Thursday, December 6, 2012

പ്രണയത്തിന്റെ പെരികാര്‍ഡിയം


അധരങ്ങള്‍ മാദകപ്പോളകള്‍
നയനങ്ങള്‍ ഭ്രമമാപിനികള്‍ 
കൈനഖങ്ങള്‍ ഭോഗവിസ്മയങ്ങള്‍ 
പാദങ്ങള്‍ മുജ്ജന്മ പ്രണയങ്ങള്‍ 

നീ എന്റെ ജീവന്റെ ജാലക വാതിലിലെ ജലകണിക! 
ഒലിച്ചി ങ്ങുമ്പോള്‍ നെഞ്ചിനകത്തെ വിടവിലൂടെ 
ഹൃദയത്തില്‍ പടര്‍ന്ന്‍ ...നീ ഒരു ആവരണമാകും ..
പ്രണയത്തിന്റെ  പെരികാര്‍ഡിയം !!!!  

Saturday, November 10, 2012

പിന്നെയൊരു നാളില്‍ ...

എന്റെയാരാമത്തില്‍ പൂക്കളില്ല ...
പൂക്കളില്‍ പാറും പൂമ്പാറ്റയില്ല ..
എത്രയോ നാളായി ഞാനൊളിപ്പിച്ചൊരു..
ചെമ്പനീര്‍പൂവിന്‍ സുഗന്ധമില്ല ...

അവള്‍ വിരിഞ്ഞു ...പിന്നെയൊരു നാളില്‍ ...
സുഗന്ധം നിറഞ്ഞു മലര്‍വാടിയില്‍ ....
തേന്‍ തുള്ളിയായ് പ്രണയം പെയ്തിറങ്ങി 
പൂമ്പാറ്റയായ്‌ മനം പറന്നിറങ്ങി... 

Wednesday, June 27, 2012

നീയെവിടെ..?

കുറെ കാലമായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട്
വരുന്ന കാണുന്നില്ല ...
പറഞ്ഞു പറ്റിച്ചതാണോ എന്തോ ...!!

എന്റെ പ്രണയം മുന്തിരിച്ചാറിന്റെ
വീര്യം പകരുന്നത് നീ വരുമ്പോളാണ്    
എന്റെ ഓര്‍മ്മകള്‍ ചെമ്പകത്തണ്ടിന്റെ 
ഗന്ധം പരത്തുന്നത് നീ അണയുമ്പോളാണ് 
എന്റെ രാത്രികള്‍ക്ക് കിനാവിന്റെ 
നൂലിഴകള്‍ മെനയുന്നത് നീ തന്നെയാണ് 
എന്റെ ധാര്‍ഷ്ട്യം അലിഞ്ഞില്ലാതെയാകുന്നത് 
നിന്റെ സ്പര്‍ശമേല്ക്കുംപോഴാണ്   

നീയെവിടെ..?
ചുമ്മാതെ കേണും പിറുപിറുത്തും 
നീണ്ട മുടിയിട്ടുലച്ചും വന്നിരുന്ന 
എന്റെ പ്രിയപ്പെട്ടവളെ... 
നിന്നെ ഇപ്പോള്‍ കവിതകളില്‍ പോലും
 കാണാതായിരിക്കുന്നുവല്ലോ  ...
നീ പെയ്തൊഴിയുമ്പോള്‍ 
മണ്ണിന്റെ മോഹങ്ങള്‍ പുല്‍നാമ്പുകളായി 
പൊട്ടി വിരിയുന്നത്, പുതുമണമായി
കാറ്റില്‍ പടരുന്നത് ,
 നനഞ്ഞൊട്ടിയ  ഇടവഴികളിലൂടെ,
ഇറ്റു വീഴുന്ന തുള്ളികള്‍ നുണന്ജ് 
നിന്നെയറിയുന്നത്..   

എല്ലാം വിദൂരതയിലെ..
ഒരു കൊച്ചു കറുത്ത മേഘത്തില്‍ ഉടക്കി നില്‍ക്കുന്നു..
വരില്ലേ..ഇനിയും?

എന്റെ മേഘ മല്‍ഹാരുകള്‍ക്ക് ..
മറുപടിയുമായി...     

Sunday, May 6, 2012

ഇതാണ് രക്തസാക്ഷി


ഇതാണ് രക്തസാക്ഷി 

അല്ലാതെ പാര്‍ടി ഫ്ലെക്സ് ബോര്‍ഡുകളില്‍ ചോരമാലയിട്ട് ചിരിച്ചിരിക്കാന്‍
പാര്‍ടി  വളര്‍ത്തുന്ന  ബ്രോയലര്‍ കോഴികളല്ല  ....
വടിവാളും കുറുവടിയുമായി തെരുവുകളെ ചുവപ്പിക്കുന്ന 
പാവങ്ങളെ കൊന്നു തിന്നുന്ന മനുഷ്യമൃഗങ്ങളല്ല ....

സഹനത്തിന്റെ പര്‍വങ്ങള്‍ കടന്ന്..
ഭൌതിക സുഖങ്ങള്‍ മറന്ന്..
നീതിയുടെ വേണ്മേഘങ്ങള്‍
എത്തിപ്പിടിക്കാന്‍ ശ്രമിച്ച 
സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ പണിത 
ധീരനായ ഒരാള്‍ !

ഭീരുക്കളായ ചില വിഡ്ഢികള്‍ ,
മരണത്തിന്റെ അനന്തതയിലേക്ക് 
എറിഞ്ഞു കളഞ്ഞിട്ടും 
ഓര്‍മകളില്‍ തീ പടര്‍ത്തുന്ന 
സിരകള്‍ക്ക് ചൂട് പകരുന്ന 
കരുത്തനായ ഒരാള്‍ ...

സഖാവേ ...ഒരായിരം അഭിവാദ്യങ്ങള്‍   

Thursday, April 12, 2012

ചിതല്‍പുറ്റ്

പ്രതീക്ഷയുടെ ഒരു തിരിനാളം പോലുമില്ലാതെ ...
ഇരുട്ടിന്റെ ഇരുമ്പുകൂട്ടില്‍..
സ്വത്വത്തെ പഴിച്ച് 
പേ പിടിച്ചവനെപ്പോലെ 
ഉമിനീരൊലിപ്പിച്ച് 
ജട പിടിച്ച മുടികളില്‍
സ്വപ്നങ്ങള്‍ക്ക് ചിതയൊരുക്കി 
ഞാന്‍ നടന്നു 

നിന്റെ  നീളന്‍ നഖങ്ങള്‍  
എന്റെ സ്വപ്നങ്ങളുടെ എരിഞ്ഞു തീര്‍ന്ന ചിതയില്‍
അസ്ഥികള്‍ പെറുക്കുന്ന കോലുകള്‍

നിന്റെ ചുംബനം 
എന്റെ പോക്കിള്‍ക്കൊടിക്ക് ചുറ്റിലും
വേദന തീര്‍ക്കുന്ന സൂചിമുനകളുടെ ജനനേന്ദ്രിയം 

നിന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍
ഇരുട്ട് നിറഞ്ഞ ചിന്തകളാല്‍ 
എന്റെ ആത്മാവിനെ തടവിലാക്കിയ  ചിതല്‍പുറ്റ്          

Monday, April 9, 2012

നീ അകലെ...

നീ അകലെ...
അങ്ങ് പവിഴ മലകള്‍ക്കും മരതക ദ്വീപുകള്‍ക്കുമക്കരെ ...
ആകാശത്തിന്റെ ചെരുവില്‍ ...
കണ്ണ് ചിമ്മുന്ന നക്ഷത്ര ക്കൂട്ടങ്ങള്‍ക്ക് താഴെ
പച്ച പടര്‍ന്ന പുല്‍മെത്തകളില്‍
ഇളനാമ്പുകളില്‍ ...
പൊട്ടി വിരിയുന്ന മഴവില്‍ നിറമുള്ള പൂവായ്
പാത്തു പാത്തു നിന്നു..!

ഞാന്‍ ഇവിടെ..
ഉഷ്ണമൊഴുകുന്ന ഉച്ചകളില്‍ ..
കരിഞ്ഞു കൂമ്പിയ വയല്‍ നിരകളില്‍ ...
വരണ്ടു പൊട്ടിയ മനസ്സുമായ്..
വാടിയൊതുങ്ങിയ മുഖവുമായ്
നിറങ്ങള്‍ തേടിയലഞ്ഞു ...
ഒരു പൂമ്പാറ്റയാകാന്‍ കൊതിച്ചു...!