Saturday, March 27, 2010

ബാലന്‍സ്‌ ഷീറ്റ്‌

ഞാനൊരു ബിസിനസ്സ്‌ കണ്‍സല്‍ട്ടന്റാണ്‌
ഒരു ദിവസം,മുഖം മിനുക്കി,മുടി കോതി വെച്ച
ഒരു ചെറുപ്പക്കാരന്‍ എന്നോടു ചോദിച്ചു,
ഏറ്റവും നല്ല ബിസിനസ്സ്‌ ഏതാണെന്ന്‌...
ഞാന്‍ എക്സല്‍ ഷീറ്റില്‍ കണക്കുകൂട്ടാനാരംഭിച്ചു..
ഇടയ്ക്കുവെച്ചെന്നെ തടഞ്ഞിട്ടയാള്‍ പറഞ്ഞു..
അത്‌ മാംസവില്‍പനയാണെന്ന്‌!
വെറും മാംസമല്ല..മനുഷ്യമാംസം!
അതില്‍ത്തന്നെ വെളുത്ത്‌,മിനുസമുള്ള തൊലികൊണ്ട്‌
പൊതിഞ്ഞവയ്ക്ക്‌ ലാഭം കൂടുതലാണ്‌

പത്രക്കാരും ചാനലുകാരും ഇതിനെ വാണിഭം
എന്ന കോര്‍പ്പറേറ്റ്‌ പേരിട്ടു വിളിച്ചു..
തല ഷാളുകൊണ്ടു മറച്ച ഒരു പട്ടിണി കിടക്കുന്ന
പെണ്‍കുട്ടിയെ ബിസിനസ്സ്‌ ലോഗോയുമാക്കി!

അയാളുടെ ബിസിനസ്സ്‌ മൊത്തക്കച്ചവടമായി
മുന്നോട്ടു കടലും കടന്നു പോയി..
ചെലവ്‌ ഒരിത്തിരി ചെഞ്ചായത്തിലും
മനമയക്കുമത്തറിലുമൊതുങ്ങിയപ്പോള്‍,വരവ്‌
അതേ ചുവപ്പുള്ള ഗാന്ധിത്തലയുള്ള നോട്ടുകളായി!
ഇരുട്ടിലും വെളിച്ചത്തിലും, ഒരേ നിസ്സംഗതയോടെ..
രാഷ്ട്രപിതാവിന്റെ ചിത്രം നിസ്സഹായനായി നിന്നു..

അവസാനമയാള്‍ ലാഭമളക്കാന്‍,
കണക്കുപുസ്തകത്തിന്റെ താളുകള്‍ മറിച്ചു
കൂട്ടിക്കിഴിച്ചു നോക്കിയപ്പോള്‍,
ബാലന്‍സ്‌ ഷീറ്റ്‌ ശൂന്യമായിരുന്നു!

* * * * * * * * * *
മുന്നിലെ എക്സല്‍ ഷീറ്റിലെ ബ്രെയ്ക്‌ ഈവണ്‍ ചാര്‍ട്ടുകള്‍ ചിരിച്ചു കാട്ടി
ഞാന്‍ പറഞ്ഞു..
ഏറ്റവും നല്ല ബിസിനസ്സ്‌ ആത്മഹത്യയാണ്‌
ചെലവ്‌ ശൂന്യമാണ്‌,കിട്ടാനുള്ളത്‌ പുതിയൊരു ലോകവും

1 comment:

Dileep said...

hmm.. kootanum kizhikkanum pande marannu pooyi.. adu kondu balance sheetinu sthalamillathaayi... :)

i liked it :)