണ്ടാകുന്നത്


ഹൃദയം ഒരുനാള്‍ മെഴുകായുരുകി
നിന്‍ പ്രണയത്തിന്‍ ചൂടില്‍ പുഴയായൊഴുകി
പുഴയിലെയോളങ്ങള്‍ പോലെ വികാരങ്ങള്‍
അല തല്ലിയോഴുകാന്‍ തുടങ്ങി ...

ഇരുകരയിലുമായ് നിന്‍ മുല്ലവള്ളികള്‍
പൂത്തു തളിര്‍ക്കാന്‍ തുടങ്ങി ..
പിന്നൊരു പൂമാല പണിയാനൊരുങ്ങി.
ഇരു ഹൃദയങ്ങളുമൊന്നായ് മാറി ...
ഇഴചേര്‍ന്നോഴുകാന്‍ തുടങ്ങി.

വേനല്‍ വന്നിട്ടും വസന്തം പിറന്നിട്ടും
വറ്റാതെ വരളാതെയൊഴുകി..
പുഴ പിന്നൊരുനാളാഴിയിലെത്തി..
ആഴി തന്‍ കുളിരില്‍ ഹൃദയങ്ങളായി ..!
വീണ്ടും വെണ്‍ശംഖുകളായി ജനിച്ചു..

പിന്നെ പ്രണയപ്രതീകമായ് നിന്നു .
...

Thursday, December 2, 2010

നിന്റെ മനസ്സിലേക്ക് പടരാതിരിക്കാന്‍ .

ഞാനെരിയുന്ന ചിതക്കരികില്‍ നീ വന്നു നിക്കുമ്പോള്‍ ...
അഗ്നിയോടു പറയണം എന്നെ വേദനിപ്പിക്കാതിരിക്കാന്‍ .
എന്റെ ഓരോ കണങ്ങളില്‍ നിന്നുമുയരുന്ന
പുകപടലങ്ങലോടു പറയണം എന്നെ ശ്വാസം മുട്ടിക്കാതിരിക്കാന്‍...
നിന്നെ നോക്കി ചിരിക്കുന്ന കനലിനോടു പറയണം ...
എന്റെ ഹൃദയത്തെ ഉരുക്കിക്കളയാതിരിക്കാന്‍.
ഒരു പിടിയിലമരുന്ന വെണ്ണിരിനോടോതണം ...
എന്റെ ചിന്തകളെ മറയ്ക്കാതിരിക്കാന്‍...
പിന്നെ അസ്ഥികള്‍ പെറുക്കുമ്പോള്‍...
അവയ്ക്കിടയില്‍ കൊച്ചു കുറിഞ്ഞിപ്പൂക്കള്‍ കണ്ടാല്‍
അവയോടു പറയണം നിന്റെ മനസ്സിലേക്ക് പടരാതിരിക്കാന്‍ ...

Tuesday, November 30, 2010

കിടക്കവിരിയില്‍ വീണ ചുളിവുകള്‍

ഇന്നലെ രാത്രിയില്‍
നിന്റെ സ്വപ്നത്തില്‍ കടന്നു പോയ ...
ആയിരം പൂമ്പാറ്റകളില്‍ ഒന്ന്‍ ഞാനായിരുന്നു ..
പിന്നെ നീ കൈകള്‍ മുറുക്കിപ്പിടിച്ച്പ്പോള്‍
അറിയാതെ ചുംബനങ്ങള്‍ തന്നപ്പോള്‍ ..
തിരിഞ്ഞും മറിഞ്ഞും കിടന്നപ്പോള്‍ ...
കിടക്ക വിരിയില്‍ വീണ ചുളിവുകള്‍ക്ക്..
ഇന്നലെ രാത്രിയിലെ എന്റെ കിടക്ക വിരിയിലെ
ചുളിവുകളുടെ അതേ രൂപമായിരുന്നു...!

Tuesday, November 23, 2010

ഇനി സുനാമികള്‍ വരാതിരിക്കട്ടെ !

പ്രണയം സുനാമികള്‍ പോലെ ....
വരുന്നത് ഓര്‍ക്കാപ്പുറത്ത് ആയിരിക്കും .
അതിഘോരമായി ...അലയടിച്ച്
പിന്നെ ജീവനും കാര്‍ന്നു തിന്ന്‍ മടങ്ങും ..!
മോഹങ്ങളെ മുക്കിക്കൊന്ന്‍ ,
ഇഷ്ടങ്ങളെ ശ്വാസംമുട്ടിച്ച് ,
സുനാമി തിരിച്ചു പോകും ...

ഇനി സുനാമികള്‍ വരാതിരിക്കട്ടെ !

Friday, November 12, 2010

നവയുഗ ദമ്പതികള്‍

സെമിനാറുകള്‍ക്കും പ്രസന്റെഷനുകള്‍ക്കും മദ്ധ്യേ
ഞങ്ങള്‍ കണ്ടുമുട്ടി ....
വിമാനത്തിന്റെ ഗോവണിപ്പടികളില്‍ ...
വട്ടമേശയുടെ എതിര്‍ഭാഗങ്ങളില്‍ ...
പിസ്സാ കോര്‍ണറിലെ ചുവപ്പ് പിടിച്ച കസേരകളില്‍ ...
ഹൈവെയിലെ തിരക്കുപിടിച്ച ആള്‍ക്കൂട്ടത്തിനു നടുവില്‍ ....
കോണ്‍കോളുകളുടെ ഘനം പിടിപ്പിക്കുന്ന ചൂടില്‍ ....
പിന്നെ ചിലപ്പോള്‍ കോക്ക്ടയ്ല്‍ പാര്‍ടികളുടെ
ഭ്രമാത്മകമായ ആഘോഷവേളകളില്‍...

പിന്നെ എന്നും ഒരു കട്ടിലിന്റെ രണ്ട്ട് ധ്രൂവങ്ങളിലായി..!

കാരണം ......
നിന്റെ മടിതട്ടുകള്‍ക്ക് ലാപ് ടോപിന്റെ ചൂടും
നിന്റെ ചെവികള്‍ക്ക് ബ്ലൂടൂത്തിന്റെ ഗന്ധവുമായിരുന്നു
നിന്റെ നോട്ടങ്ങള്‍ക്ക് ഒരു ഹിദ്ദന്‍ കാമറയുടെ ക്രൂരതയും
നിന്റെ സ്പര്‍ശങ്ങള്‍ക്ക് ഒരു ലേസര്‍ രശ്മിയുടെ തീക്ഷനതയുമായിരുന്നു
ഒരിക്കലുമടുക്കാത്ത രണ്ടു കാന്തിക മണ്ഡലങ്ങള്‍ പോലെ ..
ഞങ്ങള്‍ രണ്ടു ബാല്കനികളിലായി രണ്ടു ഭാഗത്തേക്ക് നോക്കി നിന്നു!!!

സമര്‍പ്പണം - ഒന്ന് കാണാന്‍ പോലും നേരമില്ലാത്ത നവയുഗ ദമ്പതികള്‍ക്ക്

Sunday, November 7, 2010

ചിന്തകള്‍ വഴി പിരിഞ്ഞത് ..

എന്തിനാണ് വന്നതെന്ന് മനസ്സിലായില്ല ...
പക്ഷെ ...അവള്‍ക്ക് എന്റെ കവിത വേണമായിരുന്നു ..
കവിതക്കുള്ളിലെ അര്‍ഥം വെച്ചുള്ള നോട്ടം വേണമായിരുന്നു ...
ആരെയും ചൂഴ്ന്നെടുക്കുന്ന കടുപ്പം വേണമായിരുന്നു ..
പ്രണയത്തിന്റെ ചുടുനിശ്വാസം വേണമായിരുന്നു ...

ഇതെല്ലാം കൊടുക്കാന്‍ ഞാന്‍ തയ്യാറുമായിരുന്നു..
എന്റെ സ്നേഹവും എന്റെ കവിതകളും ഒരൊഴിഞ്ഞ
സമ്മാനമാണ്‌ എന്നറിഞ്ഞു കൊണ്ടു തന്നെ...

പക്ഷെ എന്റെ വഴികള്‍ കാട്ടുവഴികളും..
അവളുടേത് നാട്ടുവഴികളുമായിരുന്നു..
എന്റെ പ്രണയം അന്ധവും...
അവളുടേത് അനന്തവുമായിരുന്നു !
അര്‍ഥം ഒന്നായിരുന്നെങ്കിലും ...
വാക്കുകള്‍ക്ക് ദിശ വേറെയായിരുന്നു !!
അവിടെ വെച്ചായിരിക്കാം ഞങ്ങളുടെ ചിന്തകള്‍ വഴി പിരിഞ്ഞത് ...
ഒടുവില്‍ ആര്‍ക്കോ വേണ്ടി ജീവിച്ചു മരിച്ചത് ....

Friday, October 22, 2010

ഞങ്ങളോടിത് വേണ്ടായിരുന്നു..

അയ്യപ്പേട്ടാ...
ഞങ്ങളോടിത് വേണ്ടായിരുന്നു..
ഇതിനു വേണ്ടിയായിരുന്നെങ്കില്‍ ഇങ്ങോട്ട് വന്നതെന്തിന്?
കവിതയെന്ന കാരിരുമ്പ് കയ്യില്‍ തന്നതെന്തിന്?
സ്നേഹത്ത്തിന്റെയര്‍ത്ഥം ഓതി തന്നതെന്തിന് ?
ഒരു കൊച്ചു തോള്‍സഞ്ചി വീടാക്കി ...
ഇടനെഞ്ചിലൊരു ശ്രുതി മീട്ടി ...
മഴയ്ക്ക് പനിക്കും വരെയത് നനഞ്ഞ്..
നിന്‍ ഹൃദയം പങ്കു വെച്ചതെന്തിന് ???

ആകാശ മുകളിലെ മാലാഖമാരെ ...
സൂക്ഷിച്ചോളിന്‍...ഒരു നട്ടെല്ലുള്ള മനുഷ്യന്‍ വരുന്നുണ്ട് ..!

സമര്‍പ്പണം: ശ്രീ. എ. അയ്യപ്പന്

സ്നേഹത്തിന്റെ കൊടി

സ്നേഹത്തിന്റെയും സമത്വത്തിന്റെയും മുദ്രാവാക്യങ്ങള്‍
മുഴക്കിയ ഒരു ചുവന്ന കൊടി ഇന്നലെ വഴിയില്‍ വീണു കിടപ്പുണ്ടായിരുന്നു ..
എല്ലാവരാലും ചവുട്ടി മെതിക്കപ്പേട്ട് ..
ആരാലും ശ്രദ്ധിക്കപ്പെടാതെ ..
ചെളി പിടിച്ച് ,ജ്വരം കനത്ത്
കീറി ,കരി പുരണ്ട്
കൊരവള്ളി പൊട്ടി, ശ്വാസമറ്റ്
പിന്നെ പൊതുകക്കൂസിന്റെ വാടയടിക്കുന്ന വരാന്തയില്‍
ബസ്സ് സ്ടാന്റിനു പിന്നിലെ അനംഗ്രീഗൃത മൂത്രപ്പുരയില്‍
അവസാനം തുരുമ്പെടുത്തു നശിച്ച ചവറ്റുകൂനക്ക് പിറകില്‍

മനസ്സ് മന്ത്രിക്കുന്നുണ്ടാവും ...ആരും കാണരുതേ എന്ന്‍..
ഈഗോ കൊണ്ടല്ല! കണ്ടാല്‍ വീണ്ടും വലിച്ചു കീറിയാലോ!!!

Thursday, October 21, 2010

താമരകള്‍ ...ഇത് എന്റെ വര അല്ല ..പക്ഷെ എന്റെ അടുത്ത ചിത്രത്തിന്റെ പ്രചോദനം ആണിത്

ഇതുകൊണ്ടാണ് ഞാന്‍ സര്‍റിയലിസം ഇഷ്ടപ്പെടുന്നത് ..

എന്താണ് കാമം?

എന്താണ് കാമം?

വെറി പിടിച്ച നോട്ടം?
ഉയര്‍ന്നു പൊങ്ങുന്ന ഹോര്‍മോണ്‍ ?
മാംസക്കൊതി വെച്ചുള്ള വര്‍ത്തമാനം?
അറിയാത്തതിനോടുള്ള അഭിനിവേശം?

അതോ...

ഒരു പ്രത്യുല്പാദന മാര്‍ഗം?
പ്രണയത്തിന്റെ പാരമ്യത?
ജീവനത്തിന്റെ അനിവാര്യത?
ഒരു നിയന്ത്രണ രേഖ ?

ഒരു ചെറിയ സംശയം ബാക്കി നില്‍ക്കുന്നു..
രണ്ടു പേര്‍ക്കും കാമം തോന്നിയാല്‍ അത് കാമമോ അതോ...?
വേണ്ട...ദീക്ഷ നീട്ടി വളര്‍ത്തി സന്യസിക്കാന്‍ പോകുന്നതാണ് എളുപ്പം
പിന്നെ ഇതിനു ഉത്തരം കാണണ്ടല്ലോ. !

Tuesday, October 19, 2010

ബാലറ്റുപേപ്പര്‍: ഒരു ചരമക്കുറിപ്പ്‌


എണ്റ്റെ ഓര്‍മകളില്‍ എന്നും നീയുണ്ടായിരുന്നു...
വെള്ളയായ്‌, മഞ്ഞയായ്‌, നീലയായ്‌..
മടക്കിയത്‌,മടക്കാത്തത്‌..
നീളമുള്ളത്‌, വളരെ ചെറുത്‌
കൈപ്പത്തിയും അരിവാളുമുള്ളത്‌...
താമര വിരിഞ്ഞു നില്‍ക്കുന്നത്‌..
ആന, തെങ്ങ്‌, കുട, കണ്ണട..
ഫാന്‍, ടോര്‍ച്ച്‌, ബള്‍ബ്‌..അങ്ങനെ എന്തെല്ലാം..

ഒരു കൊച്ചു തടിക്കഷ്ണത്തില്‍ മഷി പുരട്ടി,
ഞങ്ങള്‍ നിന്നെ ആഞ്ഞു കുത്തി
ചിലപ്പോള്‍ ആനയില്‍ ചിലപ്പോള്‍ കുതിരയില്‍!

ഞങ്ങളുടെ തീ പോലത്തെ കണ്ണുകള്‍..
നിന്നെ പേടിപ്പെടുത്തിയിരുന്നോ?
ഞങ്ങളുടെ ചൂടു പിടിച്ച വാക്കുകള്‍..
നിന്നെ ദേഷ്യം പിടിപ്പിച്ചിരുന്നോ?
ആ ഘനം പിടിച്ച കടുത്ത മഷിക്കൂട്ട്‌..
നിന്നെ ശ്വാസം മുട്ടിച്ചിരുന്നോ?

പിന്നെ എന്താണ്‌ നീ പറയാതെ പോയത്‌?
ഒരു കട്ടിയുള്ള പ്ളാസ്റ്റിക്‌ കൂടിനുള്ളില്‍
പീ പീ ശബ്ദവും നിറച്ച്‌ നീ വന്നതെന്താണ്‌?
നിണ്റ്റെ വേദനകള്‍ നീയും വിളിച്ചു പറയുന്നതാണൊ?
അതോ ഈ രാഷ്ട്റീയ ദുരവസ്ഥ കണ്ട്‌ അലറിക്കരയുന്നതാണോ?

എന്തായാലും നീയില്ലാതെ, ഈ ഈലക്ഷനു ചൂടില്ല..ചൂരില്ല..
പക്ഷെ ഇന്നു രാവിലേയും ആ ബട്ടണില്‍ വിരലമറ്‍ത്തിയപ്പോള്‍..
നീയലറിക്കരഞ്ഞപ്പോള്‍...പിടഞ്ഞത്‌ എണ്റ്റെ ഉള്ളായിരുന്നു..
തകറ്‍ന്നത്‌ എണ്റ്റെ ബാല്യവും എണ്റ്റെ കൌമാരവുമായിരുന്നു

പ്രിയപ്പെട്ട മഹാബലി...

കാവും കുളവുമുള്ള നാട്ടിലെ
പച്ച വിരിച്ച പാടങ്ങളില്‍...
ചേക്കുപാട്ടിന്റെ അകമ്പടിയോടെ
ചെളി തെറിപ്പിച്ചു കളിച്ചതും...

മുളവേലിക്കരികില്‍ പടര്‍ന്നുനിന്ന
കണ്ണാന്തളിപ്പൂക്കള്‍ പറിക്കാന്‍ ചെന്നപ്പോള്‍...
നീര്‍ക്കോലിപ്പാമ്പിനെ കണ്ടു പേടിച്ചതും...

അമ്പലപ്പറമ്പില്‍ നിന്ന് തുമ്പക്കുടം പറിച്ച്‌
ഈറ്റക്കുട്ടയിലാക്കി വീടു തോറും കയറി നടന്നതും
ചുവന്ന വെള്ളത്തുള്ളികള്‍ അലകുപിടിപ്പിച്ച പോലുള്ള
അത്തപ്പൂ വെച്ച്‌ പൂക്കള്‍മൊരുക്കിയതും...
ഓര്‍മച്ചിത്രങ്ങളിലുണ്ട്‌..

പക്ഷേ...കാലമേറെയായ്‌...
പ്ലാസ്റ്റിക്‌ ഇലകളിലെ പ്ലാസ്റ്റിക്‌ ഓണമാണ്‌ മുന്നില്‍...
ഈ ശീതരാജ്യത്തെ ഉഷ്ണീകരണ മുറികളില്‍..
പായ്ക്കറ്റ്‌ ഉപ്പേരിയും ടിന്നിലടച്ച പാലടയുമാണ്‌ ഓണം..
മറ്റു ചിലര്‍ക്ക്‌ നല്ല സ്കോച്ചും,ടിന്‍ ബീഫുമാകുന്നു ഓണം..

എനിക്ക്‌ ഇതെങ്കിലുമുണ്ട്‌...
പക്ഷെ എന്റെ പച്ച്പിടിച്ച നാട്ടിലെ കൊച്ചു സോദരര്‍ക്ക്‌...
ഇന്ന് ഓണവും ഒരു കൊട്ടേഷനാണ്‌..
ഓണപ്പരിപാടികള്‍ കൊട്ടേഷന്‍ പരിപാടികളും...

എന്റെ പ്രിയപ്പെട്ട മഹാബലി...
നീ അസുരരാജാവായിരുന്നെന്ന് ഞാന്‍ സ്മരിക്കുന്നു...
എന്നിട്ടും എന്തേ നിന്റെയീ അസുരപ്രജകളില്‍...
നിന്നെപ്പോലൊരു തുമ്പപ്പൂ ഇല്ലാതെ പോയത്‌?
എന്തിനാണ്‌, സ്നേഹത്തിന്റെ ഒരു കണിക പോലും ബാക്കി വെക്കാതെ..
എല്ലാം പാതളതിലേക്ക്‌ കൊണ്ടു പോയത്‌??

കാണുമായിരിക്കും ഇനി അടുത്ത ജന്മത്തില്‍..

ചാരമായത് ഒരു പിടി ഇഷ്ടങ്ങള്‍
ഓര്‍മയായത് ഒരായിരം സന്തോഷങ്ങള്‍
അന്യമായത് ശാന്തമായ ആ ഭാവം
ഒരിക്കലും തിരിച്ചു വരാത്തത് ആ വാത്സല്യം ..!

കാണുമായിരിക്കും ഇനി അടുത്ത ജന്മത്തില്‍..

Saturday, October 9, 2010

വിപ്ലവം ജയിക്കാന്‍

ഇറങ്ങി പുറപ്പെട്ടത് വിപ്ലവകവി ആകാനാണ്
പക്ഷെ ആയിവന്നപ്പോള്‍ ഒരു പ്രണയകവി ആയിപ്പോയി
നാട്ടുകാരും വീട്ടുകാരും ചോദിച്ചു..
നിനക്കൊന്നും വേറെ പണിയില്ലേ എന്ന്‍...!
പ്രണയകവിതകള്‍ എഴുതി സമയം കളയുന്ന നേരം ...
എന്തെങ്കിലും എം എല്‍ എം നെറ്റ് വര്‍ക്ക് ബിസിനസ് ചെയ്തു കൂടെ എന്ന്‍
ഞാന്‍ പറഞ്ഞു പ്രണയം ഒരു വിപ്ലവം ആണെന്ന്‍..
അപ്പോള്‍ പ്രണയ കവി ഒരു വിപ്ലവ കവി കൂടി ആകുമെന്ന്‍...
എന്നിട്ട് ആ വിപ്ലവം ഞാന്‍ ജയിക്കുമെന്ന്‍....!

കുറെ നാളുകള്‍ക്കു ശേഷം വിപ്ലവം കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോള്‍...
കവിതയെഴുതാതിരുന്ന എന്റെ സഹപാഠികള്‍ വിപ്ലവം ജയിച്ചു കഴിഞ്ഞിരുന്നു
അന്ന് മുതലാണ്‌ ഞാനൊരു ബിസിനസ്സുകാരനായത് ..
എന്തിനെന്നോ..? വിപ്ലവം ജയിക്കാന്‍!

എന്റെ കോപി റൈറ്റിംഗ് വര്‍ക്കുകളില്‍ ഒന്ന്‍ ...

Wednesday, October 6, 2010

എന്തൊരു മഴയാണിത്

എന്തൊരു മഴയാണിത്
അമ്മ പറഞ്ഞു തന്ന കഥകളിലെ മഴക്കൊന്നും ഇത്ര അഹംഭാവമില്ലായിരുന്നു!
കൊന്നും തിന്നും കൊലവിളിച്ചും ഒരു മദയാനയെപ്പോലെ!!!!
മതിയായില്ലേ നിനക്ക് ?
എന്റെ മനസ്സിലെ നിന്റെ ചിത്രത്തിനു പ്രണയത്തിന്റെ നിറമായിരുന്നു..
ഇതിപ്പോ കട്ടച്ചോര...കരിമ്പുക
എന്നെ ദേഷ്യം പിടിപ്പിക്കല്ലേ.. കൂടുതല്‍ കളിച്ചാല്‍
ആദ്യപ്രണയത്തിന്റെ ആദ്യദിനത്തില്‍ ആരുമറിയാതെ
ചില്ലുകുപ്പിയില്‍ പിടിച്ചു വെച്ച പുതുമഴവെള്ളം..
ഞാനോടയിലോഴിച്ചു കളയും...
പിന്നെ എന്റെ ശാപം കൊണ്ട്ട് നീ വെറും കല്ലായി മാറും
എന്നിട്ട കല്ല്‌ പെയ്യുന്ന കാലാത്തെ സര്‍വ്വ പ്രാക്കും പേറി നീ ചീഞ്ഞു ചാവും

മര്യാദക്ക് പറഞ്ഞത് കേട്ടോ.. !!!

സമര്‍പ്പണം : മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് , ഉറ്റവരെ നഷ്ടപ്പെട്ടവര്‍ക്ക്

Sunday, September 19, 2010

ഹൃദയത്തിന്റെ ചിതാഭസ്മവും പേറി..

പ്രണയമുണ്ടാകുമ്പോള്‍,ഹൃദയങ്ങള്‍ ഉപയോഗശൂന്യമാകുന്നു
അത്‌ വലിച്ചുകീറി ചവറ്റുകുട്ടയിലെറിയപ്പെടുന്നു
വൃത്തികെട്ട പ്രണയത്തിന്‍ അസ്ഥിപഞ്ജരങ്ങള്‍, ഇരുട്ടു ഘനം പിടിപ്പിച്ച രാത്രികളില്‍
മുഖം മറയ്ക്കാതെ വന്ന്‌ പേടിപ്പെടുത്തുന്നു..

പ്രണയമായിരുന്നതെല്ലാം ഇന്ന്‌ മരവിച്ചു കഴിഞ്ഞിരിക്കുന്നു!
നിണമൊഴുകുന്ന ഹൃദയത്തിന്റെ ചിതാഭസ്മവും പേറി..
ഈ നശിച്ച കാറ്റ്‌ എന്റെ നാസികകളിലേക്ക്‌ തുളച്ചുകയറുന്നു!
ആരേയും വിശ്വസിക്കാനാവാതെ എന്റെ ഉപയോഗശൂന്യമായ ഹൃദയം
കൊഴിഞ്ഞു തീര്‍ന്ന ഒരു പൂമരം പോലെ വൃഥാ ശൂന്യതയിലേയ്ക്കു നോക്കി നില്‍ക്കുന്നു..
അവന്‍ ചാപ്പ കുത്തിയ ഈ ചുണ്ടുകളില്‍ പ്രണയത്തിന്റെ കനല്‍
പാളകെട്ടി കോമരമായുറഞ്ഞു തുള്ളുന്നു
അവന്‍ തഴുകിയ മുടിയിഴകളില്‍ കൊമ്പന്‍ ചെല്ലികള്‍ കൂടുകൂട്ടുന്നു
കറുത്ത സത്യത്തിന്റെ പരുപരുത്ത കാലുകള്‍കൊണ്ട്‌ കുത്തിനോവിക്കുന്നു..
പാരിതോഷികമായവനെടുത്ത എന്റെ മനസ്സിന്റെ ചിത്രങ്ങള്‍..
ചില്ലുപൊട്ടി,ചിതലരിച്ച്‌ അഴുക്കു നിറഞ്ഞ ഓടകളില്‍ ഒലിച്ചു തീരുന്നു

നീയറിയുന്നുവോ? എന്റെ സിരകളില്‍ പ്രണയം ഉറഞ്ഞു തീര്‍ന്നതും..
നിനക്കായ്‌ പൂമ്പാറ്റയായതും, പിന്നെ ചിറകറ്റ്‌ ചാരമായതും?
നീയറിയുന്നുവോ?ഇന്നീ കല്ലറയ്ക്കടിയിലും നിന്റെ വന്യമായ കണ്ണുകള്‍
എന്നെ പിന്തുടരുന്നതും...എന്റെ സ്വപ്നങ്ങള്‍ ശ്മശാനത്തിലെ ശവം നാറിപ്പൂക്കളായ്‌ കൊഴിഞ്ഞുതീരുന്നതും??

Tuesday, May 18, 2010

അമ്മേ...നീയെന്നാത്മാവു തന്നെ

നോവിന്റെയൊരുനൂറു ഗര്‍ഭപാത്രങ്ങള്‍
ചുമക്കുന്ന സത്യത്തിന്‍ പൊരുളാണു നീ
തീക്കനല്‍ ചൂടുള്ള പൊള്ളുന്ന കാഴ്ചകള്‍..
ഊതിക്കെടുത്തുന്ന മഴയാണു നീ
കാത്തിരിപ്പിന്റെയാ ക്രൂരമാം വേദന
കണ്ണിലൊളിപ്പിച്ച കടലാണു നീ
നിന്‍ മോഹത്തിന്‍ പൂക്കളെ വിരിയാതെ നോക്കി
വാടിക്കൊഴിക്കുന്ന വെയിലാണു നീ!

അമ്മേ നീയൊരദ്ഭുതമാണു തന്നെ
അമ്മേ...നീയെന്നാത്മാവു തന്നെ
എന്റെ നിണമൊഴുകുമാ നീര്‍ച്ചാലുകള്‍
വെട്ടിത്തുറന്നൊരാ മണ്ണു നീയേ..
എന്റെ നിനവറിയുന്ന കാല്‍പാടുകള്‍
നടന്നു ശേഷിപ്പിച്ചതന്നു നീയേ..

നീയബലയല്ല...സഫലയാണ്‌
ഊഴി തന്നുണര്‍വിന്റെ നാഭിയാണ്‌
ജീവശ്വാസത്തിന്‍ തുടക്കമാണ്‌
ജനിമൃതികള്‍ തന്നുടെ സാക്ഷിയാണ്‌

ഇല്ലയിനിവാക്കുകളെന്റെ പക്ഷം..
നിന്നെക്കുറിച്ചു മൊഴിഞ്ഞീടുവാന്‍..
അശക്തനാകുന്നു ഞാന്‍ നിന്റെ മുന്നില്‍..
ഒരു കൊച്ചു നന്ദി തന്‍ ചിരി തൂകുവാന്‍..
അനര്‍ഥമാമുപചാരവാക്കുകള്‍ക്കുപരിയായ്‌
ഞാനെന്ന സത്യം നീയാകവേ..
നന്ദിയേകുന്നു നിന്‍ മകനായ്‌ പിറന്നതില്‍..
ലോകസ്രഷ്ടാവിന്നു നിറകണ്‍കളാല്‍!

Sunday, April 4, 2010

ബലാത്സംഗം


ധരണീ, നീയെത്രയബലയാണെ-
ന്നറിയാതെയോര്‍ത്തുപോകയാണോമലേ!
സുമുഖിയാം നിന്നുടെ ചിരി തന്‍
കുളിര്‍കാറ്റ്‌ അറിയാതെയെങ്ങോ മറഞ്ഞുപോയി..
നിന്റെ ദുഖത്തിന്‍ കറുത്ത മേഘങ്ങള്‍
അറിയാതെയെന്നോ കരഞ്ഞുപോയി...
എന്തേ നിനക്കീ രൂപമാറ്റം?
എന്തേ നിനക്കിത്ര ദൈന്യഭാവം?
എവിടെ നിന്‍ പച്ചപ്പട്ടു ചേലകള്‍..?
എവിടെ കൈവളകളാം കാട്ടാറുകള്‍?
എവിടെ പാല്‍പ്പുഴകള്‍ തന്നരഞ്ഞാണം?
എവിടെ നിന്‍ മേനിയില്‍ പൂശു-
മത്തറിന്‍ പൂങ്കാവനങ്ങള്‍...?

വറ്റിയ പുഴയിലെ മണല്‍ത്തിട്ടകളെല്ലാം
മേനിയില്‍ വടുക്കളായ്‌ വളര്‍ന്നിരുന്നു..
കണ്ണുനീര്‍ വറ്റിയ കണ്ണുകള്‍ പോലെയാ-
നീര്‍ത്തടം വെറുതെ നോക്കി നിന്നു..

* * * * *

ചേലയഴിഞ്ഞ്‌,ചിരിയടര്‍ന്ന്‌ ,വിയര്‍പ്പിന്‍ ദുര്‍ഗന്ധവും,
പൊട്ടിയ കൈവളകളുമായി.. ഇരുട്ടിന്‍ മറവിലിരിക്കുന്ന നിന്നെ..
കാമവെറി തോര്‍ന്ന മനുഷ്യപേക്കോലങ്ങള്‍
ഒരു പഴയ ഭാണ്ഡക്കെട്ടുപോലെ ശൂന്യാകാശത്തേയ്ക്ക്‌ വലിച്ചെറിയും!
പിന്നെ പുതിയൊരു ഇരയെ കണ്ടുപിടിക്കും.

* * * * *

വൈകേണ്ട സോദരിയിനിയൊട്ടും..
വാളെടുക്കാന്‍,വെട്ടിപ്പിടിക്കാന്‍
അഴിഞ്ഞുകൊള്ളട്ടെ പച്ചയാം
പട്ടുചേലകള്‍..വരിഞ്ഞുടുക്കൂ
ചുവപ്പിന്നഗ്നിജ്വാലകള്‍..
ചുട്ടുകൊല്ലുവിന്നഗ്നികുണ്ഡങ്ങ-
ളാലവിരാമകാമജ്വരബാധിതവൃന്ദത്തെയൊക്കെയും!

Saturday, March 27, 2010

ബാലന്‍സ്‌ ഷീറ്റ്‌

ഞാനൊരു ബിസിനസ്സ്‌ കണ്‍സല്‍ട്ടന്റാണ്‌
ഒരു ദിവസം,മുഖം മിനുക്കി,മുടി കോതി വെച്ച
ഒരു ചെറുപ്പക്കാരന്‍ എന്നോടു ചോദിച്ചു,
ഏറ്റവും നല്ല ബിസിനസ്സ്‌ ഏതാണെന്ന്‌...
ഞാന്‍ എക്സല്‍ ഷീറ്റില്‍ കണക്കുകൂട്ടാനാരംഭിച്ചു..
ഇടയ്ക്കുവെച്ചെന്നെ തടഞ്ഞിട്ടയാള്‍ പറഞ്ഞു..
അത്‌ മാംസവില്‍പനയാണെന്ന്‌!
വെറും മാംസമല്ല..മനുഷ്യമാംസം!
അതില്‍ത്തന്നെ വെളുത്ത്‌,മിനുസമുള്ള തൊലികൊണ്ട്‌
പൊതിഞ്ഞവയ്ക്ക്‌ ലാഭം കൂടുതലാണ്‌

പത്രക്കാരും ചാനലുകാരും ഇതിനെ വാണിഭം
എന്ന കോര്‍പ്പറേറ്റ്‌ പേരിട്ടു വിളിച്ചു..
തല ഷാളുകൊണ്ടു മറച്ച ഒരു പട്ടിണി കിടക്കുന്ന
പെണ്‍കുട്ടിയെ ബിസിനസ്സ്‌ ലോഗോയുമാക്കി!

അയാളുടെ ബിസിനസ്സ്‌ മൊത്തക്കച്ചവടമായി
മുന്നോട്ടു കടലും കടന്നു പോയി..
ചെലവ്‌ ഒരിത്തിരി ചെഞ്ചായത്തിലും
മനമയക്കുമത്തറിലുമൊതുങ്ങിയപ്പോള്‍,വരവ്‌
അതേ ചുവപ്പുള്ള ഗാന്ധിത്തലയുള്ള നോട്ടുകളായി!
ഇരുട്ടിലും വെളിച്ചത്തിലും, ഒരേ നിസ്സംഗതയോടെ..
രാഷ്ട്രപിതാവിന്റെ ചിത്രം നിസ്സഹായനായി നിന്നു..

അവസാനമയാള്‍ ലാഭമളക്കാന്‍,
കണക്കുപുസ്തകത്തിന്റെ താളുകള്‍ മറിച്ചു
കൂട്ടിക്കിഴിച്ചു നോക്കിയപ്പോള്‍,
ബാലന്‍സ്‌ ഷീറ്റ്‌ ശൂന്യമായിരുന്നു!

* * * * * * * * * *
മുന്നിലെ എക്സല്‍ ഷീറ്റിലെ ബ്രെയ്ക്‌ ഈവണ്‍ ചാര്‍ട്ടുകള്‍ ചിരിച്ചു കാട്ടി
ഞാന്‍ പറഞ്ഞു..
ഏറ്റവും നല്ല ബിസിനസ്സ്‌ ആത്മഹത്യയാണ്‌
ചെലവ്‌ ശൂന്യമാണ്‌,കിട്ടാനുള്ളത്‌ പുതിയൊരു ലോകവും

അസ്ഥികൂടങ്ങള്‍ തിരയുന്ന വെബ്‌ സൈറ്റ്‌

ഞാന്‍ ഇണ്റ്ററ്‍നെറ്റില്‍ സാറ്റലൈറ്റ്‌ ചിത്റങ്ങള്‍ തിരയുകയായിരുന്നു
പച്ചയും കടും നീലയും തവിട്ടുനിറവും കലറ്‍ന്ന ഭൂഭാഗങ്ങള്‍
വലിച്ചിട്ടും തിരിച്ചിട്ടും ഞാന്‍ പരിശോധിച്ചുകൊണ്ടേയിരുന്നു..
ഒമാനിലെ മടുപ്പിക്കുന്ന തവിട്ടുനിറത്തില്‍നിന്ന്‌
അറബിക്കടലിണ്റ്റെ കടും നീലനിറത്തിലെത്തി...
പിന്നെ ഞാനെന്നും നെഞ്ഞിലേറ്റിയ..
എണ്റ്റെ..അല്ല..ദൈവത്തിണ്റ്റെ സ്വന്തം നാട്ടിലും.
അകലെനിന്നു നോക്കുമ്പോള്‍(സൂം ഔട്ട്‌ വ്യൂ)
പച്ചനിറത്തിണ്റ്റെ വിവിധ ഷേഡുകള്‍ മാത്റം..
സൂം ഇന്‍ ചെയ്തപ്പോഴാണ്‌ മുഖം വ്യക്തമായത്‌.
മണ്ണുമാന്തിയ കുന്നുകളും,ചെമ്മണ്ണിട്ടു നിരത്തിയ പാടങ്ങളും..
ചിത്റത്തിനു തവിട്ടുനിറം പകറ്‍ന്നു..
പിന്നെ ഒരു പുഴയുടെ അസ്ഥികൂടം,
മാനം കവറ്‍ന്നെടുക്കപ്പെട്ട വനം,
കറുത്ത പൊളങ്ങളായി ഫ്ളാറ്റുകള്‍,
വരണ്ട മോഹങ്ങള്‍ പോലെ കോണ്‍ക്റീറ്റു മലകള്‍..
ഒരു നാടിണ്റ്റെ ആത്മാവ്‌ പഞ്ഞിമേഘങ്ങളായി മുകളില്‍ വീറ്‍പ്പടക്കി നിന്നു!
ആളുകളുടെ മുഖങ്ങള്‍ വ്യക്തമാകാത്തത്‌ ഭാഗ്യം!
ഞാന്‍ ആ സൈറ്റ്‌ ബ്ളോക്ക്‌ ചെയ്തു..
ആ ശവക്കല്ലറയിലേയ്ക്ക്‌ ഇനിയുമെത്തി നോക്കാന്‍ കെല്‍പ്പില്ലാതെ... !!

Friday, February 19, 2010

തിരക്കാണ്‌..


രാവിലെയലാറമലറിക്കരഞ്ഞെന്റെ-
യുമ്മറവാതിലില് മുട്ടി വിളിക്കുന്നു..
പിന്നെയൊരോട്ടത്തിലൊരുപാട്ടവെള്ളത്തി-
ലൊരുകുളിത്തോര്ത്തി മുണ്ടു മടക്കുന്നു.
തീവണ്ടിച്ചൂളത്തിലമരുന്ന പ്രഭാതത്തി-
ന്നുല്ലാസവേളകളൂഷരമാകുന്നു..
ഇറുകിയ മേല്ക്കുപ്പായത്തിന്നുള്ളിലായ്
ഹൃദയമുരുട്ടിന്റെമുഖമ്മൂടിയണിയുന്നു
ബോര്ഡ്റൂമിലൊരു വാഗ്വാദത്തിന്നപ്പുറം
നെറ്റിന്റെ താഴ്ചകളിലൂളിയിടുന്നു..
വിയര്ത്ത മനസ്സുമായതേ തീവണ്ടി..
എന് പ്രദോഷവുമൂഷരമാക്കുന്നു..
വീട്ടിലെത്തിമുഖമുയര്ത്തുമ്പോള്..
എന്റെ മകന് ചോദിക്കുന്നു..നിങ്ങളാരെന്ന്

Friday, February 12, 2010

വയ്യ..ഇനിയും വയ്യ

ചെങ്കനല്‍പോലെ നീറിയെരിയുകയാണ്‌ മനസ്സ്
നീയില്ലയെന്ന സത്യം പൊള്ളുന്ന പൊളങ്ങളായി
തൊലിപ്പുറത്താകെ ചൂടിന്റെ ചാപ്പ കുത്തുന്നു
കൂര്‍ത്ത ശരങ്ങളായി മുന്നോട്ടുള്ള വഴിയില്‍
ഈ ശൂന്യത എന്നെ വേട്ടയാടും..
ആ വാര്‍ത്തയറിഞ്ഞപ്പോള്‍ അറിയാതെ നിറഞ്ഞ കണ്ണുകള്‍
ഇനി എപ്പോഴാണ്‌ എനിക്ക്‌ തുടയ്ക്കാനാവുക?
നീയുപേക്ഷിച്ചുപോയ ആ അക്ഷരനക്ഷത്രം കോര്‍ത്ത ജപമാല
ഇനി ആര്‍ക്കാണെടുത്തണിയാനാവുക..?
എല്ലാ മനസ്സിലും ഒരായിരം മണ്‍വീണകള്‍ മീട്ടി..
ഏത്‌ അജ്ഞാതലോകത്തേക്കാണ്‌ നീ പറന്നകന്നത്‌?
വയ്യ..ഇനിയും വയ്യ

Saturday, January 23, 2010

ചിത എരിഞ്ഞുതീര്‍ന്നു..

ഓര്‍മ്മകളുടെ ട്രാവല്‍ബാഗുകള്‍

വള്ളിപൊട്ടി നിലത്തുവീണു..
തിരക്കിന്റെ ചവിട്ടില്‍ അവ പഴന്തുണികളായി..
പിന്നെ ചവ്റ്റുകൂനയില്‍
ചിതലരിച്ചു ചത്തു..
റീസൈക്കിള്‍ പ്ളാന്റില്‍ നിന്ന്
പുതിയ അനുഭവങ്ങളായി കടന്നു വന്നു..
മധുരമുള്ളവ കയ്പുള്ളവയായും...
കയ്പുള്ളവ കൂടുതല്‍ കയ്പുള്ളവയായും..
മൂത്തവര്‍ ചൊല്ലിയ മുതുനെല്ലിക്കയായ്‌
അവ മനസ്സില്‍ കായ്ച്ചുനിന്നു..
തിരിച്ചു നടക്കാന്‍ കഴിയാത്തതുകൊണ്ട്
മുന്നോട്ടുതന്നെ ആഞ്ഞുതള്ളി..
പിന്നെ വഴിയില്‍ കളഞ്ഞ ഓര്‍മ്മകളെ
മാറോടു ചേര്‍ത്തുപിടിച്ചുകൊണ്ട്...
ചിത എരിഞ്ഞുതീര്‍ന്നു..

Thursday, January 21, 2010

നിന്നെയും കെട്ടിപ്പിടിച്ചു കിടക്കവേ...

പട്ടുവിരിയിട്ട മെത്തമേല്‍ നിന്നെയും
കെട്ടിപ്പിടിച്ചു കിടക്കവേ ഞാന്‍...
പ്റണയം തിളയ്ക്കുന്ന വാക്കുകള്‍ കൊണ്ടു
സ്വപ്നഹര്‍മ്മ്യങ്ങള്‍ പണിതുതീറ്‍ത്തു
നിന്‍ സ്വപ്നഹര്‍മ്മ്യങ്ങള്‍ പണിതുതീറ്‍ത്തു.

പൂവിന്‍ സുഗന്ധവും പാലിണ്റ്റെ മധുരവും
പഞ്ചേന്ദ്രിയങ്ങള്‍ രസിച്ചു തീറ്‍ത്തു.
രാത്റിയുടെ യാമങ്ങള്‍ തീരുന്നതറിയാതെ
നിന്‍ മടിത്തട്ടില്‍ ശയിച്ചിരുന്നു..
ഞാന്‍ നിന്‍ മടിത്തട്ടില്‍ ശയിച്ചിരുന്നു.

നിന്‍ കൂന്തല്‍ ചേലയില്‍ മറയ്ക്കുവാനാകാതെ
നാണം കവിളില്‍ തുടിച്ചിരുന്നു..
എണ്റ്റെ കാമം കനല്‍ പോലെ നിന്നധരങ്ങളില്‍,
ചുംബനത്തീമഴ തീറ്‍ത്തിരുന്നു..
ചുംബനത്തീമഴ തീറ്‍ത്തിരുന്നു..

പ്റണയവും കാമവും താണ്ടി ഞാനങ്ങനെ..
സ്നേഹത്തിനരികിലായെത്തി...
മനസ്സിണ്റ്റെ ചൂണ്ടക്കൊളുത്തിനെക്കൊത്തുന്ന
അദൃശ്യമാം അനുഭൂതിയായി..

രാത്റിതന്‍ പുസ്തകമടഞ്ഞപ്പൊഴും..
കിളികള്‍തന്‍ കൂജനം കേട്ടപ്പൊഴും..
സ്നേഹത്തിന്‍ ചോോണ്ടക്കൊളുത്തിണ്റ്റെ പിടിയില്‍..
രണ്ടു ദേഹങ്ങള്‍ പിടഞ്ഞു...
പിരിയുവാനാകാതെ,വേറ്‍പെടാനാകാതെ,
രണ്ടു സ്നേഹങ്ങള്‍ കരഞ്ഞു!