Tuesday, November 1, 2011

മുള്ളുകള്‍ കൊണ്ടൊരു ശില്പം

നിങ്ങള്‍ കാരമുള്ളുകള്‍ വെച്ചുണ്ടാക്കിയ ഒരു ശില്‍പം പോലെയാണ്
എവിടെ സ്പര്ശിചാലും ചോര പൊടിയുന്ന
കൂര്‍ത്ത നോട്ടമുള്ള നീണ്ടു മെലിഞ്ഞ ശില്‍പം

ഹൃദയത്തോട് അടുപ്പിച്ചപ്പോള്‍
നെഞ്ച് പൊളിയുന്ന വേദന

അകലെ നിന്ന് നോക്കിയപ്പോള്‍
കണ്ണിമകളെ പൊതിയുന്ന ഇരുട്ട്

എറിഞ്ഞുടയ്ക്കാന്‍ തുനിഞ്ഞപ്പോള്‍
വല്ലാത്ത കനല്‍ചൂട് ..

ഇനിയെന്ത് ചെയ്യും?
മേഘങ്ങളില്‍ പൊതിഞ്ഞ്
മഴനൂലുകള്‍ കെട്ടി
കാറ്റ് കിന്നാരം ചൊല്ലുന്ന തക്കം നോക്കി
ഒരു അപ്പൂപ്പന്‍ താടിയാക്കി പറത്തി വിടട്ടെ?

Friday, September 16, 2011

ജീവിക്കാന്‍ മറന്നു പോയവന്‍: ഓണം പോയ വഴികളിലൂടെ ...

ജീവിക്കാന്‍ മറന്നു പോയവന്‍: ഓണം പോയ വഴികളിലൂടെ ...: ഓണമൊഴിഞ്ഞു പോയൊരു നാട്ടില്‍ മുക്കുറ്റിയുടെ ചേലൊഴിഞ്ഞ തൊടികളില്‍ തുമ്പയുടെ മണമൊഴിഞ്ഞ കാറ്റില്‍ ഏകാന്തതയുടെ പൂക്കളങ്ങള്‍ തീര്‍ത്ത് നൈരാശ്യത്...

ഓണം പോയ വഴികളിലൂടെ ...

ഓണമൊഴിഞ്ഞു പോയൊരു നാട്ടില്‍
മുക്കുറ്റിയുടെ ചേലൊഴിഞ്ഞ തൊടികളില്‍
തുമ്പയുടെ മണമൊഴിഞ്ഞ കാറ്റില്‍
ഏകാന്തതയുടെ പൂക്കളങ്ങള്‍ തീര്‍ത്ത്
നൈരാശ്യത്തിന്റെ ഓണപ്പുടവയുമെടുത്ത്
ഞാനിരുന്നു ...

മനസ്സ് മരം കൊണ്ടു തീര്‍ത്ത
തൃക്കാക്കരയപ്പനുകള്‍ക്ക് സമമായപ്പോള്‍
ചിന്തകള്‍ പ്ലാസ്ടിക് പൂക്കള്‍ക്ക് പണയം വെച്ചപ്പോള്‍
ഓണസദ്യകള്‍ പാക്കറ്റുകളില്‍ വീര്‍പ്പു മുട്ടിയപ്പോള്‍
ഞാനറിഞ്ഞു ...

വേരുകള്‍ മുറിഞ്ഞു പൊട്ടുന്നത് ...
മണ്ണ് മരിച്ചു പോകുന്നത് ...

Thursday, June 16, 2011

വികാരത്തിന്റെ ചാട്ടുളികള്‍

നിന്റെ വികാരത്തിന്റെ ചാട്ടുളികള്‍
വന്നു തറച്ചത് എന്റെ കണ്ണുകളിലായിരുന്നു...
ചോര ചീറി അന്ധനായി ഞാനലഞ്ഞു ..
നിന്റെ അസ്ത്രങ്ങള്‍ക്ക് പിന്നില്‍ ,
കാറ്റിന്റെ പ്രവേഗത്തില്‍..പ്രണയമെന്നു
തെറ്റിദ്ധരിക്കപ്പെടാവുന്ന..
കാമത്തിന്റെ തീക്ഷണതയില്‍ ...!

നിന്റെ വരുണാസ്ത്രങ്ങള്‍ എന്നെ
സ്വപ്നമഴയില്‍ ഈറനുടുപ്പിച്ചു ..
നീ തൊടുത്ത ആഗ്നേയാസ്ത്രങ്ങള്‍
എന്റെ മനസ്സിനെ ആളിക്കത്തിച്ചു ..
നിന്റെ സൂര്യ ബാണങ്ങള്‍ എന്റെ
എന്റെ തൊലിക്കടിയില്‍ ചൂടിന്റെ
മുള്‍ക്കിടക്കകല്‍ വിരിച്ചു ..

നിന്റെ സംമോഹനാസ്ട്രങ്ങള്‍ ,
മായയുടെ മന്ത്രങ്ങള്‍ ചൊല്ലി
എന്റെ കിനാക്കളെ പൂവണിയിച്ചു
നിന്റെ പാശുപതാസ്ട്രം..
എന്റെ ജീവനെ നിന്റെ വികാരങ്ങളുടെ
അടിമയാക്കി വിലങ്ങുകളില്‍ കെട്ടിവലിച്ചു

പിന്നെ...നിന്റെ ബ്രഹ്മാസ്ത്രം
എന്റെ വികാരങ്ങളെ വെറുമൊരു ശിലയാക്കി
ഒടുങ്ങാത്ത സ്വപ്നങ്ങളുടെ
തീരാത്ത പ്രണയത്തിന്റെ
കാണാക്കയങ്ങളിലെക്ക് വലിച്ചെറിഞ്ഞു

Thursday, June 9, 2011

അറിയൂ നീയോമനേ..

നീയറിഞ്ഞില്ലയെന്‍, മനസ്സിന്റെ പൂമരം
പൂത്തതും നിനക്കായ് തുടിച്ചു നിന്നതും
നീയറിഞ്ഞില്ലയെന്‍, ഹൃദയത്തിന്‍ ശംഖുപുഷ്പം
വിടര്‍ന്നതും നിനക്കായ് തേന്‍ നിറച്ചതും ..

നീ തൊട്ട ശിലയന്നു ഗന്ധര്‍വനായതും
പൂത്തിരുവാതിര തീരാതിരുന്നതും
മാകന്ദ ഗന്ധം മരിക്കാതിരുന്നതും
രാത്രി മഴയന്നു തോരാതിരുന്നതും ,
നിന്‍ സ്നേഹമുല്ല തന്‍ വല്ലിപ്പടര്‍പ്പിന്റെ
പ്രണയ ശ്വാസങ്ങളില്‍ ...
ഇഴപിരിഞൊട്ടിയ സ്വപ്നകൂപങ്ങളില്‍

ഇന്നുമീ നേരങ്ങള്‍ നിന്റെ കണ്‍പീലികള്‍
തേടി നടക്കുന്ന ഗന്ധര്‍വ യാമങ്ങള്‍ ..
നിന്റെ കൈവെള്ളകള്‍..മോഹങ്ങള്‍
പേറുന്ന തൂവല്‍ കിടക്കകള്‍ ...
നിന്റെ കാല്‍വിരലുകള്‍ ..ഓര്‍മ്മകള്‍
പൂവിടും ചെമ്പകത്തണ്ടുകള്‍

എന്നിട്ടുമെന്തേ നീ
മോഹത്തിന്‍ ദര്‍ഭമുനകള്‍ പറിചെറിഞ്ഞിടുന്നു
പ്രണയത്തിന്‍ ഗര്‍ഭഭിത്തികള്‍ തകര്‍ത്തിടുന്നു
ജന്മാന്തരങ്ങളായ് നമ്മളില്‍ നിറയുന്ന
ചെമ്പകപ്പൂമണം അകറ്റിടുന്നു

അറിയൂ നീയോമനേ..
നിന്റെ പൂമ്പാറ്റകള്‍
തേടുന്ന പൂക്കള്‍ ,വിടരുന്നയാരാമം ഇതു തന്നെയെന്ന്‍..
ഇതു മാത്രമെന്ന്‍...!

Friday, June 3, 2011

ലോവേസ്റ്റ്‌ ജീന്‍സ്

എന്റെ ചില സുഹൃത്തുക്കള്‍ എന്നെ വിട്ടു പോയത്
പ്രണയത്തെ ഞാന്‍ ലോ വേസ്റ്റ്‌ ജീന്‍സ് എന്ന പേരിട്ട് വിളിച്ചത് കൊണ്ടാണ് !
മുന്നോട്ടു പോകും തോറും താഴേക്കിരങ്ങുകയും ...
നല്ലതെന്ന് കരുതിയതൊക്കെയും നല്ലതല്ലെന്ന്‍ മനസ്സിലാക്കി തരുകയും ..
ചെയ്യുന്ന പ്രണയത്തെ ഞാന്‍ മറ്റെന്തു പേരാണ് വിളിക്കേണ്ടത് ??

അവരുടെ ചിന്തകളില്‍ പ്രണയത്തിനു തുമ്പപ്പൂവിന്റെ മണവും
കാട്ടാറിന്റെ കുളിര്‍മയുമായിരുന്നു!
ഒരു കാലവര്‍ഷക്കാലത്ത് കുനിഞ്ഞു നില്‍ക്കുന്ന
ചേമ്പിലയില്‍ ഉരുന്ടിറങ്ങിയ വെള്ളത്തുള്ളിയുടെ പരിശുദ്ധിയായിരുന്നു..!

മുഷിഞ്ഞ മണവും പേറി , മേലാകെ കറകളുള്ള, കീറലുള്ള
പിങ്ക് നിറത്തിലുള്ള അടിവസ്ത്രം പൊളിച്ചു കാട്ടുന്ന നിഷേധിയായ
പ്രണയത്തെ അവര്‍ക്കറിയില്ലായിരുന്നു ..!

അവരരിഞ്ഞ തുമ്പപൂ മണം ഡിയൊദരിന്ടിന്റെതാനെന്നും
കുളിര്‍മ വിദേശ നിര്‍മ്മിത ബോഡി ലോഷന്റെതാണെന്നും
പരിശുദ്ധി ഒരൊഴിഞ്ഞ പോളിത്തീന്‍ കവറു പോലെ
നഗ്നമായിരുന്നുവെന്നും അറിയുമ്പോഴേക്കും ...

ഇറങ്ങി വന്നു കഴിഞ്ഞിരിക്കും..ആ ലോ വേസ്റ്റ്‌ ജീന്‍സ് ...കാല്‍മുട്ട് വരേയ്ക്കും !!!

Thursday, June 2, 2011

മരുഭൂമികള്‍ ഉണ്ടായത്

നിന്റെ ഹൃദയത്തിന്റെ വിങ്ങല്‍
എന്റെ കാമത്തിന്റെ ചോറ്റുപാത്രത്തിലെ
എച്ചിലുകലായി ..മനസ്സിന്റെ ചോര ചിന്തിയ ഭിത്തികളില്‍
പറ്റിപ്പിടിച്ചു കിടന്നു ...

ചിന്തകളുടെ സ്ഖലനം കഴിഞ്ഞ്
ഭോഗാലസ്യത്തിലേക്ക് വഴുതി വീണപ്പോള്‍
പ്രണയത്തിന്റെ നാമ്പുകള്‍ തലപൊക്കി നോക്കി
ഒരാത്മനിന്ദയോടെ തലകുനിച്ചു നിന്നു..

ഒരിക്കലും പ്രണയിക്കാനാവാത്ത മനസ്സിന്റെ പ്രേതം
ഹോര്‍മോണ്കളായി സിരകളില്‍ രതിയുടെ
പേക്കൂത്ത് നടത്തി ...

പിന്നെ തളര്‍ന്നുറങ്ങുമ്പോള്‍, എന്റെയീ വെറും മാംസപിണ്ടത്ത്തില്‍
ഈച്ചകള്‍ കുരുതിക്കളം തീരത്ത് ഉറഞ്ഞു തുള്ളി

ഒടുക്കം ആരോ എടുത്ത് ...
അറവു മാലിന്യം തള്ളുന്ന കുഴിയില്‍ വെട്ടി മൂടി
അങ്ങനെയാണ് മരുഭൂമികള്‍ ഉണ്ടായത് ..!!!

Monday, May 23, 2011

ഓര്‍മ

ഓര്‍മയുടെ ജനാലപ്പാളികള്‍ അടര്‍ന്നു വീണു
ചതഞ്ഞു മരിച്ച മനസ്സിന്റെ അവസാനത്തെ
മോഹമായി നിന്റെ ചില്ല് പൊട്ടിയ ചിത്രം
ചുമരില്‍ തൂങ്ങിക്കിടന്നു..

നിന്റെ ചുവന്ന നിറത്തിലുള്ള കണ്ണുനീര്‍
ഒലിച്ചിറങ്ങി നിലത്തെ വിണ്ടു പൊട്ടിയ
വിടവുകളില്‍ വടുക്കളായ് മലര്‍ന്നു കിടന്നു

നിന്റെ നിശ്വാസങ്ങള്‍ പൊടിക്കൂമ്പാരങ്ങളെ
വകഞ്ഞു മാറ്റി മാറാലകളെ ഇഴ പൊട്ടിച്ച്
നിലവറയില്‍ നിറഞ്ഞു നിന്നു..

നിന്റെ നോട്ടം ഒരു തീക്ഷ്ണ രശ്മിയേക്കാള്‍ ഘനം പൂണ്ട്
വാതില്‍പ്പാളികല്‍ക്കിടയിലൂടെ എന്റെ
ദേഹത്തെ കുത്തി നോവിച്ചു

നിന്റെ കാലടിയൊച്ചകള്‍
മച്ചിന്റെ മുകളിലെ മരപ്പട്ടിയുടെ രൂപമെടുത്ത്
എന്റെ പ്രണയ നൊമ്പരങ്ങളെ തല്ലിയോടിച്ചു

പിന്നെ നിന്റെ സ്വപ്‌നങ്ങള്‍ അറയ്ക്കകത്തെ
വാളും ചിലമ്പുമണിന്ജ് എന്റെ മരിച്ച മനസ്സിനെ
വീണ്ടും വരഞ്ഞു കൊന്നു ...

Wednesday, May 11, 2011

കൃഷ്ണതുളസി

നിന്റെ പ്രണയത്തിന്റെ തീച്ചൂളക്കരികില്‍
നിന്ന ഒരു കൊച്ചു കൃഷ്ണതുളസി ..!
ഉഷ്ണമേറ്റു പിടഞ്ഞപ്പോഴും
ചിരിയോടെ നിന്ന്
നിന്റെ മുടിത്തുമ്പില്‍
മായാത്ത സുഗന്ധമായ്‌
ഹൃദയത്തില്‍ വറ്റാത്ത സ്നേഹമായ്
കനവില്‍ കനകവര്‍ണമായ്
നിറഞ്ഞു..
പിന്നെ നിന്റെ വരണമാല്യത്തിന്റെ ചന്തമായ്
ഏതോ അറിയാത്ത വഴിവക്കില്‍ അനാഥനായി ..

Friday, January 7, 2011

ആള്‍കൂട്ടം

ഉറങ്ങിയെണീറ്റു നോക്കിയപ്പോള്‍ഏതോ ഒരു സ്റ്റേഷനാണ്‌..
പുളിക്കുന്ന കണ്ണുകള്‍ കൊണ്ട്‌
ആദ്യം കണ്ടത്‌ ഒരാള്‍കൂട്ടമാണ്‌
അടുത്ത പാളത്തിന്നരികിലായി..
കറുത്തു മെലിഞ്ഞ
കുറേ കാലുകള്‍ക്കിടയിലൂടെ
ഞാനും കണ്ടു..
ഒരു സ്വപ്നം അടര്‍ന്നു വീണു കിടക്കുന്നത്‌... !
സ്വപ്നത്തിന്റെ നിറം ചുവപ്പാണെന്ന്‌
ആദ്യമായി തിരിച്ചറിഞ്ഞതും അന്നു തന്നെയാണ്‌.