Sunday, September 19, 2010

ഹൃദയത്തിന്റെ ചിതാഭസ്മവും പേറി..

പ്രണയമുണ്ടാകുമ്പോള്‍,ഹൃദയങ്ങള്‍ ഉപയോഗശൂന്യമാകുന്നു
അത്‌ വലിച്ചുകീറി ചവറ്റുകുട്ടയിലെറിയപ്പെടുന്നു
വൃത്തികെട്ട പ്രണയത്തിന്‍ അസ്ഥിപഞ്ജരങ്ങള്‍, ഇരുട്ടു ഘനം പിടിപ്പിച്ച രാത്രികളില്‍
മുഖം മറയ്ക്കാതെ വന്ന്‌ പേടിപ്പെടുത്തുന്നു..

പ്രണയമായിരുന്നതെല്ലാം ഇന്ന്‌ മരവിച്ചു കഴിഞ്ഞിരിക്കുന്നു!
നിണമൊഴുകുന്ന ഹൃദയത്തിന്റെ ചിതാഭസ്മവും പേറി..
ഈ നശിച്ച കാറ്റ്‌ എന്റെ നാസികകളിലേക്ക്‌ തുളച്ചുകയറുന്നു!
ആരേയും വിശ്വസിക്കാനാവാതെ എന്റെ ഉപയോഗശൂന്യമായ ഹൃദയം
കൊഴിഞ്ഞു തീര്‍ന്ന ഒരു പൂമരം പോലെ വൃഥാ ശൂന്യതയിലേയ്ക്കു നോക്കി നില്‍ക്കുന്നു..
അവന്‍ ചാപ്പ കുത്തിയ ഈ ചുണ്ടുകളില്‍ പ്രണയത്തിന്റെ കനല്‍
പാളകെട്ടി കോമരമായുറഞ്ഞു തുള്ളുന്നു
അവന്‍ തഴുകിയ മുടിയിഴകളില്‍ കൊമ്പന്‍ ചെല്ലികള്‍ കൂടുകൂട്ടുന്നു
കറുത്ത സത്യത്തിന്റെ പരുപരുത്ത കാലുകള്‍കൊണ്ട്‌ കുത്തിനോവിക്കുന്നു..
പാരിതോഷികമായവനെടുത്ത എന്റെ മനസ്സിന്റെ ചിത്രങ്ങള്‍..
ചില്ലുപൊട്ടി,ചിതലരിച്ച്‌ അഴുക്കു നിറഞ്ഞ ഓടകളില്‍ ഒലിച്ചു തീരുന്നു

നീയറിയുന്നുവോ? എന്റെ സിരകളില്‍ പ്രണയം ഉറഞ്ഞു തീര്‍ന്നതും..
നിനക്കായ്‌ പൂമ്പാറ്റയായതും, പിന്നെ ചിറകറ്റ്‌ ചാരമായതും?
നീയറിയുന്നുവോ?ഇന്നീ കല്ലറയ്ക്കടിയിലും നിന്റെ വന്യമായ കണ്ണുകള്‍
എന്നെ പിന്തുടരുന്നതും...എന്റെ സ്വപ്നങ്ങള്‍ ശ്മശാനത്തിലെ ശവം നാറിപ്പൂക്കളായ്‌ കൊഴിഞ്ഞുതീരുന്നതും??