ജീവിതത്തില്‍ മറക്കാനാവാത്ത ഒരനുഭവമായി ഇന്നും ആ ദിവസം എന്റെ ഓര്‍മ്മയിലുണ്ട്. 7 - 8 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. അന്ന് ഞാന്‍ എഞ്ചിനീയറിംഗിന് പഠിക്കുന്ന കാലം . എല്ലാ വര്‍ഷത്തേയും പോലെ വിഷു വന്നെത്തി. വിഷുവിന് ഒരാഴ്‌ച മുന്‍പേ തന്നെ ജംഗ്ഷനിലെ കൊച്ചു പീടികകളിലെല്ലാം പല തരത്തിലുള്ള പടക്കങ്ങള്‍ നിരന്നു കഴിഞ്ഞിരുന്നു.കൂട്ടുകാരൊക്കെ മാര്‍ക്കറ്റില്‍ വന്ന പുതിയ തരം വെടിക്കോപ്പുകളെപറ്റി സംസാരിക്കുമ്പോള്‍ ഞാന്‍ പതിയെ പിന്‍വലിയും. എന്റെ ചെവികള്‍ക്കെന്തോ പ്രശ്നമുണ്ടെന്ന് എനിക്കന്നേ തോന്നിയിട്ടുണ്ട്. പടക്കം പൊട്ടുന്നത് കേട്ടാല്‍ അവയാകെ വിറച്ചു തുടങ്ങും, ഹൃദയമിടിപ്പും കൂടും. പക്ഷേ എന്റെ "പൌരുഷ"ത്തിന് നാണക്കേടാവണ്ടല്ലോ എന്നു കരുതി ഞാന്‍ ഇതൊന്നും പുറത്താരോടും പറയാറില്ല എന്നു മാത്രം.സാധാരണ ഉണ്ടാകാറുള്ളതു പോലെ, അത്തവണയും അച്‌ഛന്‍ കുറേ ഓലപ്പടക്കവും മാലപ്പടക്കവുമൊക്കെയായി വലിയൊരു പൊതി തന്നെ മേടിച്ചു വെച്ചിട്ടുണ്ട്. അതിലേക്ക് നോക്കുമ്പോള്‍ തന്നെ കണ്ണില്‍ പൊന്നീച്ച പറന്നു തുടങ്ങും. ഞാന്‍ സാധാരണ ലാത്തിരി , പൂത്തിരി , കമ്പിത്തിരി തുടങ്ങിയ സൌമ്യന്മാരുമായാണ് കൂട്ട്. ഒരു "പടക്ക ഫാന്‍" ആയ അച്‌ഛന്‍ ഒറ്റക്കിരുന്ന് പൊട്ടിക്കേണ്ട ഗതികേടാണ്. എനിക്കാണെങ്കില്‍ കൂട്ടിന് അല്‍പം "പടക്കഭീതി"യൊക്കെയുള്ള അമ്മയുമുണ്ട്.അച്‌ഛന്‍ പടക്കം പൊട്ടിക്കുമ്പോള്‍ ഞാന്‍ അല്‍പം മാറി നിന്ന് അത് വീക്ഷിക്കും . ചെവികള്‍ കൈവെച്ച് പൊത്തുന്നത് ആരെങ്കിലും കണ്ടാല്‍ ( പ്രത്യേകിച്ച് വല്ല പെണ്‍പിള്ളേരും) മാനക്കേടായതുകൊണ്ട് തലയില്‍ കെട്ടുന്ന തോര്‍ത്തുമുണ്ട് ചെവികള്‍ വഴി ഇറക്കി വരിഞ്ഞു കെട്ടി ഞെളിഞ്ഞു നില്‍ക്കാറാണ് പതിവ്.ഇത്തരം നമ്പറുകള്‍ ഇറക്കാം എന്ന് കരുതിയിരിക്കുമ്പോഴാണ് വില്ലന്മാരായി എന്റെ സുഹൃത്തുക്കള്‍ സന്ദീപും രാജേഷും പ്രത്യക്ഷപ്പെടുന്നത് . എന്റെ ഈ " പടക്കഭയ"ത്തെ കുറിച്ച് അറിയാത്ത അവന്മാര്‍ ഒരു പുതിയ പരിപാടിയുമായിട്ടാണ് രംഗപ്രവേശം ചെയ്‌തിരിക്കുന്നത് . ചുറ്റുപാടുമുള്ള വീട്ടുകാരെയൊക്കെ അടുത്തുള്ള ഒരു കൊച്ചു മൈതാനത്ത് വിളിച്ചു കൂട്ടി , അവിടെ വെച്ച് ആഘോഷപരിപാടികള്‍. പ്രധാന ഇനം. - പടക്കം പൊട്ടിക്കല്‍.കുറച്ച് ഗുണ്ടും സംഘടിപ്പിച്ചിട്ടുണ്ടെത്രെ. ഇത് കേട്ടതോടെ എന്റെ പാതിജീവന്‍ പോയി. എന്നാലും അത് പുറത്തുകാണിക്കാതെ ഞാന്‍ ശബ്‌ദമലിനീകരണത്തിന്റെ ദൂഷ്യവശങ്ങളെകുറിച്ച് അവരെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചു. ആവേശക്കൊടുമുടിയില്‍ നില്‍ക്കുന്ന അവന്മാരുണ്ടോ ഇത് വല്ലതും കേള്‍ക്കുന്നു.ഏപ്രില്‍ 13 , സമയം 6:30 പി എം , ഗ്രൌണ്ടില്‍ എല്ലാവരും എത്തിത്തുടങ്ങി. പുസ്‌തകങ്ങള്‍ കാണുമ്പോള്‍ സ്ഥിരം ഉറക്കം വരുമായിരുന്ന ഞാന്‍ , മെക്കാനിക്കല്‍ എഞ്ചിനീയറിംഗിന്റെ എടുത്താല്‍ പൊങ്ങാത്ത ഒരു ടെക്സ്റ്റ്ബുക്കുമെടുത്ത് മടിയില്‍ വെച്ച് അമ്മയോട് പറഞ്ഞു. " അമ്മാ, ഞാന്‍ വരുന്നില്ല , ഇന്ന് ഈ ചാപ്റ്റര്‍ പഠിച്ച് തീര്‍ത്തിട്ട് തന്നെ കാര്യം. "എന്നെ അത്ഭുതപരതന്ത്രനാക്കികൊണ്ട് അമ്മ എന്നോട് പറഞ്ഞു. " ഇത് കഴിഞ്ഞിട്ട് മതി നിന്റെ പഠിത്തം. " കാലങ്ങളായി ഞാന്‍ കേള്‍ക്കാന്‍ കൊതിച്ച വാക്കുകള്‍ . ഈ അസമയത്ത് ......അവസാനം രണ്ടും കല്‍പിച്ച് ഞാന്‍ മൈതാനത്തിലേയ്ക്ക് നടന്നു . എല്ലാവരും ആഘോഷത്തിമിര്‍പ്പിലാണ്. അപ്പുറത്തെ വീട്ടിലെ രശ്‌മിയും രേഖയും നാലഞ്ച് മാലപ്പടക്കവും കൈയില്‍ പിടിച്ച് നില്‍ക്കുന്ന കണ്ടപ്പോള്‍ എനിക്ക് ലജ്ജ തോന്നി. എന്നോട് തന്നെ .....സന്ദീപും രാജേഷും ആ നാട്ടിലുള്ള മൊത്തം പടക്കവും ശേഖരിക്കുന്ന തിരക്കിലാണ്.ഇവന്മാര്‍ ഒരിക്കലും നന്നാവരുതേ എന്നു വരെ ഞാന്‍ പ്രാര്‍ത്ഥിച്ചു.
ഞാന്‍ ഭയന്നതുപോലെ തന്നെ സംഭവിച്ചു. പടക്കം പൊട്ടിക്കേണ്ട സമയമായപ്പോള്‍ അവന്മാര്‍ എന്നെ വിളിച്ചു. " ഇത്തവണ രഞ്ജുച്ചേട്ടന്‍ കൊളുത്തിയാല്‍ മതി " ... ഹോ ..!!!! ഞാന്‍ ചുറ്റും നോക്കി . എന്നെ തന്നെ നോക്കി നില്‍ക്കുന്ന ഒരു പാട് കണ്ണുകള്‍ .... രശ്‌മി , രേഖ, വിനിത, സ്‌മിത .....പിന്നെ ഒന്നും ആലോചിച്ചില്ല. നേരെ പടക്കമാലക്ക് തീ കൊളുത്തി. ......................കുറെ കാലമായി പുറത്തെടുക്കാതിരുന്ന ധൈര്യം ഒന്നിച്ചു വന്ന സമയമായതുകൊണ്ട് , തിരി കൊളുത്തിയതിന് ശേഷം ഓടാന്‍ പോലും മറന്നു പോയി. ഓലപ്പടക്കവും മാലപ്പടക്കവും ഗുണ്ടുമെല്ലാം ഒരുമിച്ചു പൊട്ടി.പിന്നെ .......കണ്ണുതുറന്നപ്പോള്‍ തിരിയുന്ന ഫാന്‍, ചുറ്റും കുറേ ആളുകള്‍. അങ്ങനെ പിറ്റേ ദിവസത്തെ വിഷുക്കണി ആശുപത്രിക്കിടക്കയില്‍ കിടന്ന് കാണാന്‍ സൌഭാഗ്യമുണ്ടായി. അപ്പോഴും ആശുപത്രിക്ക് പുറത്ത് അവിടവിടെയായി പടക്കം പൊട്ടുന്ന ശബ്‌ദം എനിക്ക് കേള്‍ക്കാമായിരുന്നു. അതില്‍ പിന്നെ ഒരൊറ്റ വിഷുവിനും ഞാന്‍ പടക്കം പൊട്ടിക്കാന്‍ ശ്രമിച്ചാലും ആരും സമ്മതിക്കാതായി. സത്യം പറയട്ടെ , പടക്കം ഇപ്പോഴും എനിക്ക് പേടി തന്നെ !
4 comments:
Ummmmmmmm Enikku Chirikkanulla Vakayayi ennu paranjalum...
malapdakkam kanumbollokke njan thirinjodaranu pathivu..
Mahabharathathille Utharane pole.."
Ayyo Enikkente Amaye Kaananam "
Vishu vannu Vishu poyi..kalam neengunathu mansinekkalum vegathilaano..
Athe kaalam neengunnu...
Ormakal maatram baakkiyaavunnu..
എന്നെ അത്ഭുതപരതന്ത്രനാക്കികൊണ്ട് അമ്മ എന്നോട് പറഞ്ഞു. " ഇത് കഴിഞ്ഞിട്ട് മതി നിന്റെ പഠിത്തം. " കാലങ്ങളായി ഞാന്‍ കേള്‍ക്കാന്‍ കൊതിച്ച വാക്കുകള്‍ . ഈ അസമയത്ത് ......
ഇത്തരത്തിലുള്ളവ ഇനിയും പോരട്ടെ!!
ഇല്ലെങ്കില്‍ ''.....കലക്കി'' എന്നൊരു ഇനമുണ്ട്.... കാതിന്റെ അടുത്തു വച്ചു പൊട്ടിച്ചുകളയും!! ;)
ഈ കൃതി തുഷാരത്തില്‍ കണ്ടപ്പോള്‍ എനിക്കറിയാവുന്നതു പോലെ അഭിനന്ദിക്കണം എന്നു തോന്നി. പക്ഷെ നടന്നില്ല. അവിടെ എനിക്കു മെമ്പര്‍ഷിപ് ഇല്ല!!..
ഇപ്പോ ദേ മനസമാധാനമായി!! :)
ഇതു നല്ല ഒരു വിഷു ഓര്‍മ്മയായി.
ഞാന്‍ ഇതു തുഷാരം ഓണ്‍ ലൈനില്‍ വായിച്ചിരുന്നു.
Post a Comment