Tuesday, May 18, 2010

അമ്മേ...നീയെന്നാത്മാവു തന്നെ

നോവിന്റെയൊരുനൂറു ഗര്‍ഭപാത്രങ്ങള്‍
ചുമക്കുന്ന സത്യത്തിന്‍ പൊരുളാണു നീ
തീക്കനല്‍ ചൂടുള്ള പൊള്ളുന്ന കാഴ്ചകള്‍..
ഊതിക്കെടുത്തുന്ന മഴയാണു നീ
കാത്തിരിപ്പിന്റെയാ ക്രൂരമാം വേദന
കണ്ണിലൊളിപ്പിച്ച കടലാണു നീ
നിന്‍ മോഹത്തിന്‍ പൂക്കളെ വിരിയാതെ നോക്കി
വാടിക്കൊഴിക്കുന്ന വെയിലാണു നീ!

അമ്മേ നീയൊരദ്ഭുതമാണു തന്നെ
അമ്മേ...നീയെന്നാത്മാവു തന്നെ
എന്റെ നിണമൊഴുകുമാ നീര്‍ച്ചാലുകള്‍
വെട്ടിത്തുറന്നൊരാ മണ്ണു നീയേ..
എന്റെ നിനവറിയുന്ന കാല്‍പാടുകള്‍
നടന്നു ശേഷിപ്പിച്ചതന്നു നീയേ..

നീയബലയല്ല...സഫലയാണ്‌
ഊഴി തന്നുണര്‍വിന്റെ നാഭിയാണ്‌
ജീവശ്വാസത്തിന്‍ തുടക്കമാണ്‌
ജനിമൃതികള്‍ തന്നുടെ സാക്ഷിയാണ്‌

ഇല്ലയിനിവാക്കുകളെന്റെ പക്ഷം..
നിന്നെക്കുറിച്ചു മൊഴിഞ്ഞീടുവാന്‍..
അശക്തനാകുന്നു ഞാന്‍ നിന്റെ മുന്നില്‍..
ഒരു കൊച്ചു നന്ദി തന്‍ ചിരി തൂകുവാന്‍..
അനര്‍ഥമാമുപചാരവാക്കുകള്‍ക്കുപരിയായ്‌
ഞാനെന്ന സത്യം നീയാകവേ..
നന്ദിയേകുന്നു നിന്‍ മകനായ്‌ പിറന്നതില്‍..
ലോകസ്രഷ്ടാവിന്നു നിറകണ്‍കളാല്‍!