Monday, May 23, 2011

ഓര്‍മ

ഓര്‍മയുടെ ജനാലപ്പാളികള്‍ അടര്‍ന്നു വീണു
ചതഞ്ഞു മരിച്ച മനസ്സിന്റെ അവസാനത്തെ
മോഹമായി നിന്റെ ചില്ല് പൊട്ടിയ ചിത്രം
ചുമരില്‍ തൂങ്ങിക്കിടന്നു..

നിന്റെ ചുവന്ന നിറത്തിലുള്ള കണ്ണുനീര്‍
ഒലിച്ചിറങ്ങി നിലത്തെ വിണ്ടു പൊട്ടിയ
വിടവുകളില്‍ വടുക്കളായ് മലര്‍ന്നു കിടന്നു

നിന്റെ നിശ്വാസങ്ങള്‍ പൊടിക്കൂമ്പാരങ്ങളെ
വകഞ്ഞു മാറ്റി മാറാലകളെ ഇഴ പൊട്ടിച്ച്
നിലവറയില്‍ നിറഞ്ഞു നിന്നു..

നിന്റെ നോട്ടം ഒരു തീക്ഷ്ണ രശ്മിയേക്കാള്‍ ഘനം പൂണ്ട്
വാതില്‍പ്പാളികല്‍ക്കിടയിലൂടെ എന്റെ
ദേഹത്തെ കുത്തി നോവിച്ചു

നിന്റെ കാലടിയൊച്ചകള്‍
മച്ചിന്റെ മുകളിലെ മരപ്പട്ടിയുടെ രൂപമെടുത്ത്
എന്റെ പ്രണയ നൊമ്പരങ്ങളെ തല്ലിയോടിച്ചു

പിന്നെ നിന്റെ സ്വപ്‌നങ്ങള്‍ അറയ്ക്കകത്തെ
വാളും ചിലമ്പുമണിന്ജ് എന്റെ മരിച്ച മനസ്സിനെ
വീണ്ടും വരഞ്ഞു കൊന്നു ...

Wednesday, May 11, 2011

കൃഷ്ണതുളസി

നിന്റെ പ്രണയത്തിന്റെ തീച്ചൂളക്കരികില്‍
നിന്ന ഒരു കൊച്ചു കൃഷ്ണതുളസി ..!
ഉഷ്ണമേറ്റു പിടഞ്ഞപ്പോഴും
ചിരിയോടെ നിന്ന്
നിന്റെ മുടിത്തുമ്പില്‍
മായാത്ത സുഗന്ധമായ്‌
ഹൃദയത്തില്‍ വറ്റാത്ത സ്നേഹമായ്
കനവില്‍ കനകവര്‍ണമായ്
നിറഞ്ഞു..
പിന്നെ നിന്റെ വരണമാല്യത്തിന്റെ ചന്തമായ്
ഏതോ അറിയാത്ത വഴിവക്കില്‍ അനാഥനായി ..

Friday, January 7, 2011

ആള്‍കൂട്ടം

ഉറങ്ങിയെണീറ്റു നോക്കിയപ്പോള്‍ഏതോ ഒരു സ്റ്റേഷനാണ്‌..
പുളിക്കുന്ന കണ്ണുകള്‍ കൊണ്ട്‌
ആദ്യം കണ്ടത്‌ ഒരാള്‍കൂട്ടമാണ്‌
അടുത്ത പാളത്തിന്നരികിലായി..
കറുത്തു മെലിഞ്ഞ
കുറേ കാലുകള്‍ക്കിടയിലൂടെ
ഞാനും കണ്ടു..
ഒരു സ്വപ്നം അടര്‍ന്നു വീണു കിടക്കുന്നത്‌... !
സ്വപ്നത്തിന്റെ നിറം ചുവപ്പാണെന്ന്‌
ആദ്യമായി തിരിച്ചറിഞ്ഞതും അന്നു തന്നെയാണ്‌.

Friday, December 24, 2010

A painting in my room-just finished...

വെണ്‍ശംഖുകള്‍ ഉണ്ടാകുന്നത്


ഹൃദയം ഒരുനാള്‍ മെഴുകായുരുകി
നിന്‍ പ്രണയത്തിന്‍ ചൂടില്‍ പുഴയായൊഴുകി
പുഴയിലെയോളങ്ങള്‍ പോലെ വികാരങ്ങള്‍
അല തല്ലിയോഴുകാന്‍ തുടങ്ങി ...

ഇരുകരയിലുമായ് നിന്‍ മുല്ലവള്ളികള്‍
പൂത്തു തളിര്‍ക്കാന്‍ തുടങ്ങി ..
പിന്നൊരു പൂമാല പണിയാനൊരുങ്ങി.
ഇരു ഹൃദയങ്ങളുമൊന്നായ് മാറി ...
ഇഴചേര്‍ന്നോഴുകാന്‍ തുടങ്ങി.

വേനല്‍ വന്നിട്ടും വസന്തം പിറന്നിട്ടും
വറ്റാതെ വരളാതെയൊഴുകി..
പുഴ പിന്നൊരുനാളാഴിയിലെത്തി..
ആഴി തന്‍ കുളിരില്‍ ഹൃദയങ്ങളായി ..!
വീണ്ടും വെണ്‍ശംഖുകളായി ജനിച്ചു..

പിന്നെ പ്രണയപ്രതീകമായ് നിന്നു .
...

Thursday, December 2, 2010

നിന്റെ മനസ്സിലേക്ക് പടരാതിരിക്കാന്‍ .

ഞാനെരിയുന്ന ചിതക്കരികില്‍ നീ വന്നു നിക്കുമ്പോള്‍ ...
അഗ്നിയോടു പറയണം എന്നെ വേദനിപ്പിക്കാതിരിക്കാന്‍ .
എന്റെ ഓരോ കണങ്ങളില്‍ നിന്നുമുയരുന്ന
പുകപടലങ്ങലോടു പറയണം എന്നെ ശ്വാസം മുട്ടിക്കാതിരിക്കാന്‍...
നിന്നെ നോക്കി ചിരിക്കുന്ന കനലിനോടു പറയണം ...
എന്റെ ഹൃദയത്തെ ഉരുക്കിക്കളയാതിരിക്കാന്‍.
ഒരു പിടിയിലമരുന്ന വെണ്ണിരിനോടോതണം ...
എന്റെ ചിന്തകളെ മറയ്ക്കാതിരിക്കാന്‍...
പിന്നെ അസ്ഥികള്‍ പെറുക്കുമ്പോള്‍...
അവയ്ക്കിടയില്‍ കൊച്ചു കുറിഞ്ഞിപ്പൂക്കള്‍ കണ്ടാല്‍
അവയോടു പറയണം നിന്റെ മനസ്സിലേക്ക് പടരാതിരിക്കാന്‍ ...

Tuesday, November 30, 2010

കിടക്കവിരിയില്‍ വീണ ചുളിവുകള്‍

ഇന്നലെ രാത്രിയില്‍
നിന്റെ സ്വപ്നത്തില്‍ കടന്നു പോയ ...
ആയിരം പൂമ്പാറ്റകളില്‍ ഒന്ന്‍ ഞാനായിരുന്നു ..
പിന്നെ നീ കൈകള്‍ മുറുക്കിപ്പിടിച്ച്പ്പോള്‍
അറിയാതെ ചുംബനങ്ങള്‍ തന്നപ്പോള്‍ ..
തിരിഞ്ഞും മറിഞ്ഞും കിടന്നപ്പോള്‍ ...
കിടക്ക വിരിയില്‍ വീണ ചുളിവുകള്‍ക്ക്..
ഇന്നലെ രാത്രിയിലെ എന്റെ കിടക്ക വിരിയിലെ
ചുളിവുകളുടെ അതേ രൂപമായിരുന്നു...!

Tuesday, November 23, 2010

ഇനി സുനാമികള്‍ വരാതിരിക്കട്ടെ !

പ്രണയം സുനാമികള്‍ പോലെ ....
വരുന്നത് ഓര്‍ക്കാപ്പുറത്ത് ആയിരിക്കും .
അതിഘോരമായി ...അലയടിച്ച്
പിന്നെ ജീവനും കാര്‍ന്നു തിന്ന്‍ മടങ്ങും ..!
മോഹങ്ങളെ മുക്കിക്കൊന്ന്‍ ,
ഇഷ്ടങ്ങളെ ശ്വാസംമുട്ടിച്ച് ,
സുനാമി തിരിച്ചു പോകും ...

ഇനി സുനാമികള്‍ വരാതിരിക്കട്ടെ !

Friday, November 12, 2010

നവയുഗ ദമ്പതികള്‍

സെമിനാറുകള്‍ക്കും പ്രസന്റെഷനുകള്‍ക്കും മദ്ധ്യേ
ഞങ്ങള്‍ കണ്ടുമുട്ടി ....
വിമാനത്തിന്റെ ഗോവണിപ്പടികളില്‍ ...
വട്ടമേശയുടെ എതിര്‍ഭാഗങ്ങളില്‍ ...
പിസ്സാ കോര്‍ണറിലെ ചുവപ്പ് പിടിച്ച കസേരകളില്‍ ...
ഹൈവെയിലെ തിരക്കുപിടിച്ച ആള്‍ക്കൂട്ടത്തിനു നടുവില്‍ ....
കോണ്‍കോളുകളുടെ ഘനം പിടിപ്പിക്കുന്ന ചൂടില്‍ ....
പിന്നെ ചിലപ്പോള്‍ കോക്ക്ടയ്ല്‍ പാര്‍ടികളുടെ
ഭ്രമാത്മകമായ ആഘോഷവേളകളില്‍...

പിന്നെ എന്നും ഒരു കട്ടിലിന്റെ രണ്ട്ട് ധ്രൂവങ്ങളിലായി..!

കാരണം ......
നിന്റെ മടിതട്ടുകള്‍ക്ക് ലാപ് ടോപിന്റെ ചൂടും
നിന്റെ ചെവികള്‍ക്ക് ബ്ലൂടൂത്തിന്റെ ഗന്ധവുമായിരുന്നു
നിന്റെ നോട്ടങ്ങള്‍ക്ക് ഒരു ഹിദ്ദന്‍ കാമറയുടെ ക്രൂരതയും
നിന്റെ സ്പര്‍ശങ്ങള്‍ക്ക് ഒരു ലേസര്‍ രശ്മിയുടെ തീക്ഷനതയുമായിരുന്നു
ഒരിക്കലുമടുക്കാത്ത രണ്ടു കാന്തിക മണ്ഡലങ്ങള്‍ പോലെ ..
ഞങ്ങള്‍ രണ്ടു ബാല്കനികളിലായി രണ്ടു ഭാഗത്തേക്ക് നോക്കി നിന്നു!!!

സമര്‍പ്പണം - ഒന്ന് കാണാന്‍ പോലും നേരമില്ലാത്ത നവയുഗ ദമ്പതികള്‍ക്ക്

Sunday, November 7, 2010

ചിന്തകള്‍ വഴി പിരിഞ്ഞത് ..

എന്തിനാണ് വന്നതെന്ന് മനസ്സിലായില്ല ...
പക്ഷെ ...അവള്‍ക്ക് എന്റെ കവിത വേണമായിരുന്നു ..
കവിതക്കുള്ളിലെ അര്‍ഥം വെച്ചുള്ള നോട്ടം വേണമായിരുന്നു ...
ആരെയും ചൂഴ്ന്നെടുക്കുന്ന കടുപ്പം വേണമായിരുന്നു ..
പ്രണയത്തിന്റെ ചുടുനിശ്വാസം വേണമായിരുന്നു ...

ഇതെല്ലാം കൊടുക്കാന്‍ ഞാന്‍ തയ്യാറുമായിരുന്നു..
എന്റെ സ്നേഹവും എന്റെ കവിതകളും ഒരൊഴിഞ്ഞ
സമ്മാനമാണ്‌ എന്നറിഞ്ഞു കൊണ്ടു തന്നെ...

പക്ഷെ എന്റെ വഴികള്‍ കാട്ടുവഴികളും..
അവളുടേത് നാട്ടുവഴികളുമായിരുന്നു..
എന്റെ പ്രണയം അന്ധവും...
അവളുടേത് അനന്തവുമായിരുന്നു !
അര്‍ഥം ഒന്നായിരുന്നെങ്കിലും ...
വാക്കുകള്‍ക്ക് ദിശ വേറെയായിരുന്നു !!
അവിടെ വെച്ചായിരിക്കാം ഞങ്ങളുടെ ചിന്തകള്‍ വഴി പിരിഞ്ഞത് ...
ഒടുവില്‍ ആര്‍ക്കോ വേണ്ടി ജീവിച്ചു മരിച്ചത് ....

Friday, October 22, 2010

ഞങ്ങളോടിത് വേണ്ടായിരുന്നു..

അയ്യപ്പേട്ടാ...
ഞങ്ങളോടിത് വേണ്ടായിരുന്നു..
ഇതിനു വേണ്ടിയായിരുന്നെങ്കില്‍ ഇങ്ങോട്ട് വന്നതെന്തിന്?
കവിതയെന്ന കാരിരുമ്പ് കയ്യില്‍ തന്നതെന്തിന്?
സ്നേഹത്ത്തിന്റെയര്‍ത്ഥം ഓതി തന്നതെന്തിന് ?
ഒരു കൊച്ചു തോള്‍സഞ്ചി വീടാക്കി ...
ഇടനെഞ്ചിലൊരു ശ്രുതി മീട്ടി ...
മഴയ്ക്ക് പനിക്കും വരെയത് നനഞ്ഞ്..
നിന്‍ ഹൃദയം പങ്കു വെച്ചതെന്തിന് ???

ആകാശ മുകളിലെ മാലാഖമാരെ ...
സൂക്ഷിച്ചോളിന്‍...ഒരു നട്ടെല്ലുള്ള മനുഷ്യന്‍ വരുന്നുണ്ട് ..!

സമര്‍പ്പണം: ശ്രീ. എ. അയ്യപ്പന്

സ്നേഹത്തിന്റെ കൊടി

സ്നേഹത്തിന്റെയും സമത്വത്തിന്റെയും മുദ്രാവാക്യങ്ങള്‍
മുഴക്കിയ ഒരു ചുവന്ന കൊടി ഇന്നലെ വഴിയില്‍ വീണു കിടപ്പുണ്ടായിരുന്നു ..
എല്ലാവരാലും ചവുട്ടി മെതിക്കപ്പേട്ട് ..
ആരാലും ശ്രദ്ധിക്കപ്പെടാതെ ..
ചെളി പിടിച്ച് ,ജ്വരം കനത്ത്
കീറി ,കരി പുരണ്ട്
കൊരവള്ളി പൊട്ടി, ശ്വാസമറ്റ്
പിന്നെ പൊതുകക്കൂസിന്റെ വാടയടിക്കുന്ന വരാന്തയില്‍
ബസ്സ് സ്ടാന്റിനു പിന്നിലെ അനംഗ്രീഗൃത മൂത്രപ്പുരയില്‍
അവസാനം തുരുമ്പെടുത്തു നശിച്ച ചവറ്റുകൂനക്ക് പിറകില്‍

മനസ്സ് മന്ത്രിക്കുന്നുണ്ടാവും ...ആരും കാണരുതേ എന്ന്‍..
ഈഗോ കൊണ്ടല്ല! കണ്ടാല്‍ വീണ്ടും വലിച്ചു കീറിയാലോ!!!