Monday, April 23, 2007

അവളെന്റെ ചിന്തയെ ശൂന്യമാക്കുന്നു..

ഇന്നെന്റെ സിരകളിലൂടെ വിരകള്‍ വലിഞ്ഞുകയറുന്നു..
രക്തം തണുത്തുറയുന്നു..പാദങ്ങള്‍ മരവിക്കുന്നു..
തലച്ചോറിനകത്തെ മറവിയുടെ ഗുഹകളില്‍ വീണ്ടുമൊരു ശവമഞ്ചം ഏറ്റാന്‍ തുടങ്ങുന്നു..
ഹൃദയരൂപം പൂണ്ട ആന്തൂറിയപ്പൂക്കള്‍ എന്റെ പൂന്തോട്ടത്തില്‍ വിരുന്നിനെത്തുന്നു..
കണ്ണടക്കുമ്പോള്‍ അവളുടെ രൂപം തെളിയുന്നു..
അവളുടെ വേരുകള്‍ എന്റെ നെഞ്ചില്‍ പടരുന്നുകാലിലും കയ്യിലും ദേഹം മുഴുവനും..
അവളുടെ ശ്വാസം വീണുടയുന്നു
വാക്കിലും നോക്കിലും, അവളുടെ പേരെന്റെ പ്രണയത്തിന്‍ കാട്ടുതീയായ്‌ വളര്‍ന്നീടുന്നു..
അവളെന്റെ ചിന്തയെ ശൂന്യമാക്കുന്നു..സ്വന്തം ചിതയ്ക്കു തീ കൊളുത്തുന്നു

പ്രണയം ഇങ്ങനെയാണൊ???

ഞങ്ങള്‍ നടക്കുകയായിരുന്നു..
സൗഹൃദത്തിനും പ്രണയത്തിനുമിടയിലുള്ള ചെറിയ പാലത്തിലൂടെ..

പ്രണയിച്ചു പോകരുതേ എന്ന് മുട്ടിപ്പായി പ്രാര്‍ഥിച്ച നിമിഷങ്ങള്‍...
തെറ്റാണെന്നറിഞ്ഞിട്ടും തെറ്റല്ലാതെയാവുന്ന തോന്നലുകള്‍..
ഹൃദയത്തെ ഇക്കിളി കൂട്ടി കടന്നുപോയ വാക്കുകള്‍..
അല്‍പ നേരം കാണാതായപ്പോള്‍ പിടച്ചുപോയ മനസ്സ്‌..
പ്രണയം ഇങ്ങനെയാണൊ???
ഞങ്ങള്‍ കാണണമെന്നത്‌ ദൈവനിശ്ചയമായിരുന്നോ..
അല്ലെങ്കില്‍ എന്തിനാണ്‌ അങ്ങകലെ കിടക്കുന്ന അവളെ എന്റെ മുന്നിലേക്ക്‌ നീ പറഞ്ഞയക്കുന്നത്‌??എന്തിനാണ്‌ അവളുടെ മനസ്സു വായിക്കാനുള്ള ശക്തി നീയെനിക്ക്‌ പകര്‍ന്നു തന്നത്‌???
അവളുടെ വാക്കുകളില്‍ ജ്വലിച്ചിരുന്ന പ്രണയത്തിന്റെ തീ എന്തിനാണെന്റെ കണ്ണുകളിലേക്ക്‌ ആവാഹിച്ചെടുത്തത്‌???
എന്റെ ഒടുങ്ങാത്ത പ്രണയകഥകളുടെ അവസാന ഏടായി..
അവളെത്തന്നെ എന്തിനാണ്‌ നീ തെരഞ്ഞെടുത്തത്‌

Sunday, April 22, 2007

കനവുകള്‍

പ്രണയം മറയ്ക്കാനായി ഞാന്‍ കൊതിച്ചു..
നിന്‍ മിഴിമുന കൊണ്ടെന്റെ ഹൃദയത്തിലുണ്ടായ മുറിപ്പാട്‌ ഞാനൊളിച്ചു...
നിന്നുടെ കാലൊച്ച കേള്‍ക്കുമ്പോള്‍ തുടുക്കുമെന്‍ കവിളിന്റെ ശോണിമ ഞാന്‍ മറച്ചു...
നിന്‍ നാദമാധുരി കേള്‍ക്കുമ്പോള്‍ പൂക്കുമെന്‍ നെഞ്ചിലെ പൂമരം ഞാന്‍ കൊഴിച്ചു...
നിന്‍ മൃദു സ്പര്‍ശത്താല്‍ കത്തിത്തുടങ്ങുമെന്‍ മെഴുകുതിരികളും ഞാനണച്ചു...
ചിന്ത തന്‍ മെഴുകുതിരികളും ഞാനണച്ചു...

Wednesday, April 18, 2007

അസ്ഥിപ്പാലങ്ങള്‍

കാട്‌..കറുത്ത രാത്രിയുടെ കാവല്‍
മരം...മരിച്ച മനസ്സിന്റെ നാമ്പ്‌
പുഴ...പിഴച്ച പ്രണയത്തിന്റെ സാക്ഷി
പുഴയ്ക്കു മീതെ ഒരായിരം വെള്ളരിപ്രാവുകള്‍,വെള്ളക്കൊറ്റികള്
‍ചിറകുകള്‍ക്ക്‌ ജീവനൊടുങ്ങിയപ്പോള്‍
പുഴക്കു മീതെ വെള്ളിക്കെട്ടുകളായി
കശേരുക്കള്‍,കറുത്തു തടിച്ച ഞവനിക്കകളിലേക്ക്‌...
ഊളിയിട്ടിറങ്ങിയപ്പോള്‍..ഉറച്ച ചവിട്ടുപടികളായി..
വെളുത്ത പ്രണയം മരിച്ചപ്പോള്‍..
കറുത്ത കാടുകള്‍ അസ്ഥികള്‍ തീര്‍ത്തു
മരക്കൂട്ടങ്ങള്‍ രോമം നിറഞ്ഞ കൈകളായി,
തലയ്ക്കു മീതെ ജട പിടിച്ച ഇലക്കൂട്ടങ്ങള്‍ നിറച്ചപ്പോള്‍..
പ്രണയിച്ചു മരിച്ച മനസ്സിന്റെ പ്രേതം..
അസ്ഥിപ്പാലങ്ങള്‍ക്കു മുകളിലൂടെ ..ഗതിയില്ലാതെ അലഞ്ഞു...

ഒരു വിഷുക്കാലം

ജീവിതത്തില്‍ മറക്കാനാവാത്ത ഒരനുഭവമായി ഇന്നും ആ ദിവസം എന്റെ ഓര്‍മ്മയിലുണ്ട്‌. 7 - 8 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പാണ്‌. അന്ന് ഞാന്‍ എഞ്ചിനീയറിംഗിന്‌ പഠിക്കുന്ന കാലം . എല്ലാ വര്‍ഷത്തേയും പോലെ വിഷു വന്നെത്തി. വിഷുവിന്‌ ഒരാഴ്‌ച മുന്‍പേ തന്നെ ജംഗ്ഷനിലെ കൊച്ചു പീടികകളിലെല്ലാം പല തരത്തിലുള്ള പടക്കങ്ങള്‍ നിരന്നു കഴിഞ്ഞിരുന്നു.കൂട്ടുകാരൊക്കെ മാര്‍ക്കറ്റില്‍ വന്ന പുതിയ തരം വെടിക്കോപ്പുകളെപറ്റി സംസാരിക്കുമ്പോള്‍ ഞാന്‍ പതിയെ പിന്‍വലിയും. എന്റെ ചെവികള്‍ക്കെന്തോ പ്രശ്നമുണ്ടെന്ന് എനിക്കന്നേ തോന്നിയിട്ടുണ്ട്‌. പടക്കം പൊട്ടുന്നത്‌ കേട്ടാല്‍ അവയാകെ വിറച്ചു തുടങ്ങും, ഹൃദയമിടിപ്പും കൂടും. പക്ഷേ എന്റെ "പൌരുഷ"ത്തിന്‌ നാണക്കേടാവണ്ടല്ലോ എന്നു കരുതി ഞാന്‍ ഇതൊന്നും പുറത്താരോടും പറയാറില്ല എന്നു മാത്രം.സാധാരണ ഉണ്ടാകാറുള്ളതു പോലെ, അത്തവണയും അച്‌ഛന്‍ കുറേ ഓലപ്പടക്കവും മാലപ്പടക്കവുമൊക്കെയായി വലിയൊരു പൊതി തന്നെ മേടിച്ചു വെച്ചിട്ടുണ്ട്‌. അതിലേക്ക്‌ നോക്കുമ്പോള്‍ തന്നെ കണ്ണില്‍ പൊന്നീച്ച പറന്നു തുടങ്ങും. ഞാന്‍ സാധാരണ ലാത്തിരി , പൂത്തിരി , കമ്പിത്തിരി തുടങ്ങിയ സൌമ്യന്മാരുമായാണ്‌ കൂട്ട്‌. ഒരു "പടക്ക ഫാന്‍" ആയ അച്‌ഛന്‍ ഒറ്റക്കിരുന്ന് പൊട്ടിക്കേണ്ട ഗതികേടാണ്‌. എനിക്കാണെങ്കില്‍ കൂട്ടിന്‌ അല്‍പം "പടക്കഭീതി"യൊക്കെയുള്ള അമ്മയുമുണ്ട്‌.അച്‌ഛന്‍ പടക്കം പൊട്ടിക്കുമ്പോള്‍ ഞാന്‍ അല്‍പം മാറി നിന്ന് അത്‌ വീക്ഷിക്കും . ചെവികള്‍ കൈവെച്ച്‌ പൊത്തുന്നത്‌ ആരെങ്കിലും കണ്ടാല്‍ ( പ്രത്യേകിച്ച്‌ വല്ല പെണ്‍പിള്ളേരും) മാനക്കേടായതുകൊണ്ട്‌ തലയില്‍ കെട്ടുന്ന തോര്‍ത്തുമുണ്ട്‌ ചെവികള്‍ വഴി ഇറക്കി വരിഞ്ഞു കെട്ടി ഞെളിഞ്ഞു നില്‍ക്കാറാണ്‌ പതിവ്‌.ഇത്തരം നമ്പറുകള്‍ ഇറക്കാം എന്ന് കരുതിയിരിക്കുമ്പോഴാണ്‌ വില്ലന്മാരായി എന്റെ സുഹൃത്തുക്കള്‍ സന്ദീപും രാജേഷും പ്രത്യക്ഷപ്പെടുന്നത്‌ . എന്റെ ഈ " പടക്കഭയ"ത്തെ കുറിച്ച്‌ അറിയാത്ത അവന്മാര്‍ ഒരു പുതിയ പരിപാടിയുമായിട്ടാണ്‌ രംഗപ്രവേശം ചെയ്‌തിരിക്കുന്നത്‌ . ചുറ്റുപാടുമുള്ള വീട്ടുകാരെയൊക്കെ അടുത്തുള്ള ഒരു കൊച്ചു മൈതാനത്ത്‌ വിളിച്ചു കൂട്ടി , അവിടെ വെച്ച്‌ ആഘോഷപരിപാടികള്‍. പ്രധാന ഇനം. - പടക്കം പൊട്ടിക്കല്‍.കുറച്ച്‌ ഗുണ്ടും സംഘടിപ്പിച്ചിട്ടുണ്ടെത്രെ. ഇത്‌ കേട്ടതോടെ എന്റെ പാതിജീവന്‍ പോയി. എന്നാലും അത്‌ പുറത്തുകാണിക്കാതെ ഞാന്‍ ശബ്‌ദമലിനീകരണത്തിന്റെ ദൂഷ്യവശങ്ങളെകുറിച്ച്‌ അവരെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചു. ആവേശക്കൊടുമുടിയില്‍ നില്‍ക്കുന്ന അവന്മാരുണ്ടോ ഇത്‌ വല്ലതും കേള്‍ക്കുന്നു.ഏപ്രില്‍ 13 , സമയം 6:30 പി എം , ഗ്രൌണ്ടില്‍ എല്ലാവരും എത്തിത്തുടങ്ങി. പുസ്‌തകങ്ങള്‍ കാണുമ്പോള്‍ സ്ഥിരം ഉറക്കം വരുമായിരുന്ന ഞാന്‍ , മെക്കാനിക്കല്‍ എഞ്ചിനീയറിംഗിന്റെ എടുത്താല്‍ പൊങ്ങാത്ത ഒരു ടെക്സ്റ്റ്ബുക്കുമെടുത്ത്‌ മടിയില്‍ വെച്ച്‌ അമ്മയോട്‌ പറഞ്ഞു. " അമ്മാ, ഞാന്‍ വരുന്നില്ല , ഇന്ന് ഈ ചാപ്റ്റര്‍ പഠിച്ച്‌ തീര്‍ത്തിട്ട്‌ തന്നെ കാര്യം. "എന്നെ അത്ഭുതപരതന്ത്രനാക്കികൊണ്ട്‌ അമ്മ എന്നോട്‌ പറഞ്ഞു. " ഇത്‌ കഴിഞ്ഞിട്ട്‌ മതി നിന്റെ പഠിത്തം. " കാലങ്ങളായി ഞാന്‍ കേള്‍ക്കാന്‍ കൊതിച്ച വാക്കുകള്‍ . ഈ അസമയത്ത്‌ ......അവസാനം രണ്ടും കല്‍പിച്ച്‌ ഞാന്‍ മൈതാനത്തിലേയ്ക്ക്‌ നടന്നു . എല്ലാവരും ആഘോഷത്തിമിര്‍പ്പിലാണ്‌. അപ്പുറത്തെ വീട്ടിലെ രശ്‌മിയും രേഖയും നാലഞ്ച്‌ മാലപ്പടക്കവും കൈയില്‍ പിടിച്ച്‌ നില്‍ക്കുന്ന കണ്ടപ്പോള്‍ എനിക്ക്‌ ലജ്ജ തോന്നി. എന്നോട്‌ തന്നെ .....സന്ദീപും രാജേഷും ആ നാട്ടിലുള്ള മൊത്തം പടക്കവും ശേഖരിക്കുന്ന തിരക്കിലാണ്‌.ഇവന്മാര്‍ ഒരിക്കലും നന്നാവരുതേ എന്നു വരെ ഞാന്‍ പ്രാര്‍ത്ഥിച്ചു.
ഞാന്‍ ഭയന്നതുപോലെ തന്നെ സംഭവിച്ചു. പടക്കം പൊട്ടിക്കേണ്ട സമയമായപ്പോള്‍ അവന്മാര്‍ എന്നെ വിളിച്ചു. " ഇത്തവണ രഞ്ജുച്ചേട്ടന്‍ കൊളുത്തിയാല്‍ മതി " ... ഹോ ..!!!! ഞാന്‍ ചുറ്റും നോക്കി . എന്നെ തന്നെ നോക്കി നില്‍ക്കുന്ന ഒരു പാട്‌ കണ്ണുകള്‍ .... രശ്‌മി , രേഖ, വിനിത, സ്‌മിത .....പിന്നെ ഒന്നും ആലോചിച്ചില്ല. നേരെ പടക്കമാലക്ക്‌ തീ കൊളുത്തി. ......................കുറെ കാലമായി പുറത്തെടുക്കാതിരുന്ന ധൈര്യം ഒന്നിച്ചു വന്ന സമയമായതുകൊണ്ട്‌ , തിരി കൊളുത്തിയതിന്‌ ശേഷം ഓടാന്‍ പോലും മറന്നു പോയി. ഓലപ്പടക്കവും മാലപ്പടക്കവും ഗുണ്ടുമെല്ലാം ഒരുമിച്ചു പൊട്ടി.പിന്നെ .......കണ്ണുതുറന്നപ്പോള്‍ തിരിയുന്ന ഫാന്‍, ചുറ്റും കുറേ ആളുകള്‍. അങ്ങനെ പിറ്റേ ദിവസത്തെ വിഷുക്കണി ആശുപത്രിക്കിടക്കയില്‍ കിടന്ന് കാണാന്‍ സൌഭാഗ്യമുണ്ടായി. അപ്പോഴും ആശുപത്രിക്ക്‌ പുറത്ത്‌ അവിടവിടെയായി പടക്കം പൊട്ടുന്ന ശബ്‌ദം എനിക്ക്‌ കേള്‍ക്കാമായിരുന്നു. അതില്‍ പിന്നെ ഒരൊറ്റ വിഷുവിനും ഞാന്‍ പടക്കം പൊട്ടിക്കാന്‍ ശ്രമിച്ചാലും ആരും സമ്മതിക്കാതായി. സത്യം പറയട്ടെ , പടക്കം ഇപ്പോഴും എനിക്ക്‌ പേടി തന്നെ !

Another sketch..


ചാറ്റ്‌ റൂം

യാഹൂമെസ്സഞ്ചെറില്‍,സൗഹൃദമുറികളില്‍..
അറിയാത്തദൂരത്ത്‌ സൗഹൃദകാഹളം..
കാര്‍മേഘപടലങ്ങളുരുണ്ടുകൂടുന്ന,
കാട്ടാളഹൃത്തിന്റെ തോരാത്ത കാഹളം..
നാഡീഞ്ഞെരമ്പുകള്‍ വലിച്ചുമുറുക്കുന്ന..
ഫിലിപ്പൈന്‍പെണ്ണിന്റെ കാമവിഭ്രാന്തിയും..
വെബ്കാം പരതുന്ന കൗമാരലോലന്റെ..
ബീജം തൊടുക്കുന്ന മോഹചാപല്യവും..
കണ്ടു കൊതിപൂണ്ടിരിക്കുന്ന നേരത്ത്‌
ചാറ്റ്‌ ചെയ്യാനവള്‍ ക്ഷണക്കത്തയക്കുന്നു..
ആസ്ത്രേലിയായിലെ പെര്‍ത്തിലെ സുന്ദരി..
വെബ്കാമറയുടെ മൂടി തുറക്കുന്നു..
പച്ചകുത്തിയ മാംസപിണ്ഡങ്ങളാല്‍..
ചായം പുരട്ടിയ അധരഭാഗങ്ങളാല്‍..
അവളവന്റെ ചോരയെ ചൂടുള്ളതാക്കുന്നു..
ഹൃദയം പിടക്കുന്നു..ഹോര്‍മോണ്‍ നിറയുന്നു..
ക്യാമറക്കണ്ണുകള്‍ വീണ്ടുമടയുന്നു..
അവള്‍ പിന്നെ മാസ്റ്റെര്‍കാര്‍ഡിന്റെ നമ്പെറാരായുന്നു
അഡ്രിനാലിന്റെ ഏറ്റക്കുറച്ചിലി
ല്‍അറിയാതെ അവന്‍ തന്റെ നമ്പര്‍ കൊടുക്കുന്നു

മൂന്ന് മാസങ്ങള്‍ക്കു ശേഷം..
വെബ്കാം വയറില്‍ തൂങ്ങിമരിച്ച ഒരു അജ്ഞാതജഡം കാണപ്പെടുന്നു

Tuesday, April 17, 2007

A sketch


അമ്മ അറിയാതെ

ഒരിക്കലുമണയാത്ത സ്നേഹദീപത്തിന്റെ അനശ്വര നാളമാണമ്മ..
നീരറ്റ കണ്ണിന്നുറവയില്‍ നിന്നൂറുന്ന സ്നേഹസാഗരമാണമ്മ..


കാവുവിളക്കിന്റെ അന്ന്..ചുറ്റിലും പടര്‍ന്നു കയറിയിരുന്ന വള്ളികളില്‍ കറണ്ടരിച്ചിരുന്നു...
ഇലക്ട്രോണുകള്‍ ജീവനെ വെല്ലുവിളിച്ചു കടന്നുപോയപ്പോള്‍..
ചുറ്റും നിന്ന കാവുവിള്‍ക്കുകള്‍ കൂട്ടത്തില്‍ ചിരിച്ചു...ചതിയന്മാര്
‍അരിങ്ങോടരെ അരിഞ്ഞു വീഴ്ത്തിയ വാള്‍മുനത്തുമ്പില്‍ ഇന്നും ചോര മാത്രം..
കുത്തുവിള്‍ക്കുകളില്‍ വെറിപൂണ്ട ചിരികളും..
മഞ്ഞള്‍ഭരണികള്‍യൂദാസിനെപ്പോലെ,എന്നെഅവറ്റകള്‍ക്കിടയിലേക്ക്‌വലിച്ചെറിഞ്ഞു..
ഭസ്മക്കുറികള്‍ക്കിടയിലെ ചോരപ്പാടുകളില്‍അയല്‍ക്കൂട്ടങ്ങള്‍ ആത്മാവുകളായി..
മുങ്ങിനിവര്‍ന്നപ്പോള്‍ കണ്ട മന്ദാരച്ചെടികള്‍
സൗഹൃദത്തിന്റെ മുള്ളുകള്‍ കൊണ്ട്‌ ആഞ്ഞുകുത്തി,ചോര പൊടിഞ്ഞു,പുഴയായൊഴുകി
കൈതപ്പൂവുകള്‍ സാന്ത്വനത്തിന്റെ പുതുമണവുമായ്‌ വന്നു..
കളിചിരിക്കോലങ്ങളായി..
മാറോടണച്ചപ്പോള്‍ കുളിരും കാവലും നല്‍കിയ പൂവുകള്‍ എന്നിലേക്കലിഞ്ഞു..
പിന്നെ അമ്മയായ്‌,ദീപമായ്‌,നാളമായ്‌..അറിയാതെ,ആരുമറിയാതെ

Monday, April 16, 2007

പ്രണയം....

പറയാതിരുന്നു ഞാന്‍..
നിനക്കായ്‌ ഹൃദയത്തിലെഴുതിയ പ്രണായസന്തേസങ്ങള്‍
ഒളിച്ചു വെച്ചു ഞാന്‍..
എന്റെ മനസ്സിന്റെ കോണില്‍ വിടര്‍ത്തിയ മധുമാസപുഷ്‌പങ്ങള്‍
എങ്കിലും..
തുടിക്കുന്നു വീണ്ടും എന്‍ ജീവനില്‍ നിന്‍ മുഖം
പ്രാണനില്‍ സ്വരമാകുന്നു വീണ്ടും..
എന്നിട്ടുമെന്തേ പറയാതിരുന്നു ഞാന്‍ എന്റെ തീക്കണല്‍ ചൂടുള്ള പ്രണയം
തീക്കണല്‍ ചൂടുള്ള പ്രണയം....

ഞാന്‍ മരിച്ചുകൊണ്ടിരിക്കുന്നു..

നാം പങ്കിടുന്ന ഓരോ ചുംബനത്തിലും ഞാന്‍ മരണം മണക്കുന്നു..
ഓരോ സൂര്യാസ്തമനവും അവസാനത്തേതാനെന്നു തോന്നിക്കുന്നു..
എന്റെ ദേഹത്തു തട്ടുന്ന നിന്റെ ശ്വാസം മൃതിയുടെ ചാരനാകുന്നു..
നിന്റെ കണ്ണുനീര്‍ എന്റെ മദ്യമാകുന്നു..നിന്നെ കുത്തിനോവിക്കുന്നു..
നമ്മുടെ ഓരോ സ്പര്‍ശത്തിലും ഞാന്‍ മരിച്ചുകൊണ്ടിരിക്കുന്നു..
ഓരോ സൂര്യോദയത്തിലും പാപങ്ങള്‍കൊഴിഞ്ഞുപോകുന്നു..
ഇന്നു നീയെന്റെ ഹൃദയത്തെ തൊട്ടിരിക്കുന്നു..
കാക്കകള്‍ ബലിച്ചോറിനായ്‌ പറക്കന്‍ തുടങ്ങുന്നു..

നിനക്കെന്നെ പ്രണയിക്കാനുള്ള വഴി എന്നെ വേദനിപ്പിക്കലാണെന്ന് ഞാന്‍ തിരിച്ചറിയുന്നു

ജീവിതനൗക

ജീവിതനൗകയിനിയെവിടേക്കു പോകുന്നു..
വെളിച്ചമില്ലാതെ..കാറ്റിന്റെ കൂവലില്ലാതെ...
ഇനിയും മുന്നോട്ട്‌ ആഞ്ഞു തുഴഞ്ഞെന്നാല്‍..
ചുഴികളില്‍ പെട്ടു ഞാന്‍ ദൂരേക്കു പോയിടാം..
അറിയാവിപത്തുകള്‍ എന്നുടെ തോണിയെ...
ആഴിതന്‍ ആഴത്തിലേക്കു നയിച്ചിടാം...
തിരമാലതന്‍ തഴുകലും തെന്നലും തന്നെയീ..
സാഗരത്തില്‍ തളയ്ക്കുന്നു നിത്യവും...
എങ്കിലും മുന്നോട്ടു പോകുവാനില്ല ഞാന്‍...
ആര്‍ത്തലയ്ക്കുന്നയീ ആഴിപ്പരപ്പില്‍..
ഉള്‍ക്കടലിന്‍ ആഴങ്ങളെന്നോട്‌..
മൗനമായൊരുപാട്‌ ചോദ്യമെറിഞ്ഞിടാം...
ഉത്തരമറിയാതെ ഞാനെന്റെ തോണിതന്‍..
കുടല്‍മാല കൊണ്ട്‌ കുരുക്കണിഞ്ഞേക്കാം...
അത്രതന്‍ ദുസ്സ്വപ്ന ഹേതുകമീ യാത്ര..
അത്രതന്‍ കഠിനമീ ആത്മപ്രയാണം..
അതുകൊണ്ട്‌..രമിക്കുന്നു നിത്യവും...
വൃഥാ...ജലകേളികളില്‍..
ജീവിതം മിഥ്യയാക്കുന്ന...രോമഹര്‍ഷങ്ങളില്‍...

Chummaa...


ചില്ലുതടയണകള്‍

അടഞ്ഞുകിടന്ന വാതിലുകളില്‍..
കറുപ്പു കയറിയ ചില്ലുതടയണകളില്‍...
പരന്നുറങ്ങിയ സ്പോഞ്ചുകഷണങ്ങളില്‍..
ജ്വരം ബാധിച്ച മനസ്സിന്റെ തടിച്ചുപൊന്തിയ പൊളങ്ങളായ്‌ എന്റെ സ്നേഹം വക്രിച്ചു നിന്നു...
മിഴിനീരിന്റെ ഉപ്പുകലര്‍ന്ന രസമോ.. ഫേസ്ക്രീമിന്റെ ചവര്‍പ്പു കലര്‍ന്ന മധുരമോ..
എന്നെ അസ്വസ്ഥനാക്കിയില്ല..
പകരം തിളച്ചിറങ്ങിയ മേദസ്സിന്റെ ഊര്‍ജ്ജമൊഴുകുന്ന സിരകള്‍ എന്നെ വലിച്ചുമുറുക്കി..
ആ ചങ്ങലക്കൂട്ടങ്ങളില്‍ ഞാന്‍ ബന്ധനസ്ഥനായി...ആരുമറിയാതെ..
പുറത്തേക്കു കടക്കനാവാതെ ആ ചില്ലുതടയണകള്‍ എന്നെ അപ്പോഴും തടഞ്ഞു നിര്‍ത്തി

Sunday, April 15, 2007

ചില വ്യാഖ്യാനങ്ങള്‍

സ്നേഹം : ലോകത്തിലെ ഏറ്റവും കപടമായ വാക്ക്‌..തീവണ്ടികളിലെ മൂത്രപ്പുരകളിലെ ചായം പോയ ചുമരുകളില്‍ കുറിച്ചിട്ടിരിക്കുന്ന ഏതോ മൊബെയില്‍ നമ്പെരിന്റെ മാത്രം വിശ്വാസ്യതയുള്ള,ശപിക്കപ്പെട്ട വാക്ക്‌

സൗഹൃദം: അതിജീവന വേളയില്‍ ചവിട്ടിയരക്കാന്‍ വിധിക്കപ്പെട്ടവന്റെ പുറത്ത്‌..കഠാര കൊണ്ട്‌ കോറിവരക്കപ്പെട്ട ക്രൂരതയുടെ ശബ്ദം..പകച്ചുനില്‍ക്കുന്നവന്റെ സെറിബ്രത്തിലേക്ക്‌ വെടിയുണ്ടയുടെ തീച്ചൂട്‌ പകരുന്ന ആഭാസത്തിന്റെ അഭിനിവേശം..

പ്രണയം : ഏതോ കാമവിഭ്രാന്തിയില്‍,തെറ്റിദ്ധരിക്കപ്പെട്ട,മാംസത്തിന്റെ മണമുള്ള,രാത്രിയുടെ നിറമുള്ള,നശ്വരമായ,നെറിവുകേടിന്റെ ശബ്ദം..അത്‌,അറിവുകേടിന്റെ ഇരുട്ട്‌ നിറഞ്ഞ ഗുഹകളില്‍ മാത്രം വിശ്രമിക്കട്ടെ...

വേരറ്റ ചിന്തയില്‍ ...

എന്തിനു നിന്നെയറിഞ്ഞു..
എന്തിനു നീ എന്നെയറിഞ്ഞു...
വിട പറയാനോ..വേദനിക്കാനോ..
വേരറ്റ ചിന്തയില്‍ വ്യത്ഥിതനാവാനോ
നിന്നെയോര്‍ക്കുന്ന ഓരോ നിമിഷവും..
നീലാംബരിപ്പൂ വിരിഞ്ഞു..
മനസ്സിലൊരായിരം നീലമേഘങ്ങള്‍ തുടുത്തു
മലര്‍മഴ.. പിന്നെ..മഞ്ഞിന്‍ കുളിര്‍മഴ
നീയെനിക്കേകിയ സ്നേഹവും സ്വപ്നവും..
നിന്‍ ചുണ്ടിണയിലെ മധുമന്ദഹാസവും...
പൗര്‍ണമിരാവില്‍ ഈ വെണ്‍ചന്ദ്രനെപ്പോല്‍..
എന്‍ മാനസത്തില്‍ നിറഞ്ഞു..
ഒരു പാടാത്ത പാട്ടായ്‌ പൊഴിഞ്ഞു
മറക്കുവാനാവാതെ പോകുമീ ഓര്‍മകള്‍...
തന്നതിനായിരം നന്ദി..പ്രിയസഖീ..
എന്റെ പ്രാണന്റെ പേരിലീ നന്ദി...

Its me folks..


അവള്‍

ഞാന്‍ തിരയുകയായിരുന്നു..അവളെ..
കാമ്പസിലെ സിമന്റ്‌ ബെഞ്ചുകളില്‍..ആ മരക്കൂട്ടങ്ങള്‍ക്കിടയില്‍..
ഒഴിഞ്ഞ ക്ലാസ്സുകളില്‍...
വരാന്തയുടെ ഓരം ചേര്‍ന്ന്, മുഖം വീര്‍പ്പിച്ചു നില്‍ക്കുന്ന അവളെ...
കാന്റീനിലെ മൂലയോടു ചേര്‍ന്ന ആ കസേരയില്‍..ഫോട്ടൊസ്റ്റാറ്റ്‌ കടയില്‍..
ആ പഴയ ബാസ്കറ്റ്‌ ബാള്‍ കോര്‍ട്ടിനൊടു ചേര്‍ന്ന പുല്ലു പിടിച്ച ഗാല്ലറികളില്‍..
തീ പിടിച്ച മനസുമായി ഞാന്‍ അലഞ്ഞു...
ഇങ്ഗ്ലീഷ്‌ ഡിപ്പാര്‍ട്ട്മ്മെന്റിന്റെ ആളില്ലാത്ത കോറിഡോറുകളില്‍....
വെട്ടി നിര്‍ത്തിയ ബുഷ്‌ ചെടികള്‍ക്കു പിന്നിലെ ചെറിയ കോങ്ക്രീറ്റ്‌ തിണ്ണകളില്‍...
പ്രണയത്തിന്റെ കനലുമായ്‌ ഞാനെരിഞ്ഞു...
ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ മുന്നിലെ അരളി മരത്തിന്റെ തണലില്‍..
മെയിന്‍ ഗേറ്റിന്റെ മുന്നിലെ ഇന്ത്യന്‍ കോഫി ഹൗസില്‍..
അവളെ കാണാതെ ഞാന്‍ വിതുമ്പി..
പിന്നെ ഞാനറിഞ്ഞു..അവളുടെ സ്വപ്നങ്ങള്‍ പ്രേതങ്ങളായി എന്നെ വരിഞ്ഞു കെട്ടുന്നത്‌...
അവളുടെ പ്രണയം സൂചിമുനകളായി എന്റെ ഹൃദയത്തില്‍ കുത്തിയിറങ്ങുന്നത്‌...
അവള്‍ എന്റെ തണലായിരുന്നുവെന്ന്...ഞാന്‍ അവള്‍ തന്നെയായിരുന്നുവെന്ന്..