Wednesday, October 22, 2008

അവളെ വിവാഹം കഴിച്ചത്‌..

മഴ നനഞ്ഞത്‌..
പനി പിടിക്കാനാണ്‌
കൊന്നമരത്തിന്റെ പൂത്തചില്ലകള്‍..
വലിച്ചു താഴ്ത്തിയത്‌..
ഹൃദയത്തിലൊരു പൊന്‍ കണി വെയ്ക്കാനാണ്‌
കടലു കാണാന്‍ പോയത്‌..
ചക്രവാളത്തിലേക്കുള്ള ദൂരമളക്കാനാണ്‌
പട്ടം പറത്തിക്കളിച്ചത്‌..
കാറ്റിനെ വരുതിയിലാക്കാനാണ്‌
ഒരു പെണ്ണിനെ പ്രേമിച്ചത്‌..
സ്നേഹമറിയാനാണ്‌
അവളെ വിവാഹം കഴിച്ചത്‌..
അവളോടൊപ്പം തന്നെ മരിക്കാനാണ്‌

പുക...

പുകയാണ്‌ ചുറ്റിലും..
പുക തന്നെ പുക...
കറുത്ത പടവുകള്‍ കെട്ടി..
കരിഞ്ഞ മണവും പേറി..
കറ പിടിച്ച കണ്ണുകളുള്ള
കാമപ്പുക...

ഇന്റര്‍നെറ്റ്‌ കഫേകളിലെ ഏ സി കാബിനുകളില്‍..
അടച്ചിട്ട നാലുചക്രവണ്ടികളില്‍..
കാമ്പസ്സിലെ ഒഴിഞ്ഞ വരാന്തകളില്‍..
ഐസ്ക്രീം പാര്‍ലറുകളില്‍...
കടിച്ചുവീര്‍ത്ത ചുണ്ടുകളില്‍ നിന്ന്
പിടക്കുന്ന ഹൃദയത്തില്‍നിന്ന്
നഖ കൊണ്ടു പോറിയ പാടുകളില്‍ നിന്ന്
കാമപ്പുക..!

ചിമ്മിണിക്കുഴലിനെ വെല്ലുന്ന പുക..
കറുത്തു തടിച്ച..
ചോര മണക്കുന്ന
കൂര്‍ത്ത പല്ലുകളുള്ള,
വിയര്‍പ്പു നാറുന്ന പുക..

പൂവിതള്‍ പോലുള്ള ബാല്യമോ
കൊഴിഞ്ഞു തീരും വാര്‍ധക്യമോ
വിടര്‍ന്നു നില്‍ക്കും കൗമാരമോ
അറിയാത്ത പുക..
കണ്ണു കെട്ടിയ പുക..

പുക...ചുറ്റിലും പുക...

Monday, October 20, 2008

ശ്മശാനത്തിലെ പൂക്കള്‍

ശ്മശാനത്തിലെ പൂക്കള്‍ മരിച്ചവരുടെ മോഹങ്ങളാണ്‌
അവ മഞ്ഞയായ്‌ വെള്ളയായ്‌ പൂത്തുവിരിഞ്ഞു നില്‍ക്കും..
പിന്നെ സ്വപ്നങ്ങളുടെ ചിത്ര ശലഭങ്ങള്‍ അവയ്ക്കുമേല്‍ വന്നിരിക്കും
അവരുടെ വികാരങ്ങള്‍ മഞ്ഞുതുള്ളികളാവും
പ്രഭാതത്തില്‍ അവ പൂക്കളെ തലോടി നില്‍ക്കും...
കിണറ്റില്‍ വീണു മരിച്ച എന്റെ കൂട്ടുകാരന്റെ കുഴിമാടത്തിനടുത്ത്‌..
ശവം നാറിപ്പൂക്കള്‍ വിടര്‍ന്നു നിന്നിരുന്നു..
കറുത്ത നിറമുള്ള കുരിശുകള്‍ മറികടന്ന്..
കുഴഞ്ഞുകിടന്ന മണ്ണില്‍ ചവുട്ടി...ഞാന്‍ നടന്നു..
ജനനം 2006 ജനുവരി പതിമൂന്ന്..
മരണം 2008 മാര്‍ച്ച്‌ നാല്‌
പേര്‌ റ്റിനു തോമസ്‌
അരികിലായി ഒരു വലിയ സൂര്യകാന്തിപ്പൂവ്‌...
മനം മറിയുന്ന പോലെ...
ആരോ താഴേക്ക്‌ പിടിച്ചു വലിക്കുന്നു..
കാലില്‍ വള്ളികള്‍ പടര്‍ന്നു കയറുന്നു..
കാലുകള്‍,കയ്യുകള്‍, പിന്നെ തല..
മണ്ണിലേക്കു താഴ്‌ന്നു പോയി..
ഗ്രാനൈറ്റ്‌ സ്ലാബുകള്‍ വന്നു മൂടി..
കാലം കുറെ കടന്നു പോയി...
ഗ്രാനൈറ്റ്‌ പ്രതലങ്ങള്‍ക്കിടയില്‍ നിന്ന് ചില പൂക്കള്‍ ഒളിഞ്ഞു നോക്കി..
അവയില്‍ പൂമ്പാറ്റകള്‍ വന്നിരുന്നു.. മഞ്ഞുതുള്ളികല്‍ ഇറ്റു വീണു..

Friday, October 17, 2008

നീ....ഞാന്‍.....പിന്നെ...മഴ

വിരഹത്തിന്റെ വിത്തുകള്‍ പൊട്ടിമുളച്ചത്‌ ആ വേനല്‍ മഴയിലായിരുന്നോ??
പ്രാണന്റെ വേരുകള്‍ പടര്‍ന്നതും..
കുഴഞ്ഞ മണ്ണിലേക്കാണ്ടിറങ്ങിയതും..
പിന്നെ.... നെറ്റിയില്‍ വീണ ആദ്യത്തെ.. മഴത്തുള്ളി
മൂക്കുപാലത്തിലേക്കിറങ്ങി..
പിന്നെ രണ്ടായി പിരിഞ്ഞു പോയതും...
ഹൃദയം നനുത്ത മഞ്ഞു പോലെയായതും...
ആ മഴയില്‍ തന്നെയല്ലേ???

എടീ..ആ വെള്ളത്തുള്ളികള്‍...
നിന്നെ വേദനിപ്പിച്ചിരുന്നോ???
എന്റെ മണമുള്ള, ആ നനുത്ത കുപ്പായം...
നീ നനയ്ക്കാതെ സൂക്ഷിച്ചു വെച്ചിരുന്നത്‌...
ആ മഴയിലാണൊ നനഞ്ഞു പോയത്‌??
നാമൊരുമിച്ച്‌ ചോക്കുകുറ്റികള്‍ കൊണ്ട്‌..
കുളപ്പടവിലെഴുതിയ അക്ഷരങ്ങള്‍..
ആ മഴയിലാണോ മാഞ്ഞു പോയത്‌??

എന്തേ ഒന്നും പറയാതിരിക്കുന്നത്‌?
പുറത്തു പെയ്യുന്ന പേ പിടിച്ച മാരിയില്‍..
ഞാന്‍ നിന്നെ കേള്‍ക്കാതെ പോകുന്നതാണോ??
ഓാ...ഈ മഴ എന്നെ ഭ്രാന്തു പിടിപ്പിക്കുന്നു....
അന്ന് ആ വേനല്‍ മഴയും അവളെ..
ഒരുപാടു കരയിച്ചിട്ടുണ്ടാവണം....
ആ നശിച്ച മഴയില്‍ ആരും അതു കണാതെ പോയി..