ഇതു വരെ പറയാത്ത , പറയാൻ മറന്നു പോയ വാക്കുകൾ
മഴയുള്ള ഒരു രാത്രിയിൽ കുടയില്ലാതെ, നിന്റെ തോളിൽ കയ്യിട്ട് നിന്നോട് ചേര്‍ന്ന് നടക്കാൻ, ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു നാട്ടിലേയ്ക്ക് ഒരു പഴയ ചുവന്ന ബസ്സിൽ ഒരുമിച്ചൊരു യാത്രപോകാൻ, ആ യാത്രയില്‍ നനുത്ത കാറ്റിൽ ഒരുമിച്ചൊരു സംഗീതമാകാൻ, തോളിൽ തല ചാരിയുറങ്ങാൻ ....
മലമുകളിലെ ക്ഷേത്രത്തില്‍ നിന്റെ കൈകോര്‍ത്ത് നിന്ന് നിനക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാൻ, നീ കണ്ണടച്ചു പ്രാർഥിക്കുമ്പോൾ നീയറിയാതെ നിന്നെ നോക്കിനില്‍ക്കാൻ, വീര്യമുള്ള വീഞ്ഞു നുകര്‍ന്ന് ഉന്‍മത്തരാവാൻ, നിന്നോടൊപ്പം ഒരു നൃത്തത്തിന്റെ ചുവടുവയ്ക്കാൻ, ഒരുമിച്ചൊരു പാട്ട് പാടാൻ,ചുറ്റും ചിരാതുകൾ കത്തിച്ചുവച്ച് മുകളിലേയ്ക്ക് നോക്കി , നിന്നെ എനിക്ക് നല്‍കിയ ഈശ്വരനോട് നന്ദി പറയാൻ,
വെറുതെ ഒരു കടല്‍തീരത്ത് നിന്നോടൊത്ത് മൌനങ്ങൾ പങ്കിട്ട് തിരകൾ എണ്ണിയിരിക്കാൻ , നാം മാത്രമാകുന്ന ഒരു തോണിയില്‍ എങ്ങോട്ടെന്നില്ലാതെ ഒഴുകിപ്പോകാൻ, ഒരു പ്രഭാതത്തിൽ തണുപ്പുള്ള ഒരു കുന്നിന മുകളിൽ നിന്ന് നിന്നെയും ചേർത്തു നിർത്തി നീ എന്റേതു മാത്രമാണെന്ന് ഉറക്കെ വിളിച്ചു പറയാൻ , അതിന്റെ പ്രതിധ്വനികൾ കേട്ട് മറുവാക്ക് ചൊല്ലാൻ ...
നീ ഉറങ്ങുമ്പോൾ നിന്റെ കണ്‍ പീലികളിൽ നീയറിയാതെ നിനക്കൊരുമ്മ നല്‍കാൻ, നിന്നെ പുണര്‍ന്നുകൊണ്ട് നഷ്ടപ്പെട്ട ബാല്യത്തെ, കൌമാരത്തെ വീണ്ടെടുക്കാൻ, എന്നെത്തന്നെ കണ്ടെത്തുവാൻ,ജീവിതത്തിന്റെ അവസാന നിമിഷങ്ങളിലും നിന്റെ മുഖം മാത്രം കണ്ടു കൊണ്ടിരിക്കാൻ , നിത്യതയിലേയ്ക്ക് ഒഴുകിപ്പോകുമ്പോൾ നിന്റെ മാത്രം സ്മരണകൾ ഉണ്ടാകാൻ, അതിൽ എന്നെപ്പോലും മറന്നു പോകാൻ!
ഇത് വരെ പറയാത്ത ഈ ഇഷ്ടങ്ങൾ ഇവിടെ എഴുതുമ്പോൾ, നീ എന്റെ തന്നെ എന്ന് , അല്ല നീ ഞാൻ തന്നെയെന്ന് വീണ്ടുമോർക്കുന്നു ...
ചിന്തകൾക്ക് കടപ്പാട് : അയ്യപ്പൻ ആചാര്യയ്ക്ക്