Sunday, April 4, 2010

ബലാത്സംഗം


ധരണീ, നീയെത്രയബലയാണെ-
ന്നറിയാതെയോര്‍ത്തുപോകയാണോമലേ!
സുമുഖിയാം നിന്നുടെ ചിരി തന്‍
കുളിര്‍കാറ്റ്‌ അറിയാതെയെങ്ങോ മറഞ്ഞുപോയി..
നിന്റെ ദുഖത്തിന്‍ കറുത്ത മേഘങ്ങള്‍
അറിയാതെയെന്നോ കരഞ്ഞുപോയി...
എന്തേ നിനക്കീ രൂപമാറ്റം?
എന്തേ നിനക്കിത്ര ദൈന്യഭാവം?
എവിടെ നിന്‍ പച്ചപ്പട്ടു ചേലകള്‍..?
എവിടെ കൈവളകളാം കാട്ടാറുകള്‍?
എവിടെ പാല്‍പ്പുഴകള്‍ തന്നരഞ്ഞാണം?
എവിടെ നിന്‍ മേനിയില്‍ പൂശു-
മത്തറിന്‍ പൂങ്കാവനങ്ങള്‍...?

വറ്റിയ പുഴയിലെ മണല്‍ത്തിട്ടകളെല്ലാം
മേനിയില്‍ വടുക്കളായ്‌ വളര്‍ന്നിരുന്നു..
കണ്ണുനീര്‍ വറ്റിയ കണ്ണുകള്‍ പോലെയാ-
നീര്‍ത്തടം വെറുതെ നോക്കി നിന്നു..

* * * * *

ചേലയഴിഞ്ഞ്‌,ചിരിയടര്‍ന്ന്‌ ,വിയര്‍പ്പിന്‍ ദുര്‍ഗന്ധവും,
പൊട്ടിയ കൈവളകളുമായി.. ഇരുട്ടിന്‍ മറവിലിരിക്കുന്ന നിന്നെ..
കാമവെറി തോര്‍ന്ന മനുഷ്യപേക്കോലങ്ങള്‍
ഒരു പഴയ ഭാണ്ഡക്കെട്ടുപോലെ ശൂന്യാകാശത്തേയ്ക്ക്‌ വലിച്ചെറിയും!
പിന്നെ പുതിയൊരു ഇരയെ കണ്ടുപിടിക്കും.

* * * * *

വൈകേണ്ട സോദരിയിനിയൊട്ടും..
വാളെടുക്കാന്‍,വെട്ടിപ്പിടിക്കാന്‍
അഴിഞ്ഞുകൊള്ളട്ടെ പച്ചയാം
പട്ടുചേലകള്‍..വരിഞ്ഞുടുക്കൂ
ചുവപ്പിന്നഗ്നിജ്വാലകള്‍..
ചുട്ടുകൊല്ലുവിന്നഗ്നികുണ്ഡങ്ങ-
ളാലവിരാമകാമജ്വരബാധിതവൃന്ദത്തെയൊക്കെയും!