Tuesday, February 12, 2008

പ്രണയദിനത്തില്‍

ചോര കൊണ്ടാണ്‌ പനീര്‍പ്പൂക്കള്‍ക്ക്‌ ചായമേകിയത്‌...
ഹൃദയം കൊണ്ടാണ്‌ ഞാനീ ബലൂണുകളുണ്ടാക്കിയത്‌..
എന്റെ മനസ്സാണ്‌ നിന്റെ മുന്നിലെ സമ്മനപ്പൊതിയില്‍ പൊതിഞ്ഞു കെട്ടിയിരിക്കുന്നത്‌...
എന്റെ സ്വപ്നങ്ങളാണ്‌ നിന്റെ ഹെയര്‍പിന്നുകളില്‍ പൂമ്പാറ്റകളായി വന്നിരിക്കുന്നത്‌..

ഈ പ്രണയദിനത്തിനു മുന്നിലും പിന്നിലും...
പ്രണയമില്ലാത്ത ദിനങ്ങളുള്ള കലണ്ടറിലാണ്‌ ഞാനെന്റെ എച്ചില്‍ പൊതിയുന്നത്‌..
ഈ പ്രണയദിനത്തില്‍ മാത്രം പ്രണയകാര്‍ഡുകള്‍ വില്‍ക്കുന്ന
കടകള്‍ക്കു മുന്നിലാണ്‌ ഞാന്‍ കാര്‍ക്കിച്ചു തുപ്പുന്നത്‌..

Monday, February 11, 2008

ഹൃദയങ്ങളായിരുന്നു ഉരുകിച്ചേര്‍ന്നത്‌...

ആ വളവിലായിരുന്നു ഞാന്‍ അവളെ ആദ്യമായി കണ്ടത്‌..
ഒരു ചുവന്ന കാറിലായിരുന്നു ഞാനും അവളും ആദ്യമായി യാത്ര പോയത്‌..
ഒരു നനുത്ത ചിരിയായിരുന്നു അവളെനിക്ക്‌ ആദ്യമായി സമ്മാനിച്ചത്‌..
ഒരു ഇറക്കത്തില്‍ വെച്ചായിരുന്നു ഞങ്ങള്‍ ആദ്യമായി സ്പര്‍ശിച്ചത്‌...

പിന്നെ കാട്ടുവള്ളികള്‍ പോലെ പടര്‍ന്ന പ്രണയമായിരുന്നു...
ഗര്‍ജ്ജിക്കുന്ന സിംഹങ്ങള്‍ക്കിടയിലൂടെ...
ഓട്ടക്കണ്ണിട്ടു നോക്കുന്ന കുറുനരികള്‍ക്കിടയിലൂടെ...
പ്രാണനു വേണ്ടിയുള്ള ഓട്ടം...പനി പിടിച്ചുള്ള ഓട്ടം...

വെയിലിലായിരുന്നു ഞങ്ങള്‍ ഓടിയത്‌...
മഴയിലായിരുന്നു ഞങ്ങള്‍ ഓട്ടം നിറുത്തിയത്‌..
ഇടിമിന്നലായിരുന്നു ഞങ്ങള്‍ക്ക്‌ സമ്മാനമായ്‌ കിട്ടിയത്‌..
ഹൃദയങ്ങളായിരുന്നു ഉരുകിച്ചേര്‍ന്നത്‌...

Friday, February 8, 2008

അവസാനത്തവള്‍..

അവള്‍..അവസാനത്തവള്‍..
പുള്ളികുത്തി,മൊട്ടയടിച്ച്‌,ചോരമാലയിട്ട്‌ നടത്തിച്ചവരില്‍
ഒടുക്കം വന്നവള്‍..

അറക്കവാളിന്റെ പല്ലുകളില്‍ തണുത്ത ചോര തട്ടുന്ന നേരത്ത്‌..
അത്‌ മരണമാണെന്നറിയാതെ...
മരണത്തിലേക്ക്‌ നടന്നു നീങ്ങിയവര്‍ക്കു പിന്നാലെ വന്നവള്‍..

ഇരുട്ടിന്റെ നിര്‍വികാരതയുമായി..
നിഷ്കളങ്കമായ ചിരിയോടെ...
ബലിക്കല്ലില്‍ സ്വയം സമര്‍പ്പിച്ചവള്‍...

അവള്‍...
എന്റെ മനസ്സ്‌ കവര്‍ന്നെടുത്തവള്‍..
എന്റെ ആത്മാവിനെ ചാരമാക്കി പുഴയിലൊഴുക്കിയവള്‍..