Friday, October 22, 2010

ഞങ്ങളോടിത് വേണ്ടായിരുന്നു..

അയ്യപ്പേട്ടാ...
ഞങ്ങളോടിത് വേണ്ടായിരുന്നു..
ഇതിനു വേണ്ടിയായിരുന്നെങ്കില്‍ ഇങ്ങോട്ട് വന്നതെന്തിന്?
കവിതയെന്ന കാരിരുമ്പ് കയ്യില്‍ തന്നതെന്തിന്?
സ്നേഹത്ത്തിന്റെയര്‍ത്ഥം ഓതി തന്നതെന്തിന് ?
ഒരു കൊച്ചു തോള്‍സഞ്ചി വീടാക്കി ...
ഇടനെഞ്ചിലൊരു ശ്രുതി മീട്ടി ...
മഴയ്ക്ക് പനിക്കും വരെയത് നനഞ്ഞ്..
നിന്‍ ഹൃദയം പങ്കു വെച്ചതെന്തിന് ???

ആകാശ മുകളിലെ മാലാഖമാരെ ...
സൂക്ഷിച്ചോളിന്‍...ഒരു നട്ടെല്ലുള്ള മനുഷ്യന്‍ വരുന്നുണ്ട് ..!

സമര്‍പ്പണം: ശ്രീ. എ. അയ്യപ്പന്

സ്നേഹത്തിന്റെ കൊടി

സ്നേഹത്തിന്റെയും സമത്വത്തിന്റെയും മുദ്രാവാക്യങ്ങള്‍
മുഴക്കിയ ഒരു ചുവന്ന കൊടി ഇന്നലെ വഴിയില്‍ വീണു കിടപ്പുണ്ടായിരുന്നു ..
എല്ലാവരാലും ചവുട്ടി മെതിക്കപ്പേട്ട് ..
ആരാലും ശ്രദ്ധിക്കപ്പെടാതെ ..
ചെളി പിടിച്ച് ,ജ്വരം കനത്ത്
കീറി ,കരി പുരണ്ട്
കൊരവള്ളി പൊട്ടി, ശ്വാസമറ്റ്
പിന്നെ പൊതുകക്കൂസിന്റെ വാടയടിക്കുന്ന വരാന്തയില്‍
ബസ്സ് സ്ടാന്റിനു പിന്നിലെ അനംഗ്രീഗൃത മൂത്രപ്പുരയില്‍
അവസാനം തുരുമ്പെടുത്തു നശിച്ച ചവറ്റുകൂനക്ക് പിറകില്‍

മനസ്സ് മന്ത്രിക്കുന്നുണ്ടാവും ...ആരും കാണരുതേ എന്ന്‍..
ഈഗോ കൊണ്ടല്ല! കണ്ടാല്‍ വീണ്ടും വലിച്ചു കീറിയാലോ!!!

Thursday, October 21, 2010

താമരകള്‍ ...ഇത് എന്റെ വര അല്ല ..പക്ഷെ എന്റെ അടുത്ത ചിത്രത്തിന്റെ പ്രചോദനം ആണിത്

ഇതുകൊണ്ടാണ് ഞാന്‍ സര്‍റിയലിസം ഇഷ്ടപ്പെടുന്നത് ..

എന്താണ് കാമം?

എന്താണ് കാമം?

വെറി പിടിച്ച നോട്ടം?
ഉയര്‍ന്നു പൊങ്ങുന്ന ഹോര്‍മോണ്‍ ?
മാംസക്കൊതി വെച്ചുള്ള വര്‍ത്തമാനം?
അറിയാത്തതിനോടുള്ള അഭിനിവേശം?

അതോ...

ഒരു പ്രത്യുല്പാദന മാര്‍ഗം?
പ്രണയത്തിന്റെ പാരമ്യത?
ജീവനത്തിന്റെ അനിവാര്യത?
ഒരു നിയന്ത്രണ രേഖ ?

ഒരു ചെറിയ സംശയം ബാക്കി നില്‍ക്കുന്നു..
രണ്ടു പേര്‍ക്കും കാമം തോന്നിയാല്‍ അത് കാമമോ അതോ...?
വേണ്ട...ദീക്ഷ നീട്ടി വളര്‍ത്തി സന്യസിക്കാന്‍ പോകുന്നതാണ് എളുപ്പം
പിന്നെ ഇതിനു ഉത്തരം കാണണ്ടല്ലോ. !

Tuesday, October 19, 2010

ബാലറ്റുപേപ്പര്‍: ഒരു ചരമക്കുറിപ്പ്‌


എണ്റ്റെ ഓര്‍മകളില്‍ എന്നും നീയുണ്ടായിരുന്നു...
വെള്ളയായ്‌, മഞ്ഞയായ്‌, നീലയായ്‌..
മടക്കിയത്‌,മടക്കാത്തത്‌..
നീളമുള്ളത്‌, വളരെ ചെറുത്‌
കൈപ്പത്തിയും അരിവാളുമുള്ളത്‌...
താമര വിരിഞ്ഞു നില്‍ക്കുന്നത്‌..
ആന, തെങ്ങ്‌, കുട, കണ്ണട..
ഫാന്‍, ടോര്‍ച്ച്‌, ബള്‍ബ്‌..അങ്ങനെ എന്തെല്ലാം..

ഒരു കൊച്ചു തടിക്കഷ്ണത്തില്‍ മഷി പുരട്ടി,
ഞങ്ങള്‍ നിന്നെ ആഞ്ഞു കുത്തി
ചിലപ്പോള്‍ ആനയില്‍ ചിലപ്പോള്‍ കുതിരയില്‍!

ഞങ്ങളുടെ തീ പോലത്തെ കണ്ണുകള്‍..
നിന്നെ പേടിപ്പെടുത്തിയിരുന്നോ?
ഞങ്ങളുടെ ചൂടു പിടിച്ച വാക്കുകള്‍..
നിന്നെ ദേഷ്യം പിടിപ്പിച്ചിരുന്നോ?
ആ ഘനം പിടിച്ച കടുത്ത മഷിക്കൂട്ട്‌..
നിന്നെ ശ്വാസം മുട്ടിച്ചിരുന്നോ?

പിന്നെ എന്താണ്‌ നീ പറയാതെ പോയത്‌?
ഒരു കട്ടിയുള്ള പ്ളാസ്റ്റിക്‌ കൂടിനുള്ളില്‍
പീ പീ ശബ്ദവും നിറച്ച്‌ നീ വന്നതെന്താണ്‌?
നിണ്റ്റെ വേദനകള്‍ നീയും വിളിച്ചു പറയുന്നതാണൊ?
അതോ ഈ രാഷ്ട്റീയ ദുരവസ്ഥ കണ്ട്‌ അലറിക്കരയുന്നതാണോ?

എന്തായാലും നീയില്ലാതെ, ഈ ഈലക്ഷനു ചൂടില്ല..ചൂരില്ല..
പക്ഷെ ഇന്നു രാവിലേയും ആ ബട്ടണില്‍ വിരലമറ്‍ത്തിയപ്പോള്‍..
നീയലറിക്കരഞ്ഞപ്പോള്‍...പിടഞ്ഞത്‌ എണ്റ്റെ ഉള്ളായിരുന്നു..
തകറ്‍ന്നത്‌ എണ്റ്റെ ബാല്യവും എണ്റ്റെ കൌമാരവുമായിരുന്നു

പ്രിയപ്പെട്ട മഹാബലി...

കാവും കുളവുമുള്ള നാട്ടിലെ
പച്ച വിരിച്ച പാടങ്ങളില്‍...
ചേക്കുപാട്ടിന്റെ അകമ്പടിയോടെ
ചെളി തെറിപ്പിച്ചു കളിച്ചതും...

മുളവേലിക്കരികില്‍ പടര്‍ന്നുനിന്ന
കണ്ണാന്തളിപ്പൂക്കള്‍ പറിക്കാന്‍ ചെന്നപ്പോള്‍...
നീര്‍ക്കോലിപ്പാമ്പിനെ കണ്ടു പേടിച്ചതും...

അമ്പലപ്പറമ്പില്‍ നിന്ന് തുമ്പക്കുടം പറിച്ച്‌
ഈറ്റക്കുട്ടയിലാക്കി വീടു തോറും കയറി നടന്നതും
ചുവന്ന വെള്ളത്തുള്ളികള്‍ അലകുപിടിപ്പിച്ച പോലുള്ള
അത്തപ്പൂ വെച്ച്‌ പൂക്കള്‍മൊരുക്കിയതും...
ഓര്‍മച്ചിത്രങ്ങളിലുണ്ട്‌..

പക്ഷേ...കാലമേറെയായ്‌...
പ്ലാസ്റ്റിക്‌ ഇലകളിലെ പ്ലാസ്റ്റിക്‌ ഓണമാണ്‌ മുന്നില്‍...
ഈ ശീതരാജ്യത്തെ ഉഷ്ണീകരണ മുറികളില്‍..
പായ്ക്കറ്റ്‌ ഉപ്പേരിയും ടിന്നിലടച്ച പാലടയുമാണ്‌ ഓണം..
മറ്റു ചിലര്‍ക്ക്‌ നല്ല സ്കോച്ചും,ടിന്‍ ബീഫുമാകുന്നു ഓണം..

എനിക്ക്‌ ഇതെങ്കിലുമുണ്ട്‌...
പക്ഷെ എന്റെ പച്ച്പിടിച്ച നാട്ടിലെ കൊച്ചു സോദരര്‍ക്ക്‌...
ഇന്ന് ഓണവും ഒരു കൊട്ടേഷനാണ്‌..
ഓണപ്പരിപാടികള്‍ കൊട്ടേഷന്‍ പരിപാടികളും...

എന്റെ പ്രിയപ്പെട്ട മഹാബലി...
നീ അസുരരാജാവായിരുന്നെന്ന് ഞാന്‍ സ്മരിക്കുന്നു...
എന്നിട്ടും എന്തേ നിന്റെയീ അസുരപ്രജകളില്‍...
നിന്നെപ്പോലൊരു തുമ്പപ്പൂ ഇല്ലാതെ പോയത്‌?
എന്തിനാണ്‌, സ്നേഹത്തിന്റെ ഒരു കണിക പോലും ബാക്കി വെക്കാതെ..
എല്ലാം പാതളതിലേക്ക്‌ കൊണ്ടു പോയത്‌??

കാണുമായിരിക്കും ഇനി അടുത്ത ജന്മത്തില്‍..

ചാരമായത് ഒരു പിടി ഇഷ്ടങ്ങള്‍
ഓര്‍മയായത് ഒരായിരം സന്തോഷങ്ങള്‍
അന്യമായത് ശാന്തമായ ആ ഭാവം
ഒരിക്കലും തിരിച്ചു വരാത്തത് ആ വാത്സല്യം ..!

കാണുമായിരിക്കും ഇനി അടുത്ത ജന്മത്തില്‍..

Saturday, October 9, 2010

വിപ്ലവം ജയിക്കാന്‍

ഇറങ്ങി പുറപ്പെട്ടത് വിപ്ലവകവി ആകാനാണ്
പക്ഷെ ആയിവന്നപ്പോള്‍ ഒരു പ്രണയകവി ആയിപ്പോയി
നാട്ടുകാരും വീട്ടുകാരും ചോദിച്ചു..
നിനക്കൊന്നും വേറെ പണിയില്ലേ എന്ന്‍...!
പ്രണയകവിതകള്‍ എഴുതി സമയം കളയുന്ന നേരം ...
എന്തെങ്കിലും എം എല്‍ എം നെറ്റ് വര്‍ക്ക് ബിസിനസ് ചെയ്തു കൂടെ എന്ന്‍
ഞാന്‍ പറഞ്ഞു പ്രണയം ഒരു വിപ്ലവം ആണെന്ന്‍..
അപ്പോള്‍ പ്രണയ കവി ഒരു വിപ്ലവ കവി കൂടി ആകുമെന്ന്‍...
എന്നിട്ട് ആ വിപ്ലവം ഞാന്‍ ജയിക്കുമെന്ന്‍....!

കുറെ നാളുകള്‍ക്കു ശേഷം വിപ്ലവം കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോള്‍...
കവിതയെഴുതാതിരുന്ന എന്റെ സഹപാഠികള്‍ വിപ്ലവം ജയിച്ചു കഴിഞ്ഞിരുന്നു
അന്ന് മുതലാണ്‌ ഞാനൊരു ബിസിനസ്സുകാരനായത് ..
എന്തിനെന്നോ..? വിപ്ലവം ജയിക്കാന്‍!

എന്റെ കോപി റൈറ്റിംഗ് വര്‍ക്കുകളില്‍ ഒന്ന്‍ ...

Wednesday, October 6, 2010

എന്തൊരു മഴയാണിത്

എന്തൊരു മഴയാണിത്
അമ്മ പറഞ്ഞു തന്ന കഥകളിലെ മഴക്കൊന്നും ഇത്ര അഹംഭാവമില്ലായിരുന്നു!
കൊന്നും തിന്നും കൊലവിളിച്ചും ഒരു മദയാനയെപ്പോലെ!!!!
മതിയായില്ലേ നിനക്ക് ?
എന്റെ മനസ്സിലെ നിന്റെ ചിത്രത്തിനു പ്രണയത്തിന്റെ നിറമായിരുന്നു..
ഇതിപ്പോ കട്ടച്ചോര...കരിമ്പുക
എന്നെ ദേഷ്യം പിടിപ്പിക്കല്ലേ.. കൂടുതല്‍ കളിച്ചാല്‍
ആദ്യപ്രണയത്തിന്റെ ആദ്യദിനത്തില്‍ ആരുമറിയാതെ
ചില്ലുകുപ്പിയില്‍ പിടിച്ചു വെച്ച പുതുമഴവെള്ളം..
ഞാനോടയിലോഴിച്ചു കളയും...
പിന്നെ എന്റെ ശാപം കൊണ്ട്ട് നീ വെറും കല്ലായി മാറും
എന്നിട്ട കല്ല്‌ പെയ്യുന്ന കാലാത്തെ സര്‍വ്വ പ്രാക്കും പേറി നീ ചീഞ്ഞു ചാവും

മര്യാദക്ക് പറഞ്ഞത് കേട്ടോ.. !!!

സമര്‍പ്പണം : മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് , ഉറ്റവരെ നഷ്ടപ്പെട്ടവര്‍ക്ക്