Friday, November 30, 2007

പെരുമ്പിള്ളിശ്ശേരി വരെ..

ഞാന്‍ ഒറ്റക്ക്‌...എന്റെ കൊച്ചു മാരുതി കാറില്‍... പതിയെ നീങ്ങിക്കൊണ്ടിരുന്നു... മഴനനഞ്ഞ റോഡുകളിലൂടെ... വെള്ളത്തുള്ളികള്‍ ഇറ്റുവീണിരുന്ന മരങ്ങള്‍ക്കു ചുവട്ടിലൂടെ.. കാര്‍സ്റ്റീരിയോവില്‍ പേരറിയാത്ത ആരോ ഗസല്‍ മൂളുന്നു.. ഗസലുകളെന്നും എന്നിലെ ഗ്രിഹാതുരത ഉണര്‍ത്താറുണ്ട്‌.. ത്രിശ്ശൂര്‍ റൗണ്ട്‌ കഴിഞ്ഞു.... ചെട്ടിയങ്ങാടിയിലെ മാത്രുഭൂമി ഓഫീസ്‌.. എത്രയോ വാര്‍ത്തകള്‍ ദിവസവും ഇതിലൂടെ കടന്നു പോകുന്നുണ്ടാവും..ഞാനോര്‍ത്തു.. രോഡിലെ ഗട്ടറുകള്‍ ശ്രധ്ധിക്കാതെ ഞാന്‍ വണ്ടി മുന്നോട്ടോടിച്ചു.. ത്രിശ്ശൂര്‍ക്കാര്‍ക്കു ഗട്ടറുകള്‍ പുതുമയല്ല.. കൊക്കാല ജങ്കഷന്‍..അവിടത്തെ ജയ ബേക്കറി.. എത്രയൊ സെക്കണ്ട്‌ ഷോകള്‍ കഴിഞ്ഞ്‌ അവിടെ വണ്ടി കാത്തു നിന്നിട്ടുണ്ട്‌.. ഇടക്കൊക്കെ ബ്രൗസ്‌ ചെയ്യാന്‍ പോയിരുന്ന സിഫി ഇന്റര്‍നെറ്റ്‌ കഫെ.. പിന്നെ ഇയ്യപ്പന്‍ സോപ്പ്‌ ഫാക്ടറി... പൊടിപിടിച്ച പഴയ കുറെ മഷീനുകളുമായി..ഇപ്പൊഴും.. ന്നാലും അവിടത്തെ സോപ്പുകള്‍ എന്റെ അച്ചന്റെ പ്രിയപ്പെട്ടവയാ... വീണ്ടും മുന്നോട്ട്‌ നീങ്ങി.. മെട്രോ പൊളിറ്റന്‍ ആശുപത്രി... അചന്‍ നടുവേദന വന്നപ്പൊഴും കാലുവേദന വന്നപ്പൊഴും .. ഞാന്‍ അവിടത്തെ വരാന്തകളിലെ ഘനം പിടിച്ച മൗനം അനുഭവിച്ചതാണ്‌.. പിന്നെ തങ്കമണി കയറ്റം..എന്തുകൊണ്ടാണ്‍ ആ പേരു എന്നു എനിക്ക്‌ ഇന്നും അറിയില്ല...പക്ഷെ ഇന്നു കേരളത്തിലെ തന്നെ ഏട്ടവും നല്ല നൈറ്റികള്‍ കിട്ടുന്ന സ്തലമാണത്‌..!! എന്റെ ഐ സി ഐ സി ഐ അ റ്റ്‌ എം...അന്നദാതാവു..ഹംസം... അതും കഴിഞ്ഞ്‌..പഴക്കടകളും...ഇടക്കിടെ പേര്‍ മാറിക്കൊണ്ടിരിക്കുന്ന ഒരു ബാറും (അല്ലേലും പേര്‌ ആരു ശ്രധിക്കാന്‍) താണ്ടി ഞാന്‍ മുന്നോട്ട്‌.. കൂര്‍ക്കഞ്ചേരി ജങ്ക്ഷന്‍.. ഇവിടുത്തെ എലൈറ്റ്‌ ആശുപത്രിക്ക്‌ ഒരുപാട്‌ കഥകള്‍ പറയാനുണ്ട്‌.. ഞാനും അച്ഛനും അമ്മയുമെക്കെ ഇവിടെ ഒരുപാടു നാള്‍.. ഒഹ്ഹ്‌..ഒന്നുമോര്‍ക്കാന്‍ വയ്യ..ആ നാളുകള്‍..വെദനയുടെ..വിലാപത്തിന്റെ.. വീണ്ടും മുന്നോട്ട്‌ നീങ്ങി... പഴയ സിതാര തിയ്യറ്ററും കടന്നു...വലിയാലുക്കല്‍... ഇടതു വശത്തായി സെവന്‍സ്‌ ഫുട്ബാള്‍ ഗ്രൗണ്ട്‌... എത്ര വാശിയേറിയ കളികള്‍...അതൊക്കെ ഒരു കാലം... പിന്നെയും മുന്നോട്ട്‌... ഓവര്‍ ബ്രിഡ്ജിനു മുകളിലെത്തിയപ്പോള്‍... പരിചയമുള്ള ഒരു തീവണ്ടിയുടെ കൂവല്‍... ചുണ്ടില്‍ ഒരു ചിരി പടര്‍ന്നു.... മഴ ചാറുന്നുണ്ടായിരുന്നു... വ്യ്പ്പര്‍ വെള്ളത്തുള്ളികള്‍ ഓരോന്നായി തുടച്ചുമാറ്റിക്കൊണ്ടിരുന്നു.. കണിമങ്ങലം പാടം.... എത്ര മനോഹരമാണ്‌ എന്റെ ദേശമെന്ന് മനസ്സിലെങ്കിലും അഹങ്കരിച്ചു.. ആ കൊച്ചു തോടും കടന്നു...ഒരു പൊങ്കന്‍ വളവും തിരിഞ്ഞ്‌.. പാലക്കല്‍ പള്ളിക്കു സമീപം... അപ്പുറത്തായി പുതിയ ഒരംബലം ഉയര്‍ന്നിരിക്കുന്നു... കൂര്‍ബാനയും ഭജനയും... പാലക്കല്‍ ജങ്ക്ഷന്‍ കുറെ മാറിയിട്ടുണ്ട്‌.. പുതിയ കുറേ കടകള്‍... ഇറക്കമിറങ്ങി... കിണര്‍ ബസ്റ്റോപ്പ്‌... ഇപ്പൊ കിണറൊന്നുമില്ല..എന്നാലും പേര്‍ അതുതന്നെ... ചെവ്വൂരിലെത്തി.... ഒരു ഇരുന്നൂര്‍ ഫര്‍ണീച്ചര്‍ ഷോപ്പെങ്കിലും കാണും.. കേരളത്തിലെ കൊത്തുപണിക്കാരെല്ലാം സമ്മേളിക്കുന്ന സ്ഥലം... എന്റെ വീട്ടിലെ..എല്ലാ മരസാമഗ്രികളും ചെവ്വൂരിന്റെ പുത്രന്മാരാണ്‌ കപ്പേള കഴിഞ്ഞുള്ള ഇറക്കം അല്‍പം കട്ടിയാണ്‌ ഡ്രൈവിംഗ്‌ പടിക്കുന്ന സമയത്ത്‌..ഡ്രൈവര്‍ ജയന്‍ ചേട്ടന്റെ വഴക്ക്‌ കുറെ മേടിച്ചു തന്ന സ്ഥലം... ആന്റണി ടിംബ്ബേര്‍സും കഴിഞ്ഞ്‌.... അര്‍പ്പിത ബാറിനു മുന്നിലെത്തി... ഈ ബാര്‍ ..പെരുമ്പിള്ളിശ്ശേരിക്കാരുടെ ജീവിതം മാറ്റിമറിച്ച സ്ഥാപനം.. ചുറ്റിലും ഒരുപാടു കടകള്‍...വഴിവാണിഭക്കാര്‍..ആകെ ബഹളമയം.. കേരളത്തിലെ തന്നെ ഒരപൂര്‍വ കാഴ്ച.... അങ്ങനെ എന്റെ ജങ്ക്ഷനിലെത്തി... പെരുമ്പിള്ളിശ്ശേരി...എന്റെ ജന്മദേശം... ഒരുപാട്‌ നല്ല ഓര്‍മകള്‍ എനിക്കു സമ്മാനിച്ച എന്റെ നാട്‌.. എന്റെ വീട്‌...എന്റെ മണ്ണ്‌... ഈ ദേശത്തെ കുറിച്ച്‌ കൂടുതല്‍ പിന്നീട്‌...

Wednesday, November 28, 2007

വേര്


അക്റിലിക് മീഡിയത്തില്‍ എന്റെ ആദ്യത്തേത്

അമ്മ

അടുക്കളയില്..ഉമ്മറക്കോലായില്..
വിറകുപുരക്കടുത്ത്..വിയറ്ത്തൊലിച്ച മുഖവുമായി...അമ്മ...

ഞാന്‍ വരുന്നതറിഞ്ഞ് എനിക്കിഷ്ടപ്പെട്ടതൊക്കെയെടുത്തു വെച്ച്..
പടിപ്പുരവാതില്ക്കല്...കാത്തുനിന്നു..
അവസാനത്തെ ബസ്സും പോയെന്നുറപ്പായിട്ടുമ്..
ജങ്ക്ഷന്‍ വരെ നടന്നു ചെന്നു...
ക്ഷീണിച്ച കണ്ണുകളുമായി തിരിച്ചു നടന്നു...

ഞാനില്ലാത്തപ്പഴും എന്റെ ഉടുപ്പുകള്‍ തേച്ചു വെച്ചു..
ഞാനില്ലാത്തപ്പഴും എന്റെ ചെരുപ്പുകള്‍ മിനുക്കി വെച്ചു..
ഞാനില്ലാത്തപ്പഴും എന്റെ ചിത്റത്തില്‍ നോക്കിയിരുന്നു...
ഞാന്‍ അകലേക്കു പൊയപ്പോള്‍ എന്നെ മുറുകെപ്പിടിച്ചു..
.
എന്നെമാത്റം ഓറ്ത്തോറ്ത്തിരുന്നു..
എനിക്കു മാത്റമായി ജീവിച്ചു..
എന്റെ മുടി നരക്കുന്നതോറ്ത്ത് വിഷമിച്ചു..
ഞാന്‍ വെയിലേറ്റു വാടിത്തളറ്ന്നെന്ന് പരിഭവിച്ചു..

അമ്മ......ഇപ്പഴും ആ അടുപ്പിന്റെ അരികത്താണ്‌...
എനിക്കു വേന്ടി എന്തൊക്കെയോ ഒരുക്കുകയാണ്‌...
അമ്മ...സ്നേഹമാണ്‌..അല്ല സ്നേഹമെന്നാല്‍ അമ്മയാണ്‌

Thursday, November 22, 2007

നീയറിയുന്നുവോ..

നീയറിയുന്നുവോ..
എന്റെ നീര്‍മാതളം നിനക്കായ്‌ പൂത്തതും..
നിനക്കായ്‌ മാത്രം കാത്തുനിന്നതും....

നീയറിയുന്നുവോ.. ഉറക്കമില്ലാത്ത എന്റെ രാത്രികളില്‍ നീ..
കുളിര്‍തെന്നലായ്‌ കടന്നുവന്നതും...
വിണ്ടുകീറിയ എന്റെ ഹൃദയത്തില്‍..
സ്നേഹത്തിന്‍ പൊടിവിത്തുകള്‍ വിതച്ചതും..

നീയറിയുന്നുവോ...
ഒരിക്കലുമില്ലാത്ത വേദനയില്‍..
നിന്നെ കാണാതെ എന്റെ ഹൃദയം പിടച്ചതും...
നിന്നെയോര്‍ത്തെന്റെ നാഡികള്‍ കുഴഞ്ഞു വീണതും..

പ്രിയേ...നീയറിയുന്നുവോ...
എന്റെ പ്രിയപ്പെട്ടതെല്ലാം നീയായ്‌ മാറിയതും...
നിനക്കായ്‌ മാത്രം ഞാന്‍ പുനര്‍ജ്ജനിച്ചതും...

Saturday, November 17, 2007

വരൂ..എന്റെ പ്രണയിനിയാകൂ..

ഒരുമിച്ചിരിക്കാം,ഒരൊത്തിരി നേരം..
ഒരായിരം ഓര്‍മയില്‍ ഒന്നായി മാറാം...
ഇന്നലെ നീ കണ്ട സ്വപ്നകഥയിലെ..
നായകനായ്‌ ഞാന്‍ ആനന്ദമേകാം..

വള്ളിക്കുടിലിലെ ഓമനമൊട്ടുകള്‍...
പൂവായി മാറുന്ന കണ്ടോണ്ടിരിക്കാം...
നീലാകാശത്തെ പഞ്ഞിമേഘങ്ങള്‍...
മഴയായി പെയ്യുന്നതോര്‍ത്തോണ്ടിരിക്കാം...

നീ ചുടുചുംബനമേകുന്ന മാത്രയില്‍...
മയില്‍പ്പീലിയായ്‌ മാറാം,നിന്നെ തഴുകിയുണര്‍ത്താം
നിന്‍ ചുടുനിശ്വാസം മേനിയെ പുല്‍കുമ്പോള്‍..
തേനരുവിയായ്‌ മാറാം,നിന്നിലേക്കൊഴുകാം..

കാട്ടിലും മേട്ടിലും,കുന്നിന്‍ ചെരുവിലും...
ഒരുമിച്ചു ചെല്ലാം,ഒരുമിച്ചിരിക്കാം...
ചില്‍ചിലം വെക്കുന്ന കിളികളെ കാണാം..
ധന്‍ ധനം വെക്കുന്ന മയിലിനെ കാണാം

കാട്ടിലെ നനുത്ത പുല്‍പ്പായമെത്തയില്‍..
ഒരുമിച്ചുറങ്ങാം,ഒരുമിച്ചെണീക്കാം..
മഞ്ഞുപെയ്യുന്ന സന്ധ്യാനേരത്ത്‌..
മഞ്ഞുതുള്ളികള്‍കൊണ്ടു ഞാന്‍ മാലയൊരുക്കാം
മഴക്കാറുമാനത്തു കാണുന്ന ‍മാത്രയില്‍
മഴവില്ലു കൊണ്ടു ഞാന്‍ നിന്നെയൊരുക്കാം...

പിന്നെ കണ്ണിലും കണ്ണിലും നോക്കിയിരിക്കാം...
ചുണ്ടുകള്‍ തമ്മില്‍ ചേര്‍ത്തു പിടിക്കാം...
ആലിംഗനങ്ങളില്‍ നമ്മെ മറക്കാം...
ഒന്നായി മാറാം...പിന്നെ ഒരുമിച്ചു മരിക്കാം......

Friday, November 16, 2007


ഇതും എന്റെ ഫോട്ടോയാ!!!എന്റെ സുഹൃത്ത്‌ ഷിഹാബിന്റെ പാടവം...!!


Thursday, November 15, 2007

എസ്കേപ്പ്‌ അളിയാ..എസ്കേപ്പ്‌

നമ്മടെ നാട്ടിലെ ഒരു വന്‍ കിട ആഘോഷമാണ്‌ തൈപ്പൂയം.ആ ടൈമിലാണ്‍ പെരുമ്പിള്ളിശ്ശേരി ദേശ വാസികള്‍ വീടൊക്കെ അടച്ചിട്ടു പുറത്തേക്കിറങ്ങുന്നത്‌.(വേറെ ഒന്നിനുമല്ല-പിരിവുകാരെ പേടിച്ചിട്ടാണെ).. ദേശവാസികളുടെ ഈ ശുഷ്കാന്തി കാരണം പൂയാഘോഷ പരിപാടികള്‍ നാലഞ്ചു കൊല്ലമായി മുടങ്ങിക്കിടക്കുകയായിരുന്നു.

അത്തവണ ഞങ്ങള്‍ രണ്ടും കല്‍പ്പിച്ച്‌ പിരിക്കാന്‍ തന്നെ തീരുമാനിച്ചു...ശരിക്കു പിരിഞ്ഞാല്‍ പൂയം അല്ലേല്‍ ഒരു \\'പൂരം\\'.പലവഴിക്ക്‌ ഫ്രീ ആയി ഉപദേശങ്ങള്‍ വന്നു..വടക്കേപ്പൊറത്തെ കുട്ടേട്ടന്‍ പറഞ്ഞു,\\'ഡാ പിള്ളാരെ..വെറുതെ വീട്ടുകാര്‍ക്ക്‌ പണി ഉണ്ടാക്കി വെക്കണ്ട്രാ\\'(പുള്ളി അനുഭവസ്തനാണെ-5 കൊല്ലം മുന്‍പു പൂയം കഴിഞ്ഞിട്ടുള്ള പഞ്ചവാദ്യം പുള്ളീടെ നടുമ്പൊറത്തായിരുന്നു)..പല ടൈപ്പിലുള്ള ഉപദേശങ്ങള്‍ പിന്നെയും വന്നു..ഉണങ്ങിയത്‌,വക്കുപൊട്ടിയത്‌,ചുക്കിച്ചുളിഞ്ഞത്‌...ആരു മൈന്റ്‌ ചെയ്യാന്‍?

ഞങ്ങടെ കൂട്ടത്തില്‍ അല്‍പം വെകിളിയും ജന്മനാ ഒരു മത്താപ്പുമായ \\'വെള്ളിപ്പാപ്പരിനെ\\' ഞങ്ങള്‍ പ്രെസിഡന്റാക്കി(ഈ പേരിന്റെ ഉദ്ഭവം പിന്നെ പറയാം).സെക്രട്ടറി ഈച്ചാട്ടി സന്ദീപ്‌...ഞാന്‍ ട്രഷററും!!

അങ്ങനെ പിരിവു തുടങ്ങി... ആദ്യം വഴിപ്പിരിവ്‌....വഴിയായ വഴിയെല്ലാം തെണ്ടിത്തിരിഞ്ഞു,ഒരു ഷാര്‍ജ ഷേക്കു പോലും കുടിക്കാതെ ഞങ്ങള്‍ നാട്ടുകാരുടെ വായിലിരിക്കുന്നതെല്ലാം ഹാപ്പിയായി കേട്ടു..നല്ല പെമ്പിള്ളാരുള്ള വീട്ടിച്ചെല്ലുമ്പൊ മാത്രം മൊയലനും,വെടി ദീപുവും ഇത്തവണത്തെ ആഘോഷ പരിപാടികളെ കുറിച്ച്‌ വിസ്തരിച്ചുകൊണ്ടിരുന്നു...അങ്ങനെ,രണ്ടു ദിവസത്തെ ദണ്ടിയാത്ര കഴിഞ്ഞു..

ബസ്സ്‌ പിരിവു തുടങ്ങി..മാനം മര്യാദക്കു വഴിയിലൂടെ പോകുന്ന ബസ്സുകള്‍ ഒച്ചയും ബഹളവും വെച്ച്‌ തടഞ്ഞുനിര്‍ത്തി,അവരുടെ കുത്തിനു പിടിച്ച്‌ കാശു വാങ്ങുന്ന ചടങ്ങാണ്‌ ഈ ബസ്സ്പിരിവ്‌.അങ്ങനെ പെരുമ്പിള്ളിശ്ശേരിക്കാരുടെ ഈ പാരമ്പര്യ കല അരങ്ങേറിക്കൊണ്ടിരിക്കുന്ന സമയത്താണ്‌ നമ്മുടെ ടാക്സിപ്പേട്ടയിലെ വളരെ സല്‍സ്വഭാവിയും കണ്ടാല്‍ ഒട്ടും ഭീകരത തോന്നാത്തവനുമായ ഡ്രൈവര്‍ ചെമ്പന്റെ വരവ്‌.മിസ്റ്റര്‍ ചെമ്പന്‍ ഞങ്ങള്‍ക്ക്‌ അദ്ധേഹത്തിന്റെ ഹോള്‍ഡ്‌ ഉപയോഗിച്ചുള്ള എല്ലാ സഹായവും വാഗ്ദാനം ചെയ്തു..സംശയം പ്രകടിപ്പിച്ചവരോട്‌ അദ്ധേഹം ഇപ്രകാരം ഉരുവിടുകയുണ്ടായി..\\'എന്തൂട്ട്‌ തേങ്ങ്യാ നീ പറയണെ,നമ്മള്‍ ഇത്‌ കൊറെ കാലായിട്ട്‌ കാണണതാ..തന്നില്ലെങ്കില്‍ രണ്ടു ചാമ്പങ്ങട്‌ ചാമ്പാ...അതന്നെ..ഇമ്മടെ പൂയം സൂപ്പറാവണം\\'..

ഇതൊക്കെ കേട്ട്‌ മനസ്സിലുള്ള കമ്പ്ലീറ്റ്‌ കിളികളും പറന്നുപോയിരിക്കുന്ന നേരത്താണ്‌ ബാബുമോന്‍, എന്ന ബസ്സ്‌ അതുവഴി വന്നത്‌.നത്തോലി സുജിത്താണ്‌ പിരിവു കൂപ്പണ്‍ കൊടുത്തത്‌.കണ്ടാല്‍ നത്തോലിയാണെലും കയ്യിലിരിപ്പ്‌ കൊമ്പന്‍ സ്രാവിന്റെയാ...കണ്ടക്റ്റര്‍ പതിവു പോലെ കാശു തരാന്‍ സൊവ്കര്യമില്ലെന്നു പറഞ്ഞു...നത്തോലി സുജിത്തിനു കലി കയറി...നത്തോലി ചെമ്പനെ നോക്കി...ഞാന്‍ സൈഡിലുള്ള ഒരു ഊടുവഴി കണ്ടുവെച്ചു...ചെമ്പന്‍ ഓടിവരുന്നു...ടാക്സിപ്പേട്ടയിലെ മറ്റു ഡ്രൈവര്‍മാരുമുണ്ട്‌.കണ്ടക്ടറും നത്തോലിയും അടി തുടങ്ങിക്കഴിഞ്ഞു...പിന്നെ അവിടെ ഒരു ബഹളമായിരുന്നു.പെരുമ്പിള്ളി ദേശക്കാര്‍ അതു വരെ ആഘോഷിക്കാതിരുന്ന പൂയം കണ്ടക്ടറുടെ പുറത്ത്‌ തീര്‍ത്തു...ഞാന്‍ കണ്ടു വെച്ച വഴിയിലൂടെ കാശുള്ള ബാഗുമായി ഓടാന്‍ തുടങ്ങി(തെറ്റിദ്ധരിക്കരുത്‌..ഞാനാണല്ലോ ട്രഷറര്‍)പെട്ടെന്ന് കോള്ളറിന്റെ ബാക്കിലൊരു കൈ...ലോക്കല്‍ എസ്‌.ഐ...\\'ഡാ..കാശും കൊണ്ടു മുങ്ങാന്‍ നോക്കുന്നൊ??തല്ലുണ്ടാക്കുന്നതൊക്കെ ചീള്‌ കേസ്‌...ഞങ്ങക്കു വല്ലതും തടയണേല്‍ നിന്നെപ്പോലെ കലക്കവെള്ളത്തില്‍ കൊഞ്ചിനെപ്പിടിക്കുന്നവനെ കിട്ടണം\\'

അതിനു ശേഷം ജീവിതത്തിലൊരിക്കലും ഞാന്‍ ട്രഷറര്‍ ആയിട്ടില്ല...സത്യം!!

ഒരു കപ്പലിന്റെ ചിത്രംഒരു മത്സരത്തിനു വരച്ചത്‌..

Tuesday, November 13, 2007

സ്നേഹം അളക്കുന്നവര്‍

ചിലരുടെ മോഹനിരാസങ്ങളില്‍,മറ്റു ചിലരുടെ പ്രണയപാപങ്ങളില്‍..
അവര്‍ എന്റെ സ്നേഹത്തിനു തൂക്കുമരമൊരുക്കുന്നു..
സ്ഖലിക്കുന്ന മാംസപിണ്ടങ്ങളാല്‍ അവരെന്റെ പ്രണയത്തിനു വിലപേശുന്നു നിയമപുസ്തകങ്ങളില്‍,നാട്ടുകൂട്ടങ്ങളില്‍ അവരെന്റെ ചോര വീഴ്ത്തുന്നു..
കട്ടികൂടിയ രോമകൂപങ്ങളില്‍ വിയര്‍പ്പുഗ്രന്ഥികള്‍ അന്ത്യശ്വാസം വലിക്കുന്നു..
അവരുടെ വാള്‍മുനത്തുമ്പില്‍ നിന്നു ഓടിയകലാന്‍ ഞാനെന്റെ കാലുകള്‍ മുന്നിലോട്ടായ്ക്കുന്നു..
പന്തം കൊളുത്തി,വടിവാള്‍ക്കൂട്ടങ്ങള്‍ എന്റെ നേരെ അസ്ത്രങ്ങളോങ്ങുന്നു
ഓടിത്തളര്‍ന്ന ഞാന്‍ അവര്‍ക്കെന്റെ ഹൃദയം പൊളിച്ചുകാണിക്കുന്നു..
എന്റെ കീറിയ ഹൃദയത്തിലേക്ക്‌ അമ്പുകളുതിര്‍ത്ത്‌
\\\\\\\\'പുണ്യജന്മങ്ങള്‍\\\\\\\\' അഹങ്കരിക്കുന്നു..വിജയഘോഷം മുഴക്കുന്നു..

പാവങ്ങള്‍ ...അവരറിയുന്നില്ല.....സ്നേഹം ഒരിക്കലും മരിക്കുന്നില്ലെന്ന്..

Sunday, November 4, 2007

രണ്ട്‌ പൂക്കള്‍

നിന്റെ ഓരോ ചിന്തയിലും..നിന്റെ ഓരോ ചലനത്തിലും
എന്റെ കണികകള്‍ വേണമെന്നു ഞാന്‍ കൊതിച്ചു..
എന്റെ പകല്‍ക്കിനാവുകളില്‍,നീര്‍മാതള്‍പ്പൂക്കളായ്‌ നീ വിരിഞ്ഞു..
എന്റെ അന്ത്യയാമങ്ങളില്‍ നിഴലിനു കൂട്ടായ്‌ നീയിരുന്നു..

എന്നോ കണ്ടു മുട്ടിയ രണ്ടു ഹൃദയങ്ങള്‍..
സ്നേഹം പകരാന്‍ പരസ്പരം പോരടിച്ചു!!!
അവയുടെ പടയോട്ടത്തില്‍ ചോര പടര്‍ന്നു....
കണ്ണീര്‍ച്ചാലുകള്‍ ഒഴുകി...
കാറ്റായി,പുകയായി,മേഘങ്ങളായി..
തണുത്ത്‌ മഴയായി...
പെയ്തൊഴിഞ്ഞു.....

ഹൃദയങ്ങളുടെ ശവപ്പറമ്പില്‍
വീണ്ടും ചെടികള്‍ കിളിര്‍ത്തു
രണ്ട്‌ പൂക്കള്‍ വിരിഞ്ഞു....
അവ പരസ്പരം കെട്ടുപിണഞ്ഞു നിന്നു....
പിരിയാനാവാതെ

Saturday, November 3, 2007

അവസാനത്തെ അത്താഴം..!!

നിന്‍ മുഖത്ത്‌..മുടിയിഴകളില്‍...
അടര്‍ന്നു നില്‍ക്കുന്ന അധരങ്ങളില്‍..
നിശബ്ദമായ്‌,ഞാനലഞ്ഞു...അറിയാത്ത ദാഹവും പേറി..
കുപ്പിപ്പാത്രങ്ങളിലെ അപ്പക്കഷണങ്ങള്‍ എന്നെ തൃപ്തനാക്കിയില്ല..
പ്രഭാതവും പ്രദോഷവും എനിക്ക്‌ വെളിച്ചം പകര്‍ന്നില്ല..
എല്ലാ നേരവും നിന്റെ കാലടികള്‍ക്ക്‌ പിറകെ വിശപ്പോടെ ഞാനലഞ്ഞു..

നിന്റെ, ഹൃദയം പിടപ്പിക്കുന്ന ചിരിയില്‍..
മന്ദാരത്തിന്റെ മണമുള്ള മേനിയില്‍..
വെള്ളിനിറമുള്ള കൈനഖങ്ങളില്‍..
ഞാനെന്റെ വിശപ്പു തീര്‍ത്തു..

എനിക്ക്‌ നിന്റെ മുടിയെ തഴുകുന്ന കാറ്റിനെ വേണം..
നിന്നെ നനയ്ക്കുന്ന മഴയും വേണം
ഞാനെന്റെ ദാഹം തീര്‍ത്തോട്ടെ..
ഞാനെന്റെ വിശപ്പ്‌ മാറ്റിക്കോട്ടെ..

നിന്റെ കണ്ണിമകള്‍,സ്വര്‍ണ്ണപ്പീലികള്‍..
സുന്ദരമായ വളഞ്ഞ മൂക്ക്‌..
ആ നുണക്കുഴികള്‍..
എനിക്കായ്‌ കാത്തിരിക്കുന്ന കുഞ്ഞു ചെവികള്‍..
ഒതുങ്ങിയ കഴുത്ത്‌..അതില്‍ വീണുകിടക്കുന്ന മുടിയിഴകള്‍..
ഞാനെന്റെ അത്താഴമാക്കിക്കോട്ടെ....
അവസാനത്തെ അത്താഴം..!!

Friday, November 2, 2007

പുനര്‍ജ്ജനി

ഊറുന്ന സ്നേഹത്തിന്നമ്പുകള്‍ ഏറ്റെന്റെ
ഹൃദയം ചുവക്കുന്നു,നാഡികള്‍ ഞെരിയുന്നു..
ആമാശയത്തിന്റെ ആഴങ്ങളില്‍നിന്ന്‌
ചോര കിളിര്‍ക്കുന്നു,മനം കീഴ്മേല്‍ മറിയുന്നു
സ്വേദരന്ധ്രങ്ങളില്‍ തണുപ്പു കയറുന്നു..
കണ്ണിന്റെ പാട മുറിയൂന്നു,ചെവി തുടുക്കുന്നു
സിരകളില്‍ പേടിയുടെ വിത്തുകള്‍,
ധമനിയില്‍ പ്രാണന്റെ വേരുകള്‍
എന്നിട്ടും,
കരളിലെ മോഹത്തിന്‍ ഗര്‍ഭപാത്രത്തില്‍..
ഒരു കുഞ്ഞു പൂവിന്റെ പുഞ്ചിരി കാണുന്നു
തലച്ചോറിനടിയിലെ മാംസകോശങ്ങളില്‍..
വള്ളികള്‍ പടരുന്നു,പ്രണയം പൂക്കുന്നു
എന്റെ ഹൃദയത്തിന്റെ തടവറയില്‍ ഞാന്‍ മരിച്ചുവീഴുന്നു..
പിന്നെ അവളില്‍ പുനര്‍ജ്ജനിക്കുന്നു..