Tuesday, December 9, 2008

ഞാന്‍ പെയ്തൊഴിയുന്നു..

ഓരോ നിമിഷവും ഓരോ യുഗം പോലെ..
വേര്‍പാട്‌....ഓ!!..സഹിക്കാനാവുന്നില്ല..!!
ഒരു സര്‍ജിക്കല്‍ നീഡില്‍ പോലെ....
വിരഹം ആണ്ടിറങ്ങുന്നു...
അതിന്റെ ഓരോ ചലനത്തിലും ഞാന്‍...
മരണത്തിന്റെ വേദനയറിയുന്നു...
അല്ല മരണമാണെളുപ്പമെന്നറിയുന്നു..

ഹൃദയത്തിലെ രക്തച്ചുഴികളില്‍..
ധമനികളില്‍..
നിന്റെ പൊയ്മുഖം വെച്ച ഹിമോഗ്ലോബിനുകള്‍..
ചുണ്ടിന്റെയോരത്തു വെച്ച സിഗററ്റു കുറ്റികളില്‍ നിന്ന്
നീ പുകയായുയര്‍ന്നു പൊങ്ങി..
പിന്നെ..
കൈനഖങ്ങള്‍ പാള കെട്ടി..
കോമരമായുറഞ്ഞു തുള്ളി..
കുരുതിക്കളങ്ങളില്‍...
നിന്റെ രൂപം മായ്ച്ചു

നിന്റെ അകല്‍ചയെന്നെ..തടവുകാരനാക്കുന്നു..
നിന്റെ ഗന്ധമെന്നെ ഉന്മാദിയാക്കുന്നു..
എന്റെ ഓര്‍മകളിലെ, നിന്റെ സ്പര്‍ശമെന്നെ ഈറന്മേഘമാക്കുന്നു...
ഞാന്‍ പെയ്തൊഴിയുന്നു..

Sunday, November 16, 2008

മനസ്സുകള്‍ ആത്മഹത്യ ചെയ്യുന്ന സമയം

മുട്ടുന്നു വാതിലില്‍ പിന്നെയും...
വറ്റിയുറഞ്ഞ മോഹങ്ങള്‍...
വരണ്ടുണങ്ങിയ വയറുകള്‍...
കരഞ്ഞു കലങ്ങിയ കണ്ണുകള്‍...

ഒരു വേദനയായ്‌ പടര്‍ന്നു കയറുന്നു..
കറുത്ത മേഘങ്ങള്‍..
മൗനനൊമ്പരമാകുന്നു...
ചാറ്റല്‍ മഴ..

മനസ്സില്‍ പിടിച്ച കരി..
മായ്ച്ചു കള്യാനാകാതെ..
മഴ തിരിച്ചു പോകുന്നു..

കാറ്റ്‌ കാലചക്രം തിരിക്കാന്‍ ശ്രമിക്കുന്നു..
കൈകളറ്റ്‌ ഒടിഞ്ഞുതൂങ്ങുന്നു..

വെയില്‍ മുറിവുണക്കാന്‍ തുനിയുന്നു...
മനസ്സില്‍ മുറിവുമായി മരിച്ചുപോകുന്നു..

പിന്നെ...രാത്രി...
കരിയുമായി കൂട്ടുചേരുന്നു...
ഇരുട്ടില്‍ അടക്കം പറയുന്നു...

പ്രഭാതം...
രാത്രിയും മനസ്സും ഒരൊറ്റ കയറില്‍..
ആത്മഹത്യ ചെയ്യുന്നു...
മോഹങ്ങള്‍ ബാക്കിയാവുന്നു...

Saturday, November 15, 2008

ഒരു സെറ്റപ്പ്‌ പറക്കല്‍...

കയ്യിലിരിപ്പിന്റേയും എന്റെ അതീവ ശുഷ്കാന്തിയുടേയും ഫലമായി,കെരളത്തിലെന്നല്ല ഇന്‍ഡ്യയില്‍ തന്നെ എനിക്കു പറ്റുന്ന ഒരു പണിയുമില്ലെന്ന് ഞാന്‍ മനസ്സിലാക്കി(എനിക്ക്‌ പറ്റുന്ന പണി എന്നു പറഞ്ഞാല്‍..വെറുതെ ചാരുകസാരയില്‍ കിടന്ന് കൂര്‍ക്കം വലിച്ച്‌ ഉറങ്ങുക,നാലുനേരം സുഭിക്ഷമായി തട്ടുക ,നല്ല വല്ല പെമ്പിള്ളാരും ഇങ്ങോട്ടു വന്നാല്‍ നല്ല പ്രൊഫെഷണലായി സൊള്ളുക തുടങ്ങിയവയൊക്കെയാണ്‌)അങ്ങനെയിരിക്കുന്ന നേരത്താണ്‌,എഞ്ജിനീറിംഗ്‌ കോളേജില്‍ എന്റെയൊപ്പം ഗോട്ടി കളിച്ചു നടന്നിരുന്ന വിനോദ്‌(ഇപ്പൊ പുള്ളി പുലിയാണ്‌) എനിക്കൊരു വിസ അയച്ചു തരുന്നത്‌.ഗള്‍ഫില്‍ എന്റെ ഫീല്‍ഡില്‍ പണി കിട്ടുമെന്ന് ഞാന്‍ ഉറപ്പിച്ചു(എന്റെ ഫീല്‍ഡ്‌ ഞാന്‍ നേരത്തെ പറഞ്ഞല്ലോ)...കാലങ്ങളുടെ അധ്വാനം കൊണ്ട്‌ ഞാന്‍ സമ്പാദിച്ചെടുത്തിരുന്ന കൊറേ ഫാന്‍സിനെ(ഫാന്‍സെന്നു പറഞ്ഞാല്‍ മെയിന്‍ലി ചിടുങ്ങ്‌ പെമ്പിള്ളാരാണ്‌) ഉപേക്ഷിച്ച്‌ ദുഫായില്‍ പോകുന്ന കാര്യം ആലോചിച്ചപ്പോള്‍ ഉള്ളൊന്ന് കാളി..പിന്നെ യാഹൂ,ഓര്‍ക്കുട്ട്‌ തുടങ്ങിയ ഭഗവതിമാരെ മനസ്സില്‍ ധ്യാനിച്ച്‌ ഞാന്‍ ഒരുവിധം അഡ്ജസ്റ്റ്‌ ചെയ്തു..അങ്ങനെ പോകേണ്ട ദിവസം വന്നെത്തി..അമ്മച്ചി ഫുള്‍ സെന്റിമെന്റലാണ്‌..(സത്യം പറയാലോ..ഞാന്‍ അമ്മച്ചിയേക്കാള്‍ സെന്റി ആണ്‌)..വികാരവിക്ഷോഭം കണ്ട്‌ എന്റെ അച്ചന്‍ രാമകൃഷ്ണന്‍ മാഷ്‌.."നീ ഇവിടെ ചുമ്മ ഇരുന്നാ മതി എവടക്കും പോണ്ട" എന്നു വരെ പറഞ്ഞു..എയര്‍പോര്‍ട്ടിലേക്ക്‌ കൊണ്ടു വിടാന്‍ നമ്മടെ കമ്പനി 'ഡാക്കള്‍' ഉണ്ടായിരുന്നു..അവന്മാര്‍ക്ക്‌ അറ്റ്‌ ലീസ്റ്റ്‌ വിമാനം കാണാമല്ലൊ..സാധാരണ ചേര്‍പ്പ്‌ കാര്‌ വിമാനം കാണുന്നത്‌ ഇലക്ഷന്‍ വരുമ്പൊഴാണ്‌..(തോല്‍ക്കുമെന്നുറപ്പായതുകൊണ്ട്‌ വിമാനം ചിഹ്ന്നത്തിലാണ്‌ യു ഡി എഫ്‌ സ്ഥാനാര്‍ഥികള്‍ അവൈടെ മത്സരിക്കാറ്‌)..അങ്ങനെ വിമാന ചിന്തകളുമായി സന്ദീപും അതീഷും കാര്‍ നല്ല സ്പീഡില്‍ തന്നെ വിട്ടു..ഞാന്‍ ഫുള്‍ ടെന്‍ഷനിലായിരുന്നു..പണ്ട്‌ ഗള്‍ഫിലായിരുന്ന കുമാരേട്ടന്‍ എന്നൊട്‌ പറഞ്ഞത്‌..'മോനെ..ബി കയര്‍ഫുള്‍..പിടി വിട്ടാ പോയി..ചെവിയില്‍ പഞ്ഞി തിരുകി ഇരുന്നാ മതി..ഒന്നും അറിയില്ല'..ഇതൊക്കെ ആലോചിച്ച്‌, ഒരു ഓപ്പറേഷന്‍ തീയറ്ററിലേക്ക്‌ പോകുന്ന ഫീലിങ്ങുമായി കയ്യും കൂട്ടിപ്പിടിച്ചാണ്‌ എന്റെ ഇരുപ്പ്‌..അങ്ങനെ എയര്‍പോര്‍ട്ടിലെത്തി..ഒരു നൂറ്‌ കൗണ്ടറുകള്‍..'പണ്ടാരം..ഒരു ഐഡിയയുമില്ലല്ലൊ..നാണക്കേടാവുമൊ..എന്നെ വിമാനത്തില്‍ കേറ്റില്ലെന്ന് പറയുമോ..'ഇങ്ങനെയാലോചിച്ച്‌ നില്‍ക്കുന്ന സമയത്താണ്‌ ഒരു സെറ്റ്‌ അപ്പ്‌ ചേച്ചി എന്നെ സഹായിക്കാനെത്തിയത്‌..അവരെ കണ്ടാല്‍ ഒരു ഫിലിം സ്റ്റാര്‍ ലുക്ക്‌ ഒക്കെയുണ്ട്‌..(ഞാന്‍ മനസ്സില്‍ കരുതി..ഞാന്‍ ഒരു ഭാഗ്യവാന്‍ തന്നെ-എന്നെക്കൊണ്ട്‌ തോറ്റു)..ചേച്ചി എന്നോട്‌ പറഞ്ഞു..'ഐ ആം എലോണ്‍..കാന്‍ യു ഷേര്‍ സം ഓഫ്‌ മൈ ലഗേജസ്‌'..ഒരാള്‍ക്ക്‌ 20 കിലോ അല്ലേ പറ്റൂ.എന്റെ കയ്യിലാനെങ്കില്‍ അമ്മചി കൊടുത്തയച്ച ഇച്ചിരി മാങ്ങാക്കറിയും നീലിഭ്രിങ്ങാദിയും ഒക്കെയെ ഉള്ളൂ..തേടി വന്ന ഓപ്പര്‍ച്യൂണിറ്റി മിസ്സ്‌ ആക്കണ്ടല്ലോ എന്നു കരുതി ഞാന്‍ പറഞ്ഞു..'യേസ്‌ മാഡം..വൈ നോട്ട്‌..(ഓ..ആ നേരത്ത്‌ വരാന്‍ പോകുന്ന നല്ല നിമിഷങ്ങളോര്‍ത്ത്‌ എന്റെ കാല്‍മുട്ടുകള്‍ അതിശക്തമായി കൂട്ടിയിടിക്കുകയായിരുന്നു..!!)എന്തായാലും ചേച്ചിയുടെ ഒരു ബാഗ്‌ എന്റെ പേരില്‍ ചെക്കിന്‍ ചെയ്തു..ഒരു കിടിലന്‍ പെണ്ണ്‍(എന്റെ ഒറ്റ ഫാന്നും ഇത്രക്ക്‌ വരില്ല കേട്ടൊ) ഒപ്പമുള്ളതിന്റെ ഗമയിലാണ്‌ എന്റെ നടപ്പ്‌..അങ്ങനെ എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌ മെന്റിലെത്തി..വിസ ചെക്കിംഗ്‌ തകൃതിയായി നടക്കുന്നു...അവള്‍ എന്റെ മുന്നിലാണ്‌..എയര്‍പോര്‍ട്ടിലെ 'കല്‍പ്പ്‌ ലുക്ക്‌' ഉള്ള പോലിസുകാരെ കണ്ടാലെ നമ്മടെ പാതി ജീവന്‍ പോകും..അവളുടെ വിസ മേടിച്ച്‌ അവര്‍ മറച്ചും തിരിച്ചും നോക്കി..അവളൊട്‌ അവര്‍ എന്തൊക്കെയോ പറയുന്നുമുണ്ട്‌...എനിക്ക്‌ കല്‍പ്പ്‌ മണത്തു..ഞാന്‍ ഒന്നുമറിയാത്ത പോലെ താഴേക്ക്‌ നോക്കി നിന്നു..മുഖമുയര്‍ത്തിയപ്പോള്‍ ഞാന്‍ അതിഭീകരമായ ഒരു കാഴ്ച്ച കണ്ടു..അവളെ 2 പോലീസുകാര്‍ കൂട്ടിക്കൊണ്ടു പോകുന്നു..ആളുകള്‍ ചുറ്റിലും..."ഈശ്വരാ...കീറി.."എന്റെ കാര്യം പോക്കാണെന്ന് ഞാന്‍ ഒറപ്പിച്ചുപക്ഷെ എനിക്കു കൊഴപ്പമൊന്നുമുണ്ടായില്ല..ഞാന്‍ വിമാനത്തില്‍ കയറി...ഒരു പഞ്ചപാവത്തിനെപ്പോലെ ഒരു എയര്‍ഹോസ്റ്റസ്സ്‌ കാണിച്ചു തന്ന സീറ്റില്‍ കയറിയിരുന്നു(വേരെ വല്ല റ്റൈമായിരുന്നെങ്കില്‍ ഞാന്‍ അവളെ വായ്‌ നോക്കി മരിച്ചേനെ!!)അപ്പോഴാണ്‌ എനിക്ക്‌ പെട്ടെന്ന് എന്റെ പേരില്‍ ചെക്കിന്‍ ചെയ്ത അവളുടെ ബാഗേജിന്റെ കാര്യം ഓര്‍മ വന്നത്‌.."ദൈവമേ..എന്തായിരിക്കും അതിന്റെ ഉള്ളില്‍..നാടോടിക്കാറ്റിലെ പോലെ വല്ല ബ്രൗണ്‍ ഷുഗറും ആയിരിക്കുമോ?അല്ല ഇനിയിപ്പോ ഇവള്‍ വല്ല തീവ്രവാദിയോ മറ്റോ...വിമാനത്തില്‍ നിന്ന് താഴെക്ക്‌ ചാടിയാലോ എന്നു വരെ ആലോചിച്ചു..പിന്നെ കടലില്‍ എങ്ങാനും വീണാലൊ എന്നു കരുതി ചാടിയില്ല(നീന്തല്‍ അറിയില്ലല്ലൊ)അങ്ങനെ വിമാനയാത്രയിലെ എല്ലാ വിധ സൗഭാഗ്യങ്ങളും(വായ്നോട്ടം,കള്ളുകുടി,സിനിമ ഇത്യാദി) ഉപേക്ഷിച്ച്‌ ഞാന്‍ ദുഫായിലെത്തി..എയര്‍പോര്‍ട്ടിലെ കണ്‍ വെയറില്‍ അവളുടെ ബാഗ്‌ തിരിഞ്ഞുവരുന്നത്‌ കണ്ടപ്പോള്‍..ധൈര്യം സംഭരിച്ച്‌ ഞാന്‍ അതെടുത്തു..(ഭയങ്കര ക്യൂരിയോസിറ്റി-ഇത്ര കിടിലമായ ഒരു പെണ്ണിന്റെ ബാഗില്‍ എന്തായിരിക്കും)..വേഗത്തില്‍ ബാഗും വലിച്ചെടുത്ത്‌...ഞാന്‍ വിനോദിന്റെ കാറിലേക്കോടി...റൂമിലെത്തി ആ പെട്ടി തുറക്കണമെന്ന ചിന്തയായിരുന്നു യാത്രയില്‍ മുഴുവനും..അവസാനം റൂമിലെത്തി..ഒരു പാറക്കല്ലിന്റെ സഹായത്തില്‍ പെട്ടി തുറന്നു....തകരാവുന്നതിന്റെ മാക്സിമം ഞാന്‍ തകര്‍ന്നു....ഒരു പെട്ടി നിറയെ അണ്ടര്‍ വെയേര്‍സ്‌!!!
തുടരും .....

Friday, November 7, 2008

വിളിക്കാതെ വന്നത്‌

അക്ഷരം:
ആന കളിച്ചു നടന്ന നേരം അമ്മയെന്റെ ചെവിയിലോതിത്തന്നത്‌..
പിന്നെ കുഞ്ഞിക്കൈ പിടിച്ച്‌ മണലിലെഴുതിത്തന്നത്‌...

വാക്ക്‌:
കണ്ണുകള്‍ തമ്മിലിടഞ്ഞപ്പോള്‍..ഹൃദയമുരുകിയൊലിച്ചപ്പോള്‍..
കൈവെള്ളയില്‍ വിയര്‍പ്പു കിനിഞ്ഞപ്പോള്‍...
അധരങ്ങളില്‍ നിന്ന് അറിയാതെയടര്‍ന്നു വീണത്‌..

വരി:
ജീവിക്കാന്‍ മറന്നു പോയപ്പോള്‍...വാക്കിന്റെ ചോരമണം കട്ട പിടിച്ചപ്പോള്‍..
നിനക്കാതെ ഡയറിയില്‍ കുത്തിവരച്ചത്‌...

കവിത:
കാറ്റിനും കടലിനുമൊപ്പം മരണത്തെക്കുറിച്ചൊരു സന്ധി സംഭാഷണത്തിനു പോയപ്പോള്‍..
വിളിക്കാതെ വന്നത്‌..

Wednesday, October 22, 2008

അവളെ വിവാഹം കഴിച്ചത്‌..

മഴ നനഞ്ഞത്‌..
പനി പിടിക്കാനാണ്‌
കൊന്നമരത്തിന്റെ പൂത്തചില്ലകള്‍..
വലിച്ചു താഴ്ത്തിയത്‌..
ഹൃദയത്തിലൊരു പൊന്‍ കണി വെയ്ക്കാനാണ്‌
കടലു കാണാന്‍ പോയത്‌..
ചക്രവാളത്തിലേക്കുള്ള ദൂരമളക്കാനാണ്‌
പട്ടം പറത്തിക്കളിച്ചത്‌..
കാറ്റിനെ വരുതിയിലാക്കാനാണ്‌
ഒരു പെണ്ണിനെ പ്രേമിച്ചത്‌..
സ്നേഹമറിയാനാണ്‌
അവളെ വിവാഹം കഴിച്ചത്‌..
അവളോടൊപ്പം തന്നെ മരിക്കാനാണ്‌

പുക...

പുകയാണ്‌ ചുറ്റിലും..
പുക തന്നെ പുക...
കറുത്ത പടവുകള്‍ കെട്ടി..
കരിഞ്ഞ മണവും പേറി..
കറ പിടിച്ച കണ്ണുകളുള്ള
കാമപ്പുക...

ഇന്റര്‍നെറ്റ്‌ കഫേകളിലെ ഏ സി കാബിനുകളില്‍..
അടച്ചിട്ട നാലുചക്രവണ്ടികളില്‍..
കാമ്പസ്സിലെ ഒഴിഞ്ഞ വരാന്തകളില്‍..
ഐസ്ക്രീം പാര്‍ലറുകളില്‍...
കടിച്ചുവീര്‍ത്ത ചുണ്ടുകളില്‍ നിന്ന്
പിടക്കുന്ന ഹൃദയത്തില്‍നിന്ന്
നഖ കൊണ്ടു പോറിയ പാടുകളില്‍ നിന്ന്
കാമപ്പുക..!

ചിമ്മിണിക്കുഴലിനെ വെല്ലുന്ന പുക..
കറുത്തു തടിച്ച..
ചോര മണക്കുന്ന
കൂര്‍ത്ത പല്ലുകളുള്ള,
വിയര്‍പ്പു നാറുന്ന പുക..

പൂവിതള്‍ പോലുള്ള ബാല്യമോ
കൊഴിഞ്ഞു തീരും വാര്‍ധക്യമോ
വിടര്‍ന്നു നില്‍ക്കും കൗമാരമോ
അറിയാത്ത പുക..
കണ്ണു കെട്ടിയ പുക..

പുക...ചുറ്റിലും പുക...

Monday, October 20, 2008

ശ്മശാനത്തിലെ പൂക്കള്‍

ശ്മശാനത്തിലെ പൂക്കള്‍ മരിച്ചവരുടെ മോഹങ്ങളാണ്‌
അവ മഞ്ഞയായ്‌ വെള്ളയായ്‌ പൂത്തുവിരിഞ്ഞു നില്‍ക്കും..
പിന്നെ സ്വപ്നങ്ങളുടെ ചിത്ര ശലഭങ്ങള്‍ അവയ്ക്കുമേല്‍ വന്നിരിക്കും
അവരുടെ വികാരങ്ങള്‍ മഞ്ഞുതുള്ളികളാവും
പ്രഭാതത്തില്‍ അവ പൂക്കളെ തലോടി നില്‍ക്കും...
കിണറ്റില്‍ വീണു മരിച്ച എന്റെ കൂട്ടുകാരന്റെ കുഴിമാടത്തിനടുത്ത്‌..
ശവം നാറിപ്പൂക്കള്‍ വിടര്‍ന്നു നിന്നിരുന്നു..
കറുത്ത നിറമുള്ള കുരിശുകള്‍ മറികടന്ന്..
കുഴഞ്ഞുകിടന്ന മണ്ണില്‍ ചവുട്ടി...ഞാന്‍ നടന്നു..
ജനനം 2006 ജനുവരി പതിമൂന്ന്..
മരണം 2008 മാര്‍ച്ച്‌ നാല്‌
പേര്‌ റ്റിനു തോമസ്‌
അരികിലായി ഒരു വലിയ സൂര്യകാന്തിപ്പൂവ്‌...
മനം മറിയുന്ന പോലെ...
ആരോ താഴേക്ക്‌ പിടിച്ചു വലിക്കുന്നു..
കാലില്‍ വള്ളികള്‍ പടര്‍ന്നു കയറുന്നു..
കാലുകള്‍,കയ്യുകള്‍, പിന്നെ തല..
മണ്ണിലേക്കു താഴ്‌ന്നു പോയി..
ഗ്രാനൈറ്റ്‌ സ്ലാബുകള്‍ വന്നു മൂടി..
കാലം കുറെ കടന്നു പോയി...
ഗ്രാനൈറ്റ്‌ പ്രതലങ്ങള്‍ക്കിടയില്‍ നിന്ന് ചില പൂക്കള്‍ ഒളിഞ്ഞു നോക്കി..
അവയില്‍ പൂമ്പാറ്റകള്‍ വന്നിരുന്നു.. മഞ്ഞുതുള്ളികല്‍ ഇറ്റു വീണു..

Friday, October 17, 2008

നീ....ഞാന്‍.....പിന്നെ...മഴ

വിരഹത്തിന്റെ വിത്തുകള്‍ പൊട്ടിമുളച്ചത്‌ ആ വേനല്‍ മഴയിലായിരുന്നോ??
പ്രാണന്റെ വേരുകള്‍ പടര്‍ന്നതും..
കുഴഞ്ഞ മണ്ണിലേക്കാണ്ടിറങ്ങിയതും..
പിന്നെ.... നെറ്റിയില്‍ വീണ ആദ്യത്തെ.. മഴത്തുള്ളി
മൂക്കുപാലത്തിലേക്കിറങ്ങി..
പിന്നെ രണ്ടായി പിരിഞ്ഞു പോയതും...
ഹൃദയം നനുത്ത മഞ്ഞു പോലെയായതും...
ആ മഴയില്‍ തന്നെയല്ലേ???

എടീ..ആ വെള്ളത്തുള്ളികള്‍...
നിന്നെ വേദനിപ്പിച്ചിരുന്നോ???
എന്റെ മണമുള്ള, ആ നനുത്ത കുപ്പായം...
നീ നനയ്ക്കാതെ സൂക്ഷിച്ചു വെച്ചിരുന്നത്‌...
ആ മഴയിലാണൊ നനഞ്ഞു പോയത്‌??
നാമൊരുമിച്ച്‌ ചോക്കുകുറ്റികള്‍ കൊണ്ട്‌..
കുളപ്പടവിലെഴുതിയ അക്ഷരങ്ങള്‍..
ആ മഴയിലാണോ മാഞ്ഞു പോയത്‌??

എന്തേ ഒന്നും പറയാതിരിക്കുന്നത്‌?
പുറത്തു പെയ്യുന്ന പേ പിടിച്ച മാരിയില്‍..
ഞാന്‍ നിന്നെ കേള്‍ക്കാതെ പോകുന്നതാണോ??
ഓാ...ഈ മഴ എന്നെ ഭ്രാന്തു പിടിപ്പിക്കുന്നു....
അന്ന് ആ വേനല്‍ മഴയും അവളെ..
ഒരുപാടു കരയിച്ചിട്ടുണ്ടാവണം....
ആ നശിച്ച മഴയില്‍ ആരും അതു കണാതെ പോയി..

Saturday, August 9, 2008

വിവാഹം

തുടങ്ങിയതെങ്ങനെയാണെന്നോര്‍മയില്ല..പക്ഷെ തുടങ്ങി!!
ഒരിക്കലും അവസാനിക്കാത്തവണ്ണം..!
കണ്ണുകളില്‍ അഗ്നിയായിരുന്നു..വയറ്റില്‍ മുള്ളുകളും..!!
വിറക്കുന്ന കൈകളും..മിടിക്കുന്ന ഹൃദയവും...
തൊലി പൊളിയുന്ന തണുപ്പിലും..ഒരു കമ്പിളിപ്പുതപ്പിന്റെ ചൂടായിരുന്നു..
ഘനം പിടിച്ച മേഘങ്ങളായിരുന്നു മുകളില്‍..
തടിച്ച വെള്ളത്തുള്ളികള്‍ ഞങ്ങളുടെ ശിരസ്സിനെ ലക്ഷ്യമാക്കി പെയ്തൊഴിയാന്‍ തുടങ്ങി....
കുത്തിയൊലിച്ച മണ്ണിനൊപ്പം ഒഴുകിപ്പോകാതെ ഞങ്ങള്‍ സ്വപ്നങ്ങളെ പിടിച്ചുവെച്ചു..
ദിനങ്ങള്‍ കടന്നു പോയി...
ചുവന്ന സൂര്യനും..ഇരുട്ടു പിടിച്ച പകലുകള്‍ക്കും..
ഞങ്ങളുടെ സ്വപ്നങ്ങളെ മായ്ക്കാന്‍ കഴിഞ്ഞില്ല..
സ്വപ്നങ്ങളുടെ ശവമഞ്ചവും കാത്ത്‌ കഴുതപ്പുലികള്‍ വെറിയോടെ നിന്നു..
വേട്ടപ്പട്ടികള്‍ നാലുപാടുനിന്നും ഓടിയടുത്തു..
സ്വപ്നങ്ങള്‍ കരിമ്പാറക്കൂട്ടങ്ങള്‍ക്കു പിന്നില്‍ പാത്തുനിന്നു..
പിന്നെ ഒരു നീലനിറമുള്ള പ്രഭാതത്തില്‍..
കഴുതപ്പുലികളും വേട്ടപ്പട്ടികളും തളര്‍ന്നുറങ്ങിയപ്പോള്‍..
എന്റെ സ്വപ്നങ്ങളും അവളുടെ സ്വപ്നങ്ങളും..
ഒരൊറ്റ കാട്ടുവള്ളിയില്‍ പടര്‍ന്നുകയറി...എന്നെന്നേക്കുമായി...!

Tuesday, February 12, 2008

പ്രണയദിനത്തില്‍

ചോര കൊണ്ടാണ്‌ പനീര്‍പ്പൂക്കള്‍ക്ക്‌ ചായമേകിയത്‌...
ഹൃദയം കൊണ്ടാണ്‌ ഞാനീ ബലൂണുകളുണ്ടാക്കിയത്‌..
എന്റെ മനസ്സാണ്‌ നിന്റെ മുന്നിലെ സമ്മനപ്പൊതിയില്‍ പൊതിഞ്ഞു കെട്ടിയിരിക്കുന്നത്‌...
എന്റെ സ്വപ്നങ്ങളാണ്‌ നിന്റെ ഹെയര്‍പിന്നുകളില്‍ പൂമ്പാറ്റകളായി വന്നിരിക്കുന്നത്‌..

ഈ പ്രണയദിനത്തിനു മുന്നിലും പിന്നിലും...
പ്രണയമില്ലാത്ത ദിനങ്ങളുള്ള കലണ്ടറിലാണ്‌ ഞാനെന്റെ എച്ചില്‍ പൊതിയുന്നത്‌..
ഈ പ്രണയദിനത്തില്‍ മാത്രം പ്രണയകാര്‍ഡുകള്‍ വില്‍ക്കുന്ന
കടകള്‍ക്കു മുന്നിലാണ്‌ ഞാന്‍ കാര്‍ക്കിച്ചു തുപ്പുന്നത്‌..

Monday, February 11, 2008

ഹൃദയങ്ങളായിരുന്നു ഉരുകിച്ചേര്‍ന്നത്‌...

ആ വളവിലായിരുന്നു ഞാന്‍ അവളെ ആദ്യമായി കണ്ടത്‌..
ഒരു ചുവന്ന കാറിലായിരുന്നു ഞാനും അവളും ആദ്യമായി യാത്ര പോയത്‌..
ഒരു നനുത്ത ചിരിയായിരുന്നു അവളെനിക്ക്‌ ആദ്യമായി സമ്മാനിച്ചത്‌..
ഒരു ഇറക്കത്തില്‍ വെച്ചായിരുന്നു ഞങ്ങള്‍ ആദ്യമായി സ്പര്‍ശിച്ചത്‌...

പിന്നെ കാട്ടുവള്ളികള്‍ പോലെ പടര്‍ന്ന പ്രണയമായിരുന്നു...
ഗര്‍ജ്ജിക്കുന്ന സിംഹങ്ങള്‍ക്കിടയിലൂടെ...
ഓട്ടക്കണ്ണിട്ടു നോക്കുന്ന കുറുനരികള്‍ക്കിടയിലൂടെ...
പ്രാണനു വേണ്ടിയുള്ള ഓട്ടം...പനി പിടിച്ചുള്ള ഓട്ടം...

വെയിലിലായിരുന്നു ഞങ്ങള്‍ ഓടിയത്‌...
മഴയിലായിരുന്നു ഞങ്ങള്‍ ഓട്ടം നിറുത്തിയത്‌..
ഇടിമിന്നലായിരുന്നു ഞങ്ങള്‍ക്ക്‌ സമ്മാനമായ്‌ കിട്ടിയത്‌..
ഹൃദയങ്ങളായിരുന്നു ഉരുകിച്ചേര്‍ന്നത്‌...

Friday, February 8, 2008

അവസാനത്തവള്‍..

അവള്‍..അവസാനത്തവള്‍..
പുള്ളികുത്തി,മൊട്ടയടിച്ച്‌,ചോരമാലയിട്ട്‌ നടത്തിച്ചവരില്‍
ഒടുക്കം വന്നവള്‍..

അറക്കവാളിന്റെ പല്ലുകളില്‍ തണുത്ത ചോര തട്ടുന്ന നേരത്ത്‌..
അത്‌ മരണമാണെന്നറിയാതെ...
മരണത്തിലേക്ക്‌ നടന്നു നീങ്ങിയവര്‍ക്കു പിന്നാലെ വന്നവള്‍..

ഇരുട്ടിന്റെ നിര്‍വികാരതയുമായി..
നിഷ്കളങ്കമായ ചിരിയോടെ...
ബലിക്കല്ലില്‍ സ്വയം സമര്‍പ്പിച്ചവള്‍...

അവള്‍...
എന്റെ മനസ്സ്‌ കവര്‍ന്നെടുത്തവള്‍..
എന്റെ ആത്മാവിനെ ചാരമാക്കി പുഴയിലൊഴുക്കിയവള്‍..

Monday, January 14, 2008

കവിത

ഞാനൊളിഞ്ഞു നോക്കിയിരുന്നത്‌ രണ്ട്‌ ഇഷ്ടികകള്‍ക്കിടയിലുള്ള ഒരു ചെറിയ വിടവിലൂടെയായിരുന്നു...
മഴയത്തും വെയിലത്തും കാറ്റത്തുമൊക്കെ ഞാനവിടെത്തന്നെ നിന്നു..അവളേയും നോക്കി...
മഞ്ഞുപാളികള്‍ എന്റെ ചെവിക്കുടകളെ ഇക്കിളിയാക്കിയപ്പൊഴും..
ഇടിമിന്നലുകള്‍ എന്റെ ഞെരമ്പുകളില്‍ കരന്റായി ഒഴുകിയപ്പൊഴും..
ഞാനവിടെയുണ്ടായിരുന്നു..
പക്ക്ഷെ ഒരിക്കല്‍ പോലും അവളെന്നെ കണ്ടില്ല..
അല്ല കണ്ടതായി ഭാവിച്ചില്ല...
അവളുടെ മനസ്സില്‍ എന്തായിരുന്നിരിക്കും?
ആ ഇഷ്ടികഭിത്തികള്‍ തകര്‍ത്ത്‌ എന്റെ സ്പര്‍ശനമേല്‍ക്കുവാന്‍ അവള്‍ കൊതിച്ചു കാണുമോ???

അവള്‍ ആരായിരുന്നെന്നോ....
അവള്‍ എന്റെ കവിതയായിരുന്നു..
കവിതകളില്‍ ഞാന്‍ കൊരുത്ത വാക്കുകളായിരുന്നു..

ഒരായിരം മാപ്പ്‌

ആ പടികളിലിരുന്ന് ഏങ്ങലടിക്കുന്നത്‌ കാണുമ്പോള്‍..
എന്റെ ഉള്ളൊന്നു പിടയും...
പിന്നെ കിടക്കയില്‍ മുഖമമര്‍ത്തി...
കസേരയുടെ കൈത്താങ്ങിലമര്‍ത്തിപ്പിടിച്ച്‌..
വടക്കുപുറത്തെ തിണ്ണയിലിരുന്ന്..
കഞ്ഞി വെക്കുന്ന അടുപ്പിന്നരികില്‍ നിന്ന്..
ഉള്ളില്‍ ഒരുനൂറു നീറ്റുകക്കകള്‍ വാരിയിട്ടപ്പോല്‍...
ചോരയൊഴുകുന്ന ഓവുചാലുകളില്‍...
ഉച്ചവെയിലേറ്റു വാടിത്തളര്‍ന്നൊരീ ഓര്‍മകള്‍ മന്ത്രിക്കും...

അമ്മേ.....മാപ്പ്‌...ഒരായിരം മാപ്പ്‌..

ഹൃദയങ്ങള്‍ ഉരുകിച്ചേരുമ്പോള്‍..

ആ വളവിലായിരുന്നു ഞാന്‍ അവളെ ആദ്യമായി കണ്ടത്‌..
ഒരു ചുവന്ന കാറിലായിരുന്നു ഞാനും അവളും ആദ്യമായി യാത്ര പോയത്‌..
ഒരു നനുത്ത ചിരിയായിരുന്നു അവളെനിക്ക്‌ ആദ്യമായി സമ്മാനിച്ചത്‌..
ഒരു ഇറക്കത്തില്‍ വെച്ചായിരുന്നു ഞങ്ങള്‍ ആദ്യമായി സ്പര്‍ശിച്ചത്‌...

പിന്നെ കാട്ടുവള്ളികള്‍ പോലെ പടര്‍ന്ന പ്രണയമായിരുന്നു...
ഗര്‍ജ്ജിക്കുന്ന സിംഹങ്ങള്‍ക്കിടയിലൂടെ...
ഓട്ടക്കണ്ണിട്ടു നോക്കുന്ന കുറുനരികള്‍ക്കിടയിലൂടെ...
പ്രാണനു വേണ്ടിയുള്ള ഓട്ടം...പനി പിടിച്ചുള്ള ഓട്ടം...

വെയിലിലായിരുന്നു ഞങ്ങള്‍ ഓടിയത്‌...
മഴയിലായിരുന്നു ഞങ്ങള്‍ ഓട്ടം നിറുത്തിയത്‌..
ഇടിമിന്നലായിരുന്നു ഞങ്ങള്‍ക്ക്‌ സമ്മാനമായ്‌ കിട്ടിയത്‌..
ഹൃദയങ്ങളായിരുന്നു ഉരുകിച്ചേര്‍ന്നത്‌...

എന്തേ ഞാനിങ്ങനെ...

എന്തേ ഞാനിങ്ങനെ...
നീയെന്നു കേല്‍ക്കുമ്പോള്‍....
നിന്നെക്കുറിച്ചാലോചിക്കുമ്പോള്‍...
നിന്റെ ചിന്തകളില്‍ ഞാന്‍ മയങ്ങിക്കിടക്കുമ്പോള്‍..
നിന്റെ കണ്‍പീലികളെ ഉമ്മ വെയ്ക്കുമ്പോള്‍..
നിന്നെ ഹൃദയത്തോട്‌ ചേര്‍ത്ത്‌ പിടിക്കുമ്പോള്‍...
അറിയാതെ...അറിയാതെ വിതുംബിപ്പോകുന്നു....
സ്നേഹിച്ച്‌ മതിയാകുന്നില്ലല്ലൊ..
കണ്ട്‌ കൊതി തീരുന്നില്ലല്ലൊ...
എത്ര പറഞ്ഞിട്ടും തീരുന്നില്ലല്ലോ...
എന്തേ എനിക്ക്‌ പറ്റിയത്‌...
ഒരിക്കലുമില്ലാത്ത പോലെ...
എന്തേ ഞാനിങ്ങനെയായത്‌...

Saturday, January 5, 2008

താരകങ്ങളേ മാപ്പ്‌

ഹേ..താരകമേ... എനിക്കു നിന്നോട്‌ സഹതാപമാണ്‌..
നീയിത്ര സുന്ദരിയായിട്ടും..
നീയിത്ര പ്രഭ ചൊരിഞ്ഞിട്ടും...
നീയറിയുന്നുവോ പ്രണയം എന്താണെന്ന്??
നീയറിയുന്നുവോ അതിന്റെ സുഖമെന്താണെന്ന്??

ഹേ താരകമേ... നീയെവിടെയാണ്‌???
ചക്രവാള്‍ത്തിന്റെ അങ്ങേത്തലക്കല്‍ പോയ്‌ മറഞ്ഞുവോ??
അതോ വെളിച്ചമില്ലാതെ പൊലിഞ്ഞു പോയോ..??
ഞാനെന്റെ പ്രണയിനിയുടെ മടിയില്‍ തലചായ്ച്ച നേരം..
നിന്നെ മറന്നു പോയി...
അവളുടെ ചിരിയില്‍ നിന്റെ പ്രഭ ഞാന്‍ അറിയാതെ പോയി...

ഹേ..താരകമേ...
നീയെത്ര നിര്‍ഭാഗ്യവതിയാണ്‌...
അവളെന്റെ ചാരത്തണഞ്ഞപ്പോള്‍
പ്രണയത്തിന്റെ നോവ്‌ ഞാനറിഞ്ഞപ്പോള്‍...
നിന്റെ സൗന്ദര്യം എനിക്ക്‌ ആസ്വദിക്കാനേ കഴിയുന്നില്ലല്ലൊ..