Tuesday, October 19, 2010

പ്രിയപ്പെട്ട മഹാബലി...

കാവും കുളവുമുള്ള നാട്ടിലെ
പച്ച വിരിച്ച പാടങ്ങളില്‍...
ചേക്കുപാട്ടിന്റെ അകമ്പടിയോടെ
ചെളി തെറിപ്പിച്ചു കളിച്ചതും...

മുളവേലിക്കരികില്‍ പടര്‍ന്നുനിന്ന
കണ്ണാന്തളിപ്പൂക്കള്‍ പറിക്കാന്‍ ചെന്നപ്പോള്‍...
നീര്‍ക്കോലിപ്പാമ്പിനെ കണ്ടു പേടിച്ചതും...

അമ്പലപ്പറമ്പില്‍ നിന്ന് തുമ്പക്കുടം പറിച്ച്‌
ഈറ്റക്കുട്ടയിലാക്കി വീടു തോറും കയറി നടന്നതും
ചുവന്ന വെള്ളത്തുള്ളികള്‍ അലകുപിടിപ്പിച്ച പോലുള്ള
അത്തപ്പൂ വെച്ച്‌ പൂക്കള്‍മൊരുക്കിയതും...
ഓര്‍മച്ചിത്രങ്ങളിലുണ്ട്‌..

പക്ഷേ...കാലമേറെയായ്‌...
പ്ലാസ്റ്റിക്‌ ഇലകളിലെ പ്ലാസ്റ്റിക്‌ ഓണമാണ്‌ മുന്നില്‍...
ഈ ശീതരാജ്യത്തെ ഉഷ്ണീകരണ മുറികളില്‍..
പായ്ക്കറ്റ്‌ ഉപ്പേരിയും ടിന്നിലടച്ച പാലടയുമാണ്‌ ഓണം..
മറ്റു ചിലര്‍ക്ക്‌ നല്ല സ്കോച്ചും,ടിന്‍ ബീഫുമാകുന്നു ഓണം..

എനിക്ക്‌ ഇതെങ്കിലുമുണ്ട്‌...
പക്ഷെ എന്റെ പച്ച്പിടിച്ച നാട്ടിലെ കൊച്ചു സോദരര്‍ക്ക്‌...
ഇന്ന് ഓണവും ഒരു കൊട്ടേഷനാണ്‌..
ഓണപ്പരിപാടികള്‍ കൊട്ടേഷന്‍ പരിപാടികളും...

എന്റെ പ്രിയപ്പെട്ട മഹാബലി...
നീ അസുരരാജാവായിരുന്നെന്ന് ഞാന്‍ സ്മരിക്കുന്നു...
എന്നിട്ടും എന്തേ നിന്റെയീ അസുരപ്രജകളില്‍...
നിന്നെപ്പോലൊരു തുമ്പപ്പൂ ഇല്ലാതെ പോയത്‌?
എന്തിനാണ്‌, സ്നേഹത്തിന്റെ ഒരു കണിക പോലും ബാക്കി വെക്കാതെ..
എല്ലാം പാതളതിലേക്ക്‌ കൊണ്ടു പോയത്‌??

No comments: