Monday, July 16, 2018

പിറന്നാള്‍



ഓര്‍മകളുടെ കിനാവള്ളികളില്‍
ചെമ്പകപ്പൂവിന്റെ മണം നിറയ്ക്കുന്ന,
കണ്ണുകളുടെ നനഞ്ഞ കോണുകളില്‍
തിളങ്ങുന്ന വൈരക്കല്ലുകള്‍ പാകുന്ന,
അമ്മയുടെ വാത്സല്യത്തില്‍
സ്വപ്നങ്ങള്‍ ആകാശമേറ്റുന്ന,
കലണ്ടറിലെ വട്ടമിട്ട അക്കമാണ്
എന്റെ പിറന്നാള്‍!

ഓരോ വര്‍ഷവും
കേക്കിന്റെ മധുരത്തില്‍ അലിഞ്ഞില്ലാതാകുന്ന
പ്രായമാണ് എന്റെ മനസ്സിന്...

Monday, February 12, 2018

നിന്റെ റോസാപുഷ്പങ്ങളുടെ ഗന്ധം

എന്റെ പ്രണയം ഉരുക്കു പോലെ ശക്തവും, കടല് പോലെ വിശാലവും ആണ്

അത് വായു പോലെ സത്യവും, പൂവു പോലെ മൃദുലവും ആണ്

പക്ഷെ,

നീയതിനെ,നിന്റെ സ്വപ്നങ്ങളുടെ കൂര്‍ത്ത അഗ്രങ്ങളാല്‍, മുറിവേറ്റ ഹൃദയത്തിന്റെ ചോരപ്പാടുകളാല്‍ ,

പിന്നെ നഷ്ടപ്രണയത്തിന്റെ ഭ്രമണപഥങ്ങളില്‍ ചരിക്കുന്ന പൊട്ടിയ വാല്‍നക്ഷത്രങ്ങളാല്‍ ,

മോഹങ്ങളുടെ മണം പുരണ്ട അനിശ്ചിതത്വങ്ങളുടെ അനന്തമായ വാക്കുകളുടെ ഒടിഞ്ഞ പൂമ്പാറ്റച്ചിറകുകളാല്‍ ,

മറച്ചു വെച്ചിരിക്കുകയാണ് ...മറവിയുടെ കാണാത്ത ഗുഹാവിഹാരങ്ങളില്‍ തള്ളിവിട്ടിരിക്കുകയാണ്

അറിയാമെനിക്ക്,

എന്റെ അസ്ഥികളില്‍ പൂവള്ളികള്‍ പടര്‍ന്നു  കയറിയത് നിന്റെ രാഗങ്ങളുടെ താഴ്വാരത്തു നിന്നാണെന്ന്..

എന്റെ മൂകമായ സഞ്ചാരങ്ങള്‍ക്ക് ,ഒരു കാട്ടുതീയിന്റെ വന്യത നല്‍കിയത്
നിന്റെ മിഴിപ്പൂക്കളാണെന്ന്..

എന്നിട്ടും,
ശ്വാസമില്ലാതെ, ശരണമില്ലാതെ  എന്റെ ആത്മാവ് മാര്‍ബിള്‍ ഭിത്തികളില്‍
കുടിയിരുത്തപ്പെട്ടപ്പോള്‍ എന്തേ നിന്റെ റോസാപുഷ്പങ്ങളുടെ ഗന്ധം ഞാന്‍ അറിയാതെ പോയി?

Friday, March 7, 2014

മുഖ പുസ്തകത്തിൽ വീഴുന്ന ചോര


ചില്ലു കൂട്ടിൽ വെച്ച വേശ്യകളെപ്പോലെയാണ്‌ 
ചിലർ മുഖപുസ്തകത്തിലെ പെണ്ണുങ്ങളെ കാണുന്നത് 
മിന്നി നിൽക്കുന്ന പച്ച ബൾബ് 
കാമത്തിന്റെ തടുക്കാനാവാത്ത സ്രോതസ്സ് !!!
പിന്നെ വില പേശൽ തുടങ്ങുകയായി 
ആദ്യം സ്മൈലികളിൽ , നിരുപദ്രവകരം 
എന്ന് തോന്നുന്ന കുശല സംഭാഷണങ്ങളിൽ ...
മനസ്സിൽ കാമത്തിന്റെ എച്ചിലുകൾ പേറി ,
മുഖം മോണിട്ടറുകൾക്ക് വാടകയ്ക്കു കൊടുത്ത്
തെരുവുകളിൽ അലഞ്ഞു തിരിയും ..
കണ്ണുകൾ പരുന്തിന്റെ കാൽ നഖങ്ങൾ
പോലെയാക്കി, പക്ഷിക്കുഞ്ഞുങ്ങളെ
റാഞ്ചിയെടുത്ത് അവർ വിദൂരതയിലേയ്ക്ക് പറക്കും .
പിന്നെ ചോര വലിച്ചു കുടിച്ച്,
ഉയരങ്ങളിൽ നിന്ന് താഴേയ്ക്കെറിയും !!!
അപ്പോളും കുറെ പേർ ലൈക്കും ഷെയറും ചെയ്യും
പിന്നെ ചില കമന്റുകളിലൂടെ ബാക്കിയുള്ള ചോരയും ഊറ്റിക്കുടിക്കും !!

ഇത് വരെ പറയാത്ത ഇഷ്ടങ്ങൾ

ഇതു വരെ പറയാത്ത , പറയാൻ മറന്നു പോയ വാക്കുകൾ 

മഴയുള്ള ഒരു രാത്രിയിൽ കുടയില്ലാതെ, നിന്റെ തോളിൽ കയ്യിട്ട് നിന്നോട് ചേര്‍ന്ന് നടക്കാൻ, ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു നാട്ടിലേയ്ക്ക് ഒരു പഴയ ചുവന്ന ബസ്സിൽ ഒരുമിച്ചൊരു യാത്രപോകാൻ, ആ യാത്രയില്‍ നനുത്ത കാറ്റിൽ ഒരുമിച്ചൊരു സംഗീതമാകാൻ, തോളിൽ തല ചാരിയുറങ്ങാൻ ....

മലമുകളിലെ ക്ഷേത്രത്തില്‍ നിന്റെ കൈകോര്‍ത്ത് നിന്ന് നിനക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാൻ, നീ കണ്ണടച്ചു പ്രാർഥിക്കുമ്പോൾ നീയറിയാതെ നിന്നെ നോക്കിനില്‍ക്കാൻ, വീര്യമുള്ള വീഞ്ഞു നുകര്‍ന്ന് ഉന്‍മത്തരാവാൻ, നിന്നോടൊപ്പം ഒരു നൃത്തത്തിന്റെ ചുവടുവയ്ക്കാൻ, ഒരുമിച്ചൊരു പാട്ട് പാടാൻ,ചുറ്റും ചിരാതുകൾ കത്തിച്ചുവച്ച് മുകളിലേയ്ക്ക് നോക്കി , നിന്നെ എനിക്ക് നല്‍കിയ ഈശ്വരനോട് നന്ദി പറയാൻ,

വെറുതെ ഒരു കടല്‍തീരത്ത് നിന്നോടൊത്ത് മൌനങ്ങൾ പങ്കിട്ട് തിരകൾ എണ്ണിയിരിക്കാൻ , നാം മാത്രമാകുന്ന ഒരു തോണിയില്‍ എങ്ങോട്ടെന്നില്ലാതെ ഒഴുകിപ്പോകാൻ, ഒരു പ്രഭാതത്തിൽ തണുപ്പുള്ള ഒരു കുന്നിന മുകളിൽ നിന്ന് നിന്നെയും ചേർത്തു നിർത്തി നീ എന്റേതു മാത്രമാണെന്ന് ഉറക്കെ വിളിച്ചു പറയാൻ , അതിന്റെ പ്രതിധ്വനികൾ കേട്ട് മറുവാക്ക് ചൊല്ലാൻ ...

നീ ഉറങ്ങുമ്പോൾ നിന്റെ കണ്‍ പീലികളിൽ നീയറിയാതെ നിനക്കൊരുമ്മ നല്‍കാൻ, നിന്നെ പുണര്‍ന്നുകൊണ്ട് നഷ്ടപ്പെട്ട ബാല്യത്തെ, കൌമാരത്തെ വീണ്ടെടുക്കാൻ, എന്നെത്തന്നെ കണ്ടെത്തുവാൻ,ജീവിതത്തിന്റെ അവസാന നിമിഷങ്ങളിലും നിന്റെ മുഖം മാത്രം കണ്ടു കൊണ്ടിരിക്കാൻ , നിത്യതയിലേയ്ക്ക് ഒഴുകിപ്പോകുമ്പോൾ നിന്റെ മാത്രം സ്മരണകൾ ഉണ്ടാകാൻ, അതിൽ എന്നെപ്പോലും മറന്നു പോകാൻ!

ഇത് വരെ പറയാത്ത ഈ ഇഷ്ടങ്ങൾ ഇവിടെ എഴുതുമ്പോൾ, നീ എന്റെ തന്നെ എന്ന് , അല്ല നീ ഞാൻ തന്നെയെന്ന് വീണ്ടുമോർക്കുന്നു ...

ചിന്തകൾക്ക് കടപ്പാട് : അയ്യപ്പൻ ആചാര്യയ്ക്ക്

സുഷിരവാദ്യം

ഞാൻ , സുഷിരങ്ങൾ അടഞ്ഞു പോയ ഒരു 
സുഷിരവാദ്യം പോലെ 
പ്രണയം ഉള്ളിലൊ ളിപ്പിക്കുന്നു ...

ഞാൻ, ശിശിരങ്ങൾ മഞ്ഞു കൊണ്ടു മൂടിയ 
ഒരു ശിഖരം പോലെ 
സ്വപ്‌നങ്ങൾ മറച്ചു വെയ്ക്കുന്നു

Wednesday, October 9, 2013

അപായത്തിന്റെ അടയാളം

ഈയിടെയായി എന്റെ മനസ്സ്,
ഒരു തരിശു പാടം  പോലെ
വികാരങ്ങളുടെ ശവപ്പറമ്പ് ...

ഈയിടെയായി നിന്റെ നോട്ടം,
ഒരു കൈതമുള്ളു പോലെ
വേദനയുടെ സ്രോതസ്സ് ...

ഈയിടെയായി പെയ്യുന്ന മഴ,
ഒരു ചുറ്റുറുമി പോലെ
കീഴ്പെടലിന്റെ കാരാഗൃഹം ...

ഈയിടെയായി ഈ ഭൂമി
ഒരു മരണക്കിണർ പോലെ,
അപായത്തിന്റെ അടയാളം !

Monday, July 8, 2013

ബലൂണ്‍കാരൻ


പൂരത്തിന് പോയപ്പോ 
കണ്ട ബലൂണ്‍കാരൻ 
കൈ കാട്ടി വിളിച്ചപ്പോ 
പൂവാണ്ടിരിക്കാൻ പറ്റീല്ല ..

ചെന്ന ഒടനെ എടുത്തു തന്നത് 
ഒരു നീല കളർ ബലൂണ്‍ 
പിന്നെ ചാടുന്ന ഒരു തത്ത 
പിങ്ക് നിറമുള്ള ഒരു പീപ്പി 
വെളുത്ത ഫ്രെയിം ഉള്ള 
ഒരു കറുത്ത കണ്ണാടിയും ...

എല്ലാം പിടിച്ച് ഗമയിൽ 
നിന്നപ്പോ ...
അയാളെന്നെ എടുത്ത് മടിയിൽ വെച്ചു .
ന്റെ ..അച്ഛൻ എന്നെ എത്ര നാളായെന്നോ 
ഒന്ന് മടിയിൽ ഇരുത്തിയിട്ട് ..?
പിന്നെ ഒരു ഉമ്മയും !

പിന്നെ ഞാൻ പോകാൻ 
ഇറങ്ങിയപ്പോ 
ഒരു നാരങ്ങ മിട്ടായി 
കയ്യിൽ തന്നിട്ട് പറഞ്ഞു 
'നാളെയും വരണേ '

പിറ്റേ ദിവസവും ഞാൻ പോയി ...
പിന്നെ ഇന്നാണ് മടങ്ങി വരുന്നത് ,
22 വർഷങ്ങൾക്ക് ശേഷം ..!
പൂരം നിന്ന് പോയിരിക്കുന്നു 
പൂരപ്പറമ്പ് ഇപ്പോൾ ഷോപ്പിംഗ്‌ കോമ്പ്ലക്സ് ആണ് 
ആളുകളും മാറിയിരിക്കുന്നു !
പക്ഷെ ഇന്നും അവിടെ 
ഒരു 'ബലൂണ്‍കാരൻ' മാത്രം മാറാതെ നില്പ്പുണ്ട് ..!

'ഈഗോ'

നീ നിന്റെ 'ഈഗോ' യെ 
ഒരു അപ്പൂപ്പൻ താടിയാക്കി പറത്തി വിടുക 
അത് വായുവിൽ വിഹരിക്കട്ടെ 
തിരഞ്ഞും മറിഞ്ഞും 
തല കുത്തിയും അത് 
കാറ്റിന്റെ തണുപ്പും ചൂടും അറിയട്ടെ ... 

പിന്നെ കാറ്റും കോളും നിലയ്ക്കുമ്പോൾ
അത് താനേ പറന്നിറങ്ങും
മഴ കൊണ്ടിട്ടുണ്ടെങ്കിൽ,
നനഞ്ഞൊട്ടി പനി പിടിച്ചിട്ടുണ്ടാകും
മിന്നലേറ്റുവെങ്കിൽ,
കരിഞ്ഞു കൊഴിഞ്ഞിട്ടുണ്ടാകും
ഇനി കൊടുങ്കാറ്റിൽ ആയിരുന്നെങ്കിൽ ,
ദിശ മാറി വഴി തെറ്റിയിട്ടുണ്ടാകും
ഒന്നും സംഭവിച്ചിട്ടില്ലെങ്കിൽ,
അത് വീണ്ടും പറന്നു പൊങ്ങും
എന്നെങ്കിലും താഴേക്കു വീഴും വരെ... !!!

ഇതു കൊണ്ടാണ് ചില്ലു സ്കെയിലുകളെ ഞാൻ വെറുക്കുന്നത്...!

സ്നേഹം കാണിക്കുന്നവർ 
മനസ്സിനെ ഒരു ചില്ലുസ്കെയിലാക്കി 
എന്റെ ജീവിതത്തെ അളന്നു മുറിക്കുന്നവർ 

നീളം കൂടുതലെങ്കിൽ
വണ്ണം കൂടുതലെങ്കിൽ
കനവും കൂടുതലെങ്കിൽ
സ്നേഹത്തിന്റെ വിസ്മയക്കണ്ണാടി കാട്ടി
പാൽ വെളുപ്പിൽ ചിരിക്കുന്നവർ

നീളമോ വണ്ണമോ
അല്പം കുറഞ്ഞു പോയാൽ
മുഖം കറുത്ത് കയർക്കുന്നവർ...!

ഇനിയെങ്കിലും ആ ചില്ലുസ്കെയിലുകൾ
മാറ്റി വെയ്ച്ചു കൂടെ?
ചില്ലുകൾക്ക് വികാരങ്ങളില്ല
കൂർത്തു മൂർത്ത അറ്റങ്ങളെ ഉള്ളു ...

Tuesday, April 23, 2013

ധൈര്യമായി ഇരിക്ക് ...

ഇക്കിളി വാക്കുകൾ കൊണ്ടെന്നെ  മത്ത്  പിടിപ്പിക്കാതിരിക്കുക ... 
നിന്റെ വാസന കൊണ്ടെന്നെ ഭിക്ഷക്കാരനാക്കാതിരിക്കുക .. 
നിന്റെ മിഴിമുന കൊണ്ടെന്നെ കുത്തി നോവിക്കാതിരിക്കുക ... 
നിന്റെ പ്രണയം കൊണ്ടെന്നെ വെറുമൊരു മയിപ്പീലി ആക്കാതിരിക്കുക ... 

പിന്നെ വരുന്നത് ഞാൻ നോക്കിക്കോളാം ...!
ധൈര്യമായി ഇരിക്ക് ... 

Saturday, January 5, 2013

നിര്‍ഭയാ ...

അറവുശാലയില്‍  തൊലി പൊളിച്ച് 
തൂക്കിയിട്ടിരിക്കുന്ന ഇറച്ചിക്കൂനകള്‍  പോലെ ...
മണ്ണു മാന്തിയ കുന്നുകള്‍ ...!
ചോര  പുരണ്ട വാരിയെല്ലുകള്‍ പോലെ 
ചിതല്‍ കയറിയ മരകുറ്റികള്‍...!
ചത്തു മലച്ച കണ്ണുകള്‍ പോലെ 
വറ്റിയൊടുങ്ങിയ ജലാശയങ്ങള്‍..!
പിച്ചി ചീന്തിയ വസ്ത്രങ്ങള്‍ പോലെ ...
ഉണങ്ങി വരണ്ട പുല്‍മേടുകള്‍ ...!
കാലന്റെ കൈകള്‍ പോലെ..
മണ്ണുമാന്തി യന്ത്രങ്ങള്‍ ..! 

നിര്‍ഭയാ ...നീ എന്നെ എന്റെ നാടിനെ ഓര്‍മിപ്പിക്കുന്നു..
ഒരു പക്ഷെ നിന്നെക്കാള്‍ മുന്‍പേ നീയായി ..
ഒരഗ്നി ഗോളമായി വെന്തുരുകിയവള്‍ ....

പക്ഷെ ആര്‍ക്കും വേണ്ടാതെ ..
മാധ്യമങ്ങള്‍ തിരിഞ്ഞു നോക്കാതെ...
സോഷ്യല്‍ നെറ്റ് വര്കുകളില്‍ ആരവങ്ങള്‍ മുഴക്കാതെ ...
നിശബ്ദം , എരിഞ്ഞു  തീരുന്നവള്‍ ...

Thursday, December 6, 2012

പ്രണയത്തിന്റെ പെരികാര്‍ഡിയം


അധരങ്ങള്‍ മാദകപ്പോളകള്‍
നയനങ്ങള്‍ ഭ്രമമാപിനികള്‍ 
കൈനഖങ്ങള്‍ ഭോഗവിസ്മയങ്ങള്‍ 
പാദങ്ങള്‍ മുജ്ജന്മ പ്രണയങ്ങള്‍ 

നീ എന്റെ ജീവന്റെ ജാലക വാതിലിലെ ജലകണിക! 
ഒലിച്ചി ങ്ങുമ്പോള്‍ നെഞ്ചിനകത്തെ വിടവിലൂടെ 
ഹൃദയത്തില്‍ പടര്‍ന്ന്‍ ...നീ ഒരു ആവരണമാകും ..
പ്രണയത്തിന്റെ  പെരികാര്‍ഡിയം !!!!  

Saturday, November 10, 2012

പിന്നെയൊരു നാളില്‍ ...

എന്റെയാരാമത്തില്‍ പൂക്കളില്ല ...
പൂക്കളില്‍ പാറും പൂമ്പാറ്റയില്ല ..
എത്രയോ നാളായി ഞാനൊളിപ്പിച്ചൊരു..
ചെമ്പനീര്‍പൂവിന്‍ സുഗന്ധമില്ല ...

അവള്‍ വിരിഞ്ഞു ...പിന്നെയൊരു നാളില്‍ ...
സുഗന്ധം നിറഞ്ഞു മലര്‍വാടിയില്‍ ....
തേന്‍ തുള്ളിയായ് പ്രണയം പെയ്തിറങ്ങി 
പൂമ്പാറ്റയായ്‌ മനം പറന്നിറങ്ങി... 

Wednesday, June 27, 2012

നീയെവിടെ..?

കുറെ കാലമായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട്
വരുന്ന കാണുന്നില്ല ...
പറഞ്ഞു പറ്റിച്ചതാണോ എന്തോ ...!!

എന്റെ പ്രണയം മുന്തിരിച്ചാറിന്റെ
വീര്യം പകരുന്നത് നീ വരുമ്പോളാണ്    
എന്റെ ഓര്‍മ്മകള്‍ ചെമ്പകത്തണ്ടിന്റെ 
ഗന്ധം പരത്തുന്നത് നീ അണയുമ്പോളാണ് 
എന്റെ രാത്രികള്‍ക്ക് കിനാവിന്റെ 
നൂലിഴകള്‍ മെനയുന്നത് നീ തന്നെയാണ് 
എന്റെ ധാര്‍ഷ്ട്യം അലിഞ്ഞില്ലാതെയാകുന്നത് 
നിന്റെ സ്പര്‍ശമേല്ക്കുംപോഴാണ്   

നീയെവിടെ..?
ചുമ്മാതെ കേണും പിറുപിറുത്തും 
നീണ്ട മുടിയിട്ടുലച്ചും വന്നിരുന്ന 
എന്റെ പ്രിയപ്പെട്ടവളെ... 
നിന്നെ ഇപ്പോള്‍ കവിതകളില്‍ പോലും
 കാണാതായിരിക്കുന്നുവല്ലോ  ...
നീ പെയ്തൊഴിയുമ്പോള്‍ 
മണ്ണിന്റെ മോഹങ്ങള്‍ പുല്‍നാമ്പുകളായി 
പൊട്ടി വിരിയുന്നത്, പുതുമണമായി
കാറ്റില്‍ പടരുന്നത് ,
 നനഞ്ഞൊട്ടിയ  ഇടവഴികളിലൂടെ,
ഇറ്റു വീഴുന്ന തുള്ളികള്‍ നുണന്ജ് 
നിന്നെയറിയുന്നത്..   

എല്ലാം വിദൂരതയിലെ..
ഒരു കൊച്ചു കറുത്ത മേഘത്തില്‍ ഉടക്കി നില്‍ക്കുന്നു..
വരില്ലേ..ഇനിയും?

എന്റെ മേഘ മല്‍ഹാരുകള്‍ക്ക് ..
മറുപടിയുമായി...     

Sunday, May 6, 2012

ഇതാണ് രക്തസാക്ഷി


ഇതാണ് രക്തസാക്ഷി 

അല്ലാതെ പാര്‍ടി ഫ്ലെക്സ് ബോര്‍ഡുകളില്‍ ചോരമാലയിട്ട് ചിരിച്ചിരിക്കാന്‍
പാര്‍ടി  വളര്‍ത്തുന്ന  ബ്രോയലര്‍ കോഴികളല്ല  ....
വടിവാളും കുറുവടിയുമായി തെരുവുകളെ ചുവപ്പിക്കുന്ന 
പാവങ്ങളെ കൊന്നു തിന്നുന്ന മനുഷ്യമൃഗങ്ങളല്ല ....

സഹനത്തിന്റെ പര്‍വങ്ങള്‍ കടന്ന്..
ഭൌതിക സുഖങ്ങള്‍ മറന്ന്..
നീതിയുടെ വേണ്മേഘങ്ങള്‍
എത്തിപ്പിടിക്കാന്‍ ശ്രമിച്ച 
സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ പണിത 
ധീരനായ ഒരാള്‍ !

ഭീരുക്കളായ ചില വിഡ്ഢികള്‍ ,
മരണത്തിന്റെ അനന്തതയിലേക്ക് 
എറിഞ്ഞു കളഞ്ഞിട്ടും 
ഓര്‍മകളില്‍ തീ പടര്‍ത്തുന്ന 
സിരകള്‍ക്ക് ചൂട് പകരുന്ന 
കരുത്തനായ ഒരാള്‍ ...

സഖാവേ ...ഒരായിരം അഭിവാദ്യങ്ങള്‍